ആളുകൾ സ്മാർട്ട്ഫോൺ ഉപയോഗം കുറയ്ക്കണമെന്ന് ആപ്പിൾ സിഇഒ ടിം കുക്ക് ആവശ്യപ്പെടുന്നു. യഥാർത്ഥ ജീവിതത്തിൽ നിന്നും ആളുകളെ അകറ്റുന്ന 'ഡൂംസ്‌ക്രോളിംഗ്' പോലുള്ള പ്രവണതകൾ ഒഴിവാക്കി പ്രകൃതിയുമായി ഇടപഴകാൻ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. 

ആളുകൾ സ്‍മാർട്ട്ഫോണുകളിൽ ചെലവഴിക്കുന്ന സമയം കുറയ്ക്കേണ്ടതുണ്ടെന്ന് ആപ്പിൾ സിഇഒ ടിം കുക്ക്. ഫോൺ ഒന്ന് മാറ്റിവെച്ച് പുറത്തേക്കിറങ്ങി പ്രകൃതിയോടൊപ്പം സമയം ചിലവഴിക്കൂ എന്നതാണ് അദ്ദേഹത്തിന്‍റെ ഉപദേശം. ഇന്നത്തെ കാലഘട്ടത്തിൽ സോഷ്യൽ മീഡിയ ലഹരി ലോകമെമ്പാടും ചർച്ചയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം ശ്രദ്ധേയമാകുന്നത്. ഗുഡ് മോണിംഗ് അമേരിക്ക എന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് ആളുകൾ ഐഫോൺ അധികമായി ഉപയോഗിക്കുന്നത് താൻ ആഗ്രഹിക്കുന്നില്ലെന്ന് ടിം കുക്ക് പറഞ്ഞു. പ്രത്യേകിച്ച് ‘ഡൂംസ്‌ക്രോളിംഗ്’ എന്ന പ്രവണത അഥവാ ആൽഗോരിതങ്ങൾ നിയന്ത്രിക്കുന്ന സാമൂഹിക മാധ്യമങ്ങളിൽ തുടർച്ചയായി സ്ക്രോൾ ചെയ്ത് സമയം കളയുന്നത് ആളുകളെ യഥാർത്ഥ ജീവിതത്തിൽ നിന്ന് അകറ്റുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു വ്യക്തിയുടെ കണ്ണുകളിൽ നോക്കുന്നതിനേക്കാൾ കൂടുതൽ സമയം ഫോണിൽ ചെലവഴിക്കുന്നത് ശരിയായ ജീവിതശൈലി അല്ല എന്നും ടിം കുക്ക് വ്യക്തമാക്കി. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം ചിലവഴിക്കാനും പ്രകൃതിയെ അനുഭവിക്കാനും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. നിങ്ങൾ പുറത്തേക്ക് പോയി പ്രകൃതിയിൽ സമയം ചെലവഴിക്കൂ എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന സന്ദേശം. സ്‍മാർട്ട്ഫോൺ അമിതമായി ഉപയോഗിക്കുന്നത് ശാരീരിക അസ്വസ്ഥതകൾക്കും ഏകാന്തത, ഉൽക്കണ്ഠ, വിഷാദം തുടങ്ങിയവയ്ക്ക് കാരണമാകാം എന്ന് ഫ്രോണ്ടിയേഴ്‌സ് ഇൻ സൈക്യാട്രിയിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനം വ്യക്തമാക്കുന്നു.

അതേസമയം ഇന്ത്യയുടെ ഇക്കണോമിക്ക് സർവ്വേ 2025–26 കുട്ടികളിലും കൗമാരക്കാരിലും സ്‍മാർട്ട്ഫോൺ ഉപയോഗം ഉയരുന്നത് ആശങ്കാജനകമാണെന്ന് ചൂണ്ടിക്കാണിക്കുന്നു. ശ്രദ്ധക്കുറവ്, ഉറക്കക്കുറവ്, പഠന സമ്മർദ്ദം തുടങ്ങിയ പ്രശ്‍നങ്ങൾ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് പ്രകാരം യുവാക്കളിലെ സന്തോഷനില കുറയാൻ പ്രധാന കാരണം സോഷ്യൽ മീഡിയയുടെ അമിത ഉപയോഗമാണെന്നും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, ആപ്പിൾ ഉപകരണങ്ങൾ ആളുകളെ ക്രിയേറ്റീവായ കാര്യങ്ങളിൽ സഹായിക്കുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും ടിം കുക്ക് പറഞ്ഞു. ആളുകൾക്ക് സ്വയം പ്രകടിപ്പിക്കാനും പുതുമകൾ സൃഷ്‍ടിക്കാനും സഹായിക്കുന്ന ഉൽപ്പന്നങ്ങളാണ് ഞങ്ങൾ നിർമ്മിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ സ്‍പെയിൻ, ആസ്‍ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും സമാന നടപടികൾ പരിഗണിച്ചുകൊണ്ടിരിക്കുകയാണ്.