വിമാന യാത്രക്കാര്‍ക്കിടയിൽ വലിയ സ്വീകാര്യതയാണ് നേക്കഡ് ഫ്ലൈയിംഗിന് ലഭിക്കുന്നത്. 

ദില്ലി: വിമാന യാത്രക്കാര്‍ക്കിടയിൽ തരംഗമാകുകയാണ് നേക്കഡ് ഫ്ലൈയിംഗ് എന്ന പുത്തൻ യാത്രാ രീതി. പേര് കേട്ട് ഞെട്ടണ്ട. വിമാന യാത്രക്കാരെ ആയാസരഹിതമായി യാത്ര ചെയ്യാൻ സഹായിക്കുന്ന ഒരു രീതിയാണിത്. ഇതിനായി ലഗേജുകളുടെ എണ്ണവും ഭാരവും കുറയ്ക്കുകയാണ് ചെയ്യേണ്ടത്.

ചെറിയ ഒരു ബാഗുമായി ആവശ്യമുള്ള സാധനങ്ങൾ മാത്രമെടുത്ത് യാത്ര ചെയ്യുന്നതിനെയാണ് നേക്കഡ് ഫ്ലൈയിംഗ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ബാഗുകളുടെ എണ്ണം കുറക്കുകയും സാധനങ്ങൾ പരമാവധി ഒഴിവാക്കുകയുമാണ് നേക്കഡ് ഫ്ലൈയിംഗിൽ ചെയ്യേണ്ടത്. പല തരത്തിലുള്ള ഗുണങ്ങളുമുണ്ടെന്നതാണ് കൂടുതൽ ആളുകളെ ഇതിലേയ്ക്ക് ആകര്‍ഷിക്കുന്നത്. സാധാരണയായി യാത്രകൾ എന്നാൽ ബാഗിൽ നിരവധി സാധനങ്ങളുണ്ടാകാറുണ്ട്. യാത്രയ്ക്കായി ബാഗ് തയ്യാറാക്കുക എന്നതാണ് യാത്രക്കാര്‍ പലപ്പോഴും നേരിടാറുള്ള പ്രധാന വെല്ലുവിളി. ഇവയെ മറികടക്കുകയാണ് നേക്കഡ് ഫ്ലൈയിംഗിന്റെ ലക്ഷ്യം. 

മൊബൈൽ ഫോണ്‍, ചാര്‍ജര്‍, പഴ്സ് തുടങ്ങിയ പോക്കറ്റിൽ ഉൾക്കൊള്ളിക്കാനാകുന്ന അവശ്യ സാധനങ്ങൾ മാത്രമെടുത്ത് ഒരു ചെറിയ ബാഗുമായി വിമാനത്തിൽ കയറിയുള്ള യാത്ര മികച്ച അനുഭവം തന്നെ സമ്മാനിക്കും. കാരണം, വിമാനത്താവളങ്ങളിലെ നീണ്ട പരിശോധനകളും ലഗേജ് ഫീയും ഒഴിവാക്കാൻ നേക്കഡ് ഫ്ലൈയിംഗ് സഹായിക്കും. ഇതോടെ വേഗത്തിലുള്ള ചെക്ക്-ഇൻ സാധ്യമാകുകയും ചെയ്യും. അതേസമയം, ഗുണങ്ങളേറെ ഉണ്ടെങ്കിലും എല്ലാ തരം യാത്രക്കാര്‍ക്കും അംഗീകരിക്കാൻ കഴിയുന്ന ഒരു രീതിയല്ല നേക്കഡ് ഫ്ലൈയിംഗ് എന്ന് നിസംശയം പറയാം. കുടുംബത്തോടൊപ്പമുള്ള യാത്രകളിൽ ഈ രീതി അത്രയ്ക്ക് പ്രായോഗികമാകില്ല.