കർണാടകയിൽ കാറിടിച്ച് പരിക്കേറ്റ പുള്ളിപ്പുലിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വനപാലകനെ പുലി അപ്രതീക്ഷിതമായി ആക്രമിച്ചു. സഹപ്രവർത്തകർ ഉടൻ ഇടപെട്ട് ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തി. പിന്നീട് വനംവകുപ്പ് സംഘം പുലിയെ സുരക്ഷിതമായി പിടികൂടി ചികിത്സയ്ക്കായി മാറ്റി.

കാറിടിച്ച് പരിക്കേറ്റ പുള്ളിപ്പുലിയെ രക്ഷിക്കാനെത്തിയ വനപാലകനെ അപ്രതീക്ഷിതമായി അക്രമിക്കാനാ‌‌ഞ്ഞ പുലിയുടെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. കർണാടകയിലെ ദാവണഗെരെ ജില്ലയിൽ അനഗോഡുവിന് സമീപം ബെംഗളൂരു – പുണെ ദേശീയപാത 48 -ലാണ് സംഭവം. പരിക്കേറ്റ പുലിയെ സുരക്ഷിതമായി പിടികൂടി ചികിത്സയ്ക്കായി മാറ്റുന്നതിനിടെയാണ് രക്ഷാപ്രവർത്തനം അപകടകരി മാറിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

രക്ഷാപ്രവർത്തനത്തിനെത്തി. പക്ഷേ...

കഴിഞ്ഞ തിങ്കളാഴ്ച രാത്രി വാഹനമിടിച്ചതിനെ തുടർന്ന് ദേശീയപാതയരികിലെ പുല്ല് നിറഞ്ഞ ഓടയിൽ പുലി പരിക്കേറ്റ് കിടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. പുലിയ കണ്ടെത്തിയ വിവരം നാട്ടുകാരാണ് ഫോസറ്റ് ഓഫീസിൽ അറിയിച്ചതും. വിവരം ലഭിച്ചതിന് പിന്നാലെ വനംവകുപ്പ് സംഘം സ്ഥലത്തെത്തി. പുലിയുടെ നില ഗുരുതരമായിരുന്നതിനാൽ ചികിത്സയ്ക്കായി മാറ്റാനുള്ള നടപടികളും ആരംഭിച്ചു. മൃഗഡോക്ടറുടെ നേതൃത്വത്തിൽ പുലിക്ക് മയക്കുമരുന്ന് നൽകിയെങ്കിലും അതിന്‍റെ പൂർണ ഫലം ലഭിക്കുന്നതിന് മുമ്പാണ് പുലി ഫോറസറ്റ് ഉദ്യോഗസ്ഥന് നേരെ അപ്രതീക്ഷിത ആക്രമണം നടത്തിയത്.

Scroll to load tweet…

അപ്രതീക്ഷിത അക്രമണം, അത്ഭുതകരമായ രക്ഷപ്പെടൽ

വൈറൽ ദൃശ്യങ്ങളിൽ പുലി പെട്ടെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥന് നേരെ ചാടുന്നതും അദ്ദേഹത്തെ നിലത്തേക്ക് വീഴ്ത്തുന്നതും കാണാം. സഹപ്രവർത്തകർ ഉടൻ ഇടപെട്ട് വടി ഉപയോഗിച്ച് പുലിയുടെ ശ്രദ്ധ തിരിച്ചതോടെയാണ് ഉദ്യോഗസ്ഥന് പുലിയുടെ പിടിയിൽ നിന്നും രക്ഷപ്പെടാനായത്. തുടർന്ന് പുലി റോഡരികിലെ പുല്ല് നിറഞ്ഞ മേഖലയിലേക്ക് നീങ്ങി. സംഭവത്തിൽ വനവകുപ്പ് വാച്ചറുടെ കൈക്കും കാലിനും പരിക്കേറ്റു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്‍റെ നില തൃപ്തികരമാണെന്നും എങ്കിലും അദ്ദേഹം നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു. പിന്നീട് വനവകുപ്പ് സംഘം പുലിയെ സുരക്ഷിതമായി പിടികൂടി ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ പരിക്കേറ്റ പുലിയും ചികിത്സയിൽ തുടരുകയാണെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. രക്ഷാപ്രവർത്തനത്തിനിടെ സമീപത്തുണ്ടായിരുന്ന നാട്ടുകാരുടെ ബഹളവും ഫോട്ടോ – വീഡിയോ എടുക്കാനുള്ള തിരക്കും പുലിയെ പ്രകോപിപ്പിച്ചിരിക്കാമെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. ഇന്ത്യയിലെമ്പാടും മനുഷ്യ വന്യജീവി അക്രമണങ്ങൾ നാൾക്കുനാൾ വർദ്ധിച്ച് വരുന്നതായി റിപ്പോർട്ടുകളും പറയുന്നു.