പാര്‍ലമെന്‍റിലെ തന്‍റെ അവസാന പ്രസംഗത്തിന് പിന്നാലെ കാലിലെ ഷൂ ഊരി അതിലേക്ക് ബിയര്‍ ഒഴിച്ച് കുടിക്കുന്ന ഓസ്ട്രേലിയന്‍ എം പിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍.
പാർലമെന്‍റിലെ അവസാന ദിവസം വിടവാങ്ങൽ വേളയിൽ ഷൂസിനുള്ളിൽ ബിയർ ഒഴിച്ച് കുടിച്ച ഓസ്ട്രേലിയൻ എംപിയുടെ പ്രവർത്തി ചർച്ചയാവുന്നു. ഓസ്ട്രേലിയൻ എംപിയായ കൈൽ മക്ഗിൻ ആണ് പാർലമെന്‍റിലെ തന്‍റെ അവസാന പ്രവർത്തി ദിവസം ഇത്തരത്തിൽ അവസാനിപ്പിച്ചത്. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറൽ ആയി. താൻ ധരിച്ചിരുന്ന ഷൂസുകളിൽ ഒന്ന് ഊരിയെടുത്ത്, അതിൽ അദ്ദേഹം കയ്യിൽ കരുതിയിരുന്ന ബിയർ കുപ്പിയിൽ നിന്നും ബിയർ പകർന്ന് കുടിക്കുകയായിരുന്നു. ഇത് പലർക്കും വിചിത്രമായി അനുഭവപ്പെട്ടെങ്കിലും ഓസ്‌ട്രേലിയക്കാർക്കിടയിൽ 'ഷൂയി' എന്ന് വിളിക്കപ്പെടുന്ന ഒരു മദ്യപാന പാരമ്പര്യമാണ് ഇത്.
2019 -ൽ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഒരാൾ ധരിക്കുന്ന ഷൂവിലേക്ക് മദ്യം, സാധാരണയായി ബിയർ, ഒഴിച്ച് കുടിക്കുന്നതാണ് ഷൂയി എന്ന മദ്യപാന പാരമ്പര്യം. മദ്യം കുടിച്ച ശേഷം നനഞ്ഞ ഷൂ ഉടമസ്ഥന് തിരികെ നൽകും. എപ്പോൾ മുതലാണ് ഈ പാരമ്പര്യം ആരംഭിച്ചത് എന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ വ്യക്തത ഇല്ലെങ്കിലും നിരവധി പ്രശസ്തരായ വ്യക്തികൾ ഇങ്ങനെ ചെയ്തിട്ടുണ്ട്.
ഓസ്ട്രേലിയൻ ഫോർമുല വൺ ഡ്രൈവർ ഡാനിയേൽ റിക്കിയാർഡോ, സിനിമാ താരങ്ങളായ സർ പാട്രിക് സ്റ്റുവർട്ട്, ജിമ്മി ഫാലൺ, ഹ്യൂ ഗ്രാന്‍റ്, ജെറാർഡ് ബട്‌ലർ എന്നിവരൊക്കെയും ഈ പട്ടികയിൽ ഉൾപ്പെടുന്നവരാണ്. മെഷീൻ ഗൺ കെല്ലി, സ്റ്റോംസി എന്നിവരുൾപ്പെടെ നിരവധി സംഗീതജ്ഞരും ഷൂയി ചെയ്തതായി രേഖകളുണ്ട്. പാർലമെന്‍റിൽ നിന്നുള്ള തന്‍റെ വിട വാങ്ങൽ എങ്ങനെയായിരിക്കണമെന്ന് താൻ ഏറെ നേരം ആലോചിച്ചുവെന്നും ഒടുവിൽ തന്നെ പിന്തുണച്ചവർക്ക് ചിയേഴ്സ് പറഞ്ഞവസാനിപ്പിക്കാമെന്ന് കരുതി എന്നുമാണ് കൈൽ മക്ഗിൻ തന്‍റെ പ്രവർത്തിയെക്കുറിച്ച് പറഞ്ഞത്. അദ്ദേഹത്തിന്‍റെ ഈ പ്രവർത്തി പാർലമെൻറിൽ ഒരു വിഭാഗം കൗതുകകരമായി വീക്ഷിച്ചെങ്കിലും മറുവിഭാഗത്തിനിടയിൽ വലിയ തോതിലുള്ള എര്‍പ്പുണ്ടാക്കി.


