'വാ മോനേ, എങ്ങനുണ്ടെന്ന് നീയും ഒന്ന് കേട്ടുനോക്ക്'; ഹോണടി ശബ്ദം അതിരുകടന്നു, ഡ്രൈവറെ പിടിച്ചുനിർത്തി പൊലീസ്
തുടരെത്തുടരെ ഈ ഹോൺ കേൾക്കുമ്പോൾ മറ്റുള്ളവർക്കുണ്ടാവുന്ന ബുദ്ധിമുട്ട് മനസിലാക്കി കൊടുക്കാനാണത്രെ ഇങ്ങനെ ഹോൺ കേൾപ്പിക്കുന്നത്.

ഇന്ത്യയിലെ റോഡുകളിൽ പലപ്പോഴും നാം അഭിമുഖീകരിക്കുന്ന വലിയ പ്രശ്നമാണ് ഹോണടി ശബ്ദം. വലിയ അസഹിഷ്ണുതയാണ് ഇവിടെ വാഹനമോടിക്കുന്നവർക്ക് എന്ന് തോന്നും. ഒരു സെക്കന്റ് ഒന്ന് നിന്നുപോയാൽ അപ്പോൾ തുടങ്ങും ഹോൺ മുഴക്കാൻ. പലപ്പോഴും വിദേശത്ത് നിന്നുമെത്തുന്ന സഞ്ചാരികൾ ഈ ഹോണടി ശബ്ദത്തെ കുറിച്ച് പരാതികൾ പറയാറുണ്ട്. എന്തായാലും, അതിനിടയിൽ കർണാടകയിൽ നിന്നുള്ള ഈ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്.
കർണാടക പൊലീസ് ഇങ്ങനെ ഉറക്കെ ഹോൺ മുഴക്കുന്ന ഡ്രൈവർമാർക്ക് അതേ ഹോൺ തന്നെ കേൾപ്പിച്ചു കൊടുക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. വീഡിയോയിൽ ഒരു കോളേജ് ബസ് കാണാം. അതിൽ നിന്നും ഡ്രൈവറെ ഇറക്കിയിട്ടുണ്ട്. പിന്നീട് ഹോൺ ശബ്ദം കേൾക്കുന്ന സ്ഥലത്ത് കാതുചേർത്ത് നിൽക്കാനാണ് പറയുന്നത്. പിന്നാലെ പൊലീസ് ഹോൺ മുഴക്കുന്നു.
ഡ്രൈവറായ യുവാവിന്റെ മുഖം ക്യാമറയിൽ കാണിക്കുന്നതും കാണാം. തുടരെത്തുടരെ ഈ ഹോൺ കേൾക്കുമ്പോൾ മറ്റുള്ളവർക്കുണ്ടാവുന്ന ബുദ്ധിമുട്ട് മനസിലാക്കി കൊടുക്കാനാണത്രെ ഇങ്ങനെ ഹോൺ കേൾപ്പിക്കുന്നത്.
@vijeshetty എന്ന യൂസറാണ് എക്സിൽ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. ഒരുപാടുപേർ പൊലീസിനെ അഭിനന്ദിച്ചു. ഹെഡ്‍ലൈറ്റിന്റെ കാര്യത്തിലും ഇത് തന്നെ ചെയ്യണം. മണിക്കൂറുകളോളം ആ ഹെഡ്‍ലൈറ്റിൽ തന്നെ നോക്കിനിൽക്കാൻ അവരോട് ആവശ്യപ്പെടണം എന്നാണ് ഒരാൾ കമന്റ് നൽകിയത്.
എന്നാൽ, നമ്മുടെ നിയമസംവിധാനം ഇങ്ങനെയല്ല ആളുകളെ ശിക്ഷിക്കേണ്ടത് എന്ന് അഭിപ്രായപ്പെട്ടവരും ഒരുപാടുണ്ട്. ഇത് ഒരു മാതൃകാപരമായ ശിക്ഷാരീതിയല്ല എന്നും അവർ അഭിപ്രായപ്പെട്ടു.
നേരത്തെ ഇതുപോലെ ജപ്പാനിൽ നിന്നും ഇന്ത്യ സന്ദർശിക്കാനെത്തിയ ഒരു യുവതിയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വാഹനത്തിന്റെ ശബ്ദം കാരണം പുറത്തോട്ടിറങ്ങാൻ വയ്യെന്നും മുറിയിലിരുന്ന് കരഞ്ഞു എന്നുമായിരുന്നു അവരുടെ പോസ്റ്റ്.