വിനോദസഞ്ചാര കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ കിം ജോങ് ഉന്നിനൊപ്പം ഭാര്യയും മകളുമുണ്ടായിരുന്നു. 

വിനോദസഞ്ചാര മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി ഉത്തര കൊറിയ. അടുത്ത ആഴ്ച കിഴക്കൻ തീരത്ത് ഒരു പുതിയ വിനോദസഞ്ചാര കേന്ദ്രം തുറന്ന് പ്രവർത്തനം ആരംഭിക്കും. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ സ്ഥലം സന്ദർശിക്കുകയും റിബൺ മുറിച്ച് വിനോദസഞ്ചാര കേന്ദ്രത്തിന്റെ ഉദ്ഘാടനം ഔദ്യോഗികമായി നിർവഹിക്കുകയും ചെയ്തു. ശക്തമായ ഒരു ടൂറിസം വ്യവസായം കെട്ടിപ്പടുക്കുന്നതിനുള്ള ‘അഭിമാനകരമായ ആദ്യപടി’ എന്നാണ് കിം ജോങ് ഉൻ ഇതിനെ വിശേഷിപ്പിച്ചത്.

Scroll to load tweet…

ജൂലൈ 1 മുതൽ വിനോദസഞ്ചാര കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. വോൺസാൻ-കൽമ എന്ന തീരദേശ മേഖലയിലാണ് വിനോദസഞ്ചാര കേന്ദ്രം തുറക്കുന്നത്. 2019ൽ തുറക്കാനിരുന്ന വിനോദസഞ്ചാര കേന്ദ്രമാണ് 6 വർഷത്തിന് ശേഷം ഇപ്പോൾ തുറക്കാനൊരുങ്ങുന്നത്. നിർമ്മാണ പ്രവർത്തനങ്ങളിലുണ്ടായ കാലതാമസവും കോവിഡ് മഹാമാരിയും കാരണമാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാകാൻ കാലതാമസം നേരിട്ടത്. ഇപ്പോൾ ഇവിടേയ്ക്ക് പ്രാദേശിക വിനോദസഞ്ചാരികൾക്ക് മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളൂ. വിദേശ സഞ്ചാരികൾക്ക് എപ്പോൾ പ്രവേശനാനുമതി നൽകുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ഉത്തര കൊറിയ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് വൈകാതെ തന്നെ ഇതിന് അവസരം ലഭിക്കുമെന്നാണ് വിലയിരുത്തൽ.

വൈവിധ്യമാർന്ന വിനോദ പ്രവർത്തനങ്ങളാണ് ഈ മേഖല വാഗ്ദാനം ചെയ്യുന്നത്. കൂടാതെ 20,000 അതിഥികൾക്ക് വരെ താമസിക്കാൻ കഴിയുന്ന താമസ സൗകര്യങ്ങളും ഇവിടെ ഉണ്ടായിരിക്കും. സ്വിമ്മിം​ഗ്, വ്യത്യസ്ത കായിക ഇനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് ഇവിടെ സൗകര്യം ഉണ്ടായിരിക്കും. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഉത്തര കൊറിയയുടെ ടൂറിസം മേഖല വളരെയേറെ നിയന്ത്രിതമായ രീതിയിൽ തന്നെയായിരിക്കും തുടരുക. ടൂർ ഓപ്പറേറ്റർമാർ അംഗീകരിച്ച സ്ഥലങ്ങളിലേക്ക് മാത്രമായി സന്ദർശകരെ പരിമിതപ്പെടുത്തും. എല്ലാ നടപടികളും ഉത്തര കൊറിയൻ സർക്കാരിന്റെ മേൽനോട്ടത്തിലായിരിക്കും. വോൺസാൻ-കൽമ സോൺ പോലുള്ള സ്ഥലങ്ങൾ തുറക്കുന്നതിലൂടെ അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ആകർഷിക്കാനും വിദേശ നാണയ ശേഖരം വർദ്ധിപ്പിക്കാനും കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.