താജ്മഹലിന്‍റെ ഏറ്റവും മനോഹരമായ ചിത്രമായിരുന്നു ക്രിസ്റ്റ് പകര്‍ത്തിയത്. 


ലോകത്ത് മനുഷ്യ നിർമ്മിതമായ ഏഴ് അത്ഭുതങ്ങളിലൊന്നായാണ് താജ്മഹലിനെ പരിഗണിക്കുന്നത്. പൌരാണിക ഇന്ത്യന്‍ വാസ്തുശില്പ കലാ വൈഭവം പ്രകടമാക്കുന്ന വെണ്ണക്കല്ലില്‍ തീര്‍ത്ത പ്രണയകുടീരം. ഓരോ വര്‍ഷവും ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും ലക്ഷക്കണക്കിന് ആളുകളാണ് താജ്മഹല്‍ കാണാനായി എത്തുന്നത്. സൂര്യപ്രകാശത്തിലും ചന്ദ്ര പ്രകാശത്തിനും ഒരു പോലെ പ്രകാശിക്കുന്ന കെട്ടിടം. എന്നാല്‍ താജ്മഹല്‍ എപ്പോൾ കാണുന്നതാണ് ഏറ്റവും മനോഹരമെന്ന് ചിന്തിച്ചിട്ടുണ്ടോ? 

എങ്കില്‍ അത് പുലര്‍ച്ചെയാണെന്ന് തെളിയിച്ചിരിക്കുകയാണ് യുകെ സ്വദേശിയായ ക്രിസ്റ്റ ജാർമാൻ. ക്രിസ്റ്റ തന്‍റെ ഗൈഡ് ഡോണിന്‍റെ ഉപദേശം സ്വീകരിച്ച് അതിരാവിലെ തന്നെ താജ്മഹല്‍ കാണാനെത്തി. അന്നേ ദിവസം ഗേറ്റ് കടന്ന് താജ്മഹലിന് അകത്തേക്ക് കടന്ന ആദ്യത്തെ സഞ്ചാരിയായിരുന്നു ക്രിസ്റ്റ. ഇന്ത്യ തനിക്ക് താല്‍ക്കാലിക വീടാണെന്ന് ക്രിസ്റ്റ് അവകാശപ്പെടുന്നു. അതിരാവിലെ കാണുന്ന താജ്മഹലോളം തിളക്കമുള്ള മറ്റൊന്നില്ലെന്നാണ് ക്രിസ്റ്റയുടെ അഭിപ്രായം. 

View post on Instagram

പുലര്‍ച്ചെ അഞ്ച് മണിക്കാണ് താജ്മഹലിന്‍റെ ഗേറ്റുകൾ തുറക്കുക. എന്നാല്‍, തന്‍റെ ഗൈഡിന് വിശ്വസിച്ച ക്രിസ്റ്റ 4.45 -ന് തന്നെ താജ്മഹലിന്‍റെ വാതില്‍ക്കലെത്തിയരുന്നു. ജീവിതകാലം മുഴുവൻ ഓർമ്മിക്കാൻ കഴിയുന്ന ഒന്നായിരുന്നു ആ പ്രഭാതമെന്ന് ക്രിസ്റ്റ് പറയുന്നു. ആ നിമിഷത്തെ "ശരിക്കും മാന്ത്രികം" എന്ന് വിശേഷിപ്പിച്ച ക്രിസ്റ്റ, പ്രഭാതത്തിന്‍റെ മങ്ങിയ വെളിച്ചത്തിൽ താജ്മഹൽ ഉയർന്നുവരുന്നത് കണ്ടതിലുള്ള തന്‍റെ അത്ഭുതവും സന്തോഷവും കുറിച്ചു. അതിരാവിലെയുടെ മൃദുലമായ നിറങ്ങളും, ആൾത്തിരക്കില്ലാത്ത താജ്മഹലും ആരിലും സ്വാസ്ഥ്യം നിറക്കാന്‍ പോകുന്നതായിരുന്നു. 

തനിക്ക് ഇത്രയും അഭൌമമായ ദൃശ്യം കാട്ടിത്തന്നതിന് തന്‍റെ ഗൈഡിനോട് ക്രിസ്റ്റ നന്ദി പ്രകടിപ്പിച്ചു. 2.3 ദശലക്ഷത്തിലധികം പേർ ക്രിസ്റ്റയുടെ കുറിപ്പ് കണ്ടു. ഇന്ത്യക്കാരനാണെങ്കിലും ഇത്രയും ശാന്തമായ താജ്മഹല്‍ ഒരിക്കലും അനുഭവിച്ചിട്ടില്ലെന്ന് ഒരു കാഴ്ചക്കാരന്‍ എഴുതി. കുറിപ്പിന് താഴെ അടുത്ത തവണ താജ്മഹല്ഒ പുലര്‍ച്ചെ കാണാമെന്ന് കുറിച്ചവരും കുറവല്ല.