വീഡിയോയിൽ, എവിടെയാണോ നിങ്ങൾക്ക് പോകേണ്ടത് താൻ നിങ്ങളെ അവിടെ ഇറക്കാം എന്ന് ഡ്രൈവർ പറയുന്നുണ്ട്. എന്നാൽ, ഡ്രൈവർ മോശമായി പെരുമാറി എന്ന് ആരോപിച്ചുകൊണ്ട് സ്ത്രീകൾ അവിടെ നിന്നും പോകാൻ വിസമ്മതിക്കുക ആയിരുന്നു.
ഇന്ത്യക്കാർ കലഹിക്കാൻ ബെസ്റ്റാണ് അല്ലേ? അതിനി വീടിനകത്തായാലും ശരി, പുറത്തായാലും ശരി. വീട്ടുകാരോടായാലും ശരി , നാട്ടുകാരോടായാലും ശരി, അപരിചിതരോടായാലും ശരി. അങ്ങനെയുള്ള അനേകം വഴക്കുകൾ കാണിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്നത്.
നടുറോഡിലാണ് സംഭവം. മൂന്ന് സ്ത്രീകളും കാബ് ഡ്രൈവറും തമ്മിലാണ് വഴക്ക് ഉണ്ടായത്. ദില്ലിയിലെ ഒരു തിരക്കേറിയ ഒരു തെരുവിലാണ് സംഭവം നടന്നത്. പട്പർഗഞ്ചിൽ നിന്ന് മാരുതി വിഹാറിലേക്കാണ് സ്ത്രീകൾ ക്യാബ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ, അവർക്ക് ഇറങ്ങേണ്ടുന്നതിന് മുമ്പ് തന്നെ അവർ തങ്ങളെ ഇറക്കാൻ ആവശ്യപ്പെട്ടു. മാത്രമല്ല, അതുവരെ വന്നതിനുള്ള കൂലി നൽകാനും വിസമ്മതിക്കുകയായിരുന്നു എന്നാണ് ഡ്രൈവർ പറയുന്നത്.
ഇതുവരെ സഞ്ചരിച്ച ദൂരത്തിനുള്ള കാശ് തരണമെന്ന് ഡ്രൈവർ സ്ത്രീകളോട് ആവശ്യപ്പെട്ടപ്പോൾ യാത്രക്കാരികളായ സ്ത്രീകൾ അത് തരാൻ പറ്റില്ല എന്ന് പറയുകയായിരുന്നു എന്നും പറയുന്നു. മാത്രമല്ല, ഡ്രൈവറോട് റൈഡ് കാൻസൽ ചെയ്യാനും അവർ ആവശ്യപ്പെട്ടതായി പറയുന്നുണ്ട്.
വീഡിയോയിൽ, എവിടെയാണോ നിങ്ങൾക്ക് പോകേണ്ടത് താൻ നിങ്ങളെ അവിടെ ഇറക്കാം എന്ന് ഡ്രൈവർ പറയുന്നുണ്ട്. എന്നാൽ, ഡ്രൈവർ മോശമായി പെരുമാറി എന്ന് ആരോപിച്ചുകൊണ്ട് സ്ത്രീകൾ അവിടെ നിന്നും പോകാൻ വിസമ്മതിക്കുക ആയിരുന്നു. ആപ്പിലൂടെ പണം അടക്കുമെന്ന് സ്ത്രീകൾ പറയുന്നുമുണ്ട്. സംഭവം കൃത്യമായി എവിടെയാണ് നടന്നത് എന്നത് വ്യക്തമല്ല.
അതേസമയം, വീഡിയോ വൈറലായി മാറിയതോടെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. മിക്കവരും സ്ത്രീകളെ വിമർശിക്കുകയാണ് ചെയ്തത്. എന്നാൽ, സ്ത്രീകളെ പിന്തുണച്ചവരും ഉണ്ട്.


