ദില്ലി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിങ് അനുഭവത്തെക്കുറിച്ച് വിദേശ സഞ്ചാരി പങ്കുവെച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി. ഇമിഗ്രേഷന് പിന്നാലെ ജീവനക്കാർ ഷോപ്പിങ്ങിനായി സമീപിക്കുന്നതിനെ സഞ്ചാരി പരിഹസിച്ചപ്പോൾ, ഇത് സാധാരണമാണെന്നും സഹായകരമാണെന്നും പലരും പ്രതികരിച്ചു.
ഇന്ത്യയിലെത്തിയതിന് പിന്നാലെ നേരിട്ട ഡ്യൂട്ടി ഫ്രീ ഷോപ്പിങ് അനുഭവത്തെക്കുറിച്ചുള്ള വിദേശ സഞ്ചാരിയുടെ പ്രതികരണം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി. ദില്ലി വിമാനത്താവളത്തിൽ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയ ഉടൻ തന്നെ ഡ്യൂട്ടി ഫ്രീ ജീവനക്കാർ യാത്രക്കാരെ ഷോപ്പിങ്ങിനായി സമീപിക്കുന്നതാണ് സഞ്ചാരിയുടെ ശ്രദ്ധയിൽപ്പെട്ടത്. വന്നിറങ്ങുമ്പോൾ തന്നെ വാങ്ങാൻ പ്രേരിപ്പിക്കുന്നതിന്‍റെ വീഡിയോ എക്സിൽ പങ്കുവെച്ചതോടെയാണ് സംഭവം വൈറലായത്.
വന്നിറങ്ങിയ ഉടൻ, 'വാങ്ങൂ, വാങ്ങൂ, വാങ്ങൂ....'
ഡാമൺ സുംബ്രോഗൽ എന്ന എക്സ് ഉപയോക്താവാണ് വീഡിയോ പങ്കുവെച്ചത്. “ഇന്ത്യയിലേക്ക് സ്വാഗതം? ദില്ലിയിൽ ഒരാൾ ഇന്ത്യയിൽ പ്രവേശിക്കുന്നത് ഇങ്ങനെയാണ്. ഇമിഗ്രേഷൻ കഴിഞ്ഞാൽ ഉടൻ ‘BUY BUY BUY BUY BUY!’” എന്ന പരിഹാസരൂപത്തിലുള്ള കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്. ഇമിഗ്രേഷൻ കൗണ്ടറിൽ നിന്ന് ഏതാനും അടി മാത്രം അകലെയുള്ള ഡ്യൂട്ടി ഫ്രീ ഷോപ്പിങ് മേഖലയിലേക്കുള്ള വഴിയും ജീവനക്കാരുടെ വിൽപ്പനശ്രമങ്ങളും വീഡിയോയിൽ കാണാം. വീഡിയോ വൈറലായെങ്കിലും സമൂഹ മാധ്യമ ഉപയോക്താക്കൾ രണ്ടുപക്ഷം ചേർന്നാണ് കുറിപ്പെഴുതിയത്.
ഇത് സാധാരണം
ദില്ലിയിൽ മാത്രമല്ല, ഇത്തരം കാഴ്ചകൾ ലോകത്തെ പല അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും സാധാരണമാണെന്ന് ചിലർ ചൂണ്ടിക്കാട്ടി. ഓസ്ട്രേലിയ, ദുബായ്, മാലിദ്വീപ്, വിയറ്റ്നാം, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലും ഇമിഗ്രേഷന് ശേഷം ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ സാധാരണയായി കാണാമെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, ചിലർ സഞ്ചാരിയെ വിമർശിച്ച് രംഗത്തെത്തി. വാങ്ങാൻ ആരും നിർബന്ധിക്കുന്നില്ലെന്നും താൽപര്യമില്ലെങ്കിൽ മാന്യമായി നിരസിച്ചാൽ മതിയെന്നും ഇവർ കുറിച്ചു.
സൗകര്യപ്രദമെന്ന് മറ്റ് ചിലർ
മറ്റുചിലർ ഡ്യൂട്ടി ഫ്രീ ഷോപ്പിങ് തങ്ങൾക്ക് പ്രയോജനകരമാണെന്നായിരുന്നു പ്രതികരിച്ചത്. പ്രത്യേകിച്ച് മദ്യം, ചോക്ലേറ്റ് തുടങ്ങിയ സാധനങ്ങൾ വാങ്ങുന്നവർക്ക് ജീവനക്കാരുടെ സഹായം ഉപയോഗപ്രദമാകാറുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടി. വാങ്ങലിനിടെ സാധനങ്ങൾ കൈകാര്യം ചെയ്യാനും ബില്ലിങ് വേഗത്തിലാക്കാനും ജീവനക്കാർ സഹായിക്കാറുണ്ടെന്നും മറ്റ് ചിലർ കുറിച്ചു. ഇതോടെ ഇന്ത്യയിലെ വിമാനത്താവളത്തിലെ ഒരു സാധാരണ വാണിജ്യ സംവിധാനത്തെക്കുറിച്ചുള്ള സഞ്ചാരിയുടെ പരിഹാസം മറ്റൊരു ഓൺലൈൻ ചർച്ചയ്ക്ക് വഴിയൊരുക്കി. യാത്രക്കാരെ ആരും നിർബന്ധിക്കുന്നില്ലെന്നുും മറിച്ച് സഹായിക്കുകയാണെന്നും പലരും ചൂണ്ടിക്കാട്ടി.


