എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു മുറി ബുക്ക് ചെയ്യാൻ നികുതി ഉൾപ്പെടെ വെറും 159.02 രൂപ മാത്രമാണ് നൽകേണ്ടി വന്നത്.
ദില്ലി: സോഷ്യൽ മീഡിയയിൽ തരംഗമായി ഇന്ത്യൻ യാത്രികന്റെ പോസ്റ്റ്. വിയറ്റ്നാമിലെ തന്റെ ബജറ്റ് ഹോട്ടൽ ബുക്കിംഗിന്റെ വിവരങ്ങൾ പങ്കുവെച്ചതിന് പിന്നാലെയാണ് സംഭവം വൈറലായത്. എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു മുറി ബുക്ക് ചെയ്യാൻ നികുതി ഉൾപ്പെടെ വെറും 159.02 രൂപ (ഇന്ത്യൻ രൂപ) മാത്രമാണ് നൽകേണ്ടി വന്നതെന്ന് ഹർഷ് വർധൻ എന്നയാൾ സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു. ഇതിന്റെ സ്ക്രീൻഷോട്ടുകളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ലീഫ് ഹോട്ടൽ ഫു ക്വോക്കിലാണ് ഹർഷ് വർധൻ റൂം ബുക്ക് ചെയ്തത്. ഒരു രാത്രിയ്ക്ക് യഥാർത്ഥത്തിൽ 578.24 രൂപയായിരുന്നു നൽകേണ്ടിയിരുന്നത്. എന്നാൽ, 75% ഡിസ്കൗണ്ട് ലഭിച്ചതോടെ ചെലവ് 159 രൂപയായി കുറയുകയായിരുന്നു. സുപ്പീരിയർ ഡബിൾ അല്ലെങ്കിൽ ട്വിൻ റൂമായിരുന്നു ബുക്ക് ചെയ്തത്. സൗജന്യ വൈ-ഫൈ, പാർക്കിംഗ്, 24 മണിക്കൂർ ചെക്ക്-ഇൻ, ലഗേജ് സ്റ്റോറേജ്, ഒരു ക്വീൻ ബെഡ് അല്ലെങ്കിൽ രണ്ട് സിംഗിൾ ബെഡ്ഡുകൾ പോലെയുള്ള സൗകര്യങ്ങളാണ് ഹോട്ടൽ വാഗ്ദാനം ചെയ്യുന്നത്. 18 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള മുറിയിൽ രണ്ട് പേർക്ക് താമസിക്കുകയും ചെയ്യാം.
വിലനിർണയവുമായി ബന്ധപ്പെട്ട വിശദീകരണം നോക്കുമ്പോഴാണ് യഥാർത്ഥത്തിൽ അത്ഭുതം തോന്നുക. ഒരു രാത്രിയ്ക്ക് യഥാർത്ഥത്തിൽ 578.24 രൂപയായിരുന്നു നൽകേണ്ടിയിരുന്നത്. എന്നാൽ, 75% ഡിസ്കൗണ്ടിന് ശേഷം ചെലവ് 144.56 രൂപയായി കുറഞ്ഞു. നികുതികളും ഫീസുകളുമെല്ലാം കൂടി വെറും 14.46 രൂപ മാത്രമാണ് ഈടാക്കിയത്. ഇതോടെ അന്തിമ വില 159.02 ആയി മാറി. പ്രാദേശിക കറൻസിയായ 48,000 വിയറ്റ്നാമീസ് ഡോങിൽ പേയ്‌മെന്റ് നടത്തുമെന്നും ബാധകമായ എല്ലാ മൂല്യവർദ്ധിത നികുതികളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പ്ലാറ്റ്‌ഫോം അറിയിച്ചു.
ഹർഷ് വർധൻ പങ്കുവെച്ച പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടി. ഉപയോക്താക്കൾ മുറിയുടെ അന്തിമ വില കണ്ട് അത്ഭുതത്തോടെയാണ് പ്രതികരിച്ചത്. പലരും അദ്ദേഹത്തിന്റെ ഭാഗ്യത്തെയാണ് ചൂണ്ടിക്കാട്ടിയത്. മറ്റുചിലരാകട്ടെ റവന്യൂ മാനേജ്‌മെന്റിലെ പിഴവോ മറ്റ് ഹോട്ടലുകളുമായുള്ള മത്സരമോ ആകാം ഇതിന് കാരണമെന്ന് അഭിപ്രായപ്പെട്ടു. രണ്ട് ചായ കുടിക്കാനുള്ള ചെലവിൽ ഒരു മുറി ലഭിച്ചോ എന്ന് ചിലർ അത്ഭുതപ്പെട്ടപ്പോൾ മറ്റു ചിലർ ഈ നിരക്കിൽ ചെക്ക് ഇൻ ചെയ്യാൻ വിസമ്മതിക്കാനുള്ള സാധ്യത കൂടുതലാണെന്ന് സംശയം പ്രകടിപ്പിക്കുകയും ചെയ്തു.


