ഗ്രൂപ്പ് ചാറ്റുകൾക്കായി വാട്‍സാപ്പ് ശക്തമായ ഒരു ഫീച്ചർ അവതരിപ്പിക്കുന്നു, വാട്‌സ്ആപ്പ് ഗ്രൂപ്പിലെ പുതിയ അംഗങ്ങളാവുന്നവര്‍ക്ക് പഴയ മെസേജുകള്‍ കാണാന്‍ കഴിയുന്ന ഫീച്ചറാണിത്. ഐഒഎസിലാണ് ഈ ഫീച്ചര്‍ ആദ്യം പ്രത്യക്ഷപ്പെടുക.
കാലിഫോര്‍ണിയ: ജനപ്രിയ ഇൻസ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്‌സ്ആപ്പ് തുടർച്ചയായി പുതിയ സവിശേഷതകൾ പുറത്തിറക്കിക്കൊണ്ടിരിക്കുന്നു. ഐഫോൺ ഉപയോക്താക്കൾക്കായി 'ഗ്രൂപ്പ് ചാറ്റ് ഹിസ്റ്ററി ഷെയറിംഗ്' എന്ന പുതിയ സവിശേഷത കമ്പനി അവതരിപ്പിക്കാനൊരുങ്ങുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഈ സവിശേഷത ടെസ്റ്റ്ഫ്ലൈറ്റ് വഴി ഐഒഎസ്-ലെ ബീറ്റ ടെസ്റ്റർമാർക്ക് ലഭ്യമാകാൻ തുടങ്ങി. ഈ ഫീച്ചർ പുതിയ ഗ്രൂപ്പ് ഉപയോക്താക്കൾക്ക് തങ്ങൾ ഗ്രൂപ്പിൽ അംഗമാകുന്നതും മുമ്പുള്ള 14 ദിവസത്തെ ചാറ്റ് ഹിസ്റ്ററി ലഭിക്കാൻ അനുവദിക്കും എന്നാണ് വാബീറ്റ ഇന്‍ഫോയുടെ വാര്‍ത്തയില്‍ പറയുന്നത്. ഈ പുതിയ വാട്‌സ്ആപ്പ് ഫീച്ചറിനെക്കുറിച്ച് കൂടുതൽ അറിയാം.
എന്താണ് വാട്‌സ്ആപ്പിലെ ഈ പുതിയ ഫീച്ചർ?
വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരുന്നതിന് മുമ്പ് നടന്ന സമീപകാല സംഭാഷണങ്ങൾ പുതിയ ഗ്രൂപ്പ് അംഗങ്ങൾക്ക് മനസ്സിലാക്കാൻ സഹായിക്കുന്നതിനാണ് പുതിയ ഓപ്ഷൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഇതുവരെ, ഒരു ഗ്രൂപ്പിൽ ചേരുന്ന ഉപയോക്താക്കൾക്ക് മുമ്പത്തെ സന്ദേശങ്ങൾ കാണാൻ കഴിഞ്ഞിരുന്നില്ല. ഇതുവരെ എന്താണ് ഗ്രൂപ്പിൽ എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാൻ മറ്റ് ഗ്രൂപ്പ് അംഗങ്ങളോട് ആവശ്യപ്പെടേണ്ടിയും വന്നിരുന്നു. എന്നാൽ പുത്തന്‍ ഫീച്ചര്‍ വരുന്നതോടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ പുതിയ അംഗങ്ങൾക്ക് 14 ദിവസം വരെ പഴക്കമുള്ള 100 അവസാന സന്ദേശങ്ങൾ വരെ ആക്‌സസ് ചെയ്യാൻ കഴിയും. ഇത് പുതിയ അംഗങ്ങൾക്ക് ഗ്രൂപ്പിന്‍റെ ഉദ്ദേശ്യം മനസിലാക്കുന്നതും ഗ്രൂപ്പിലെ മറ്റംഗങ്ങളുമായി ഇടപെടുന്നതും എളുപ്പമാക്കും.
ഈ ഫീച്ചർ പ്രവർത്തിക്കുന്നത് ഇങ്ങനെ
ലളിതമായി പറഞ്ഞാൽ, ഒരു ഗ്രൂപ്പിലേക്ക് പുതിയ അംഗത്തെ ചേർക്കുമ്പോൾ 'ആഡ് മെംബർ' ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് നിങ്ങളുടെ കോൺടാക്റ്റുകളിൽ നിന്ന് പുതിയ അംഗത്തെ സെലക്‌ട് ചെയ്യുക. ഇതോടെ സ്ക്രീനിന്‍റെ താഴെ ഭാഗത്തായി 'റീസന്‍റ് മെസേജ് ഷെയർ' എന്ന ഓപ്ഷൻ കാണാനാകും. എന്നാല്‍ ഈ ഫീച്ചര്‍ ഉപയോഗിക്കുമ്പോള്‍ പരമാവധി 100 സന്ദേശങ്ങളേ പുതിയ അംഗത്തിനെ കാണിക്കാനാകൂ. അതില്‍ കുറവ് മെസേജുകള്‍ മാത്രം വാട്‌സ്ആപ്പ് ഗ്രൂപ്പിലെ പുതിയ അംഗം കണ്ടാല്‍ മതിയെങ്കില്‍ അത് സെറ്റ് ചെയ്യാനും കഴിയും.
സുതാര്യതയും സുരക്ഷയും
ഗ്രൂപ്പിലെ അവസാന 100 മെസേജുകൾ ഒരു പുതിയ അംഗവുമായി പങ്കിട്ടതായി എല്ലാ അംഗങ്ങളെയും വാട്‌സ്ആപ്പ് നോട്ടിഫിക്കേഷനിലൂടെ അറിയിക്കും. ആരാണ് സന്ദേശം പങ്കിട്ടതെന്ന് സൂചിപ്പിക്കുന്ന ഒരു ഓട്ടോമാറ്റിക്ക് സന്ദേശം ചാറ്റിൽ ദൃശ്യമാകും. എല്ലാ സന്ദേശങ്ങളും എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സജ്ജമാക്കിയാവും അയക്കുക.
സ്ഥിരം പതിപ്പ് ഉടൻ വന്നേക്കാം
വാട്‌സ്ആപ്പ് അധികൃതര്‍ നിലവിൽ ഐഒഎസ് ബീറ്റ വേര്‍ഷനിലാണ് ഗ്രൂപ്പ് ചാറ്റ് ഹിസ്റ്ററി ഷെയറിംഗ് ഫീച്ചർ വാഗ്‌ദാനം ചെയ്യുന്നത്. എന്നാല്‍ ഈ ഫീച്ചര്‍ ആൻഡ്രോയ്‌ഡ് ഉപയോക്താക്കൾക്ക് ബീറ്റയില്‍ പോലും ലഭ്യമല്ല. ബീറ്റ പരിശോധനയ്ക്ക് ശേഷം, കമ്പനി അതിന്‍റെ സ്ഥിരതയുള്ള പതിപ്പ് ഐഫോണ്‍ ഉപയോക്താക്കൾക്കായി പുറത്തിറക്കും എന്നാണ് റിപ്പോർട്ടുകൾ.



