മകള്‍ ദൂരെ തിരക്കേറിയ റോഡിലേക്ക് നടന്ന് പോകുമ്പോള്‍ അതൊന്നും ശ്രദ്ധിക്കാതെ, അമ്മ റീല്‍സ് ഷൂട്ട് ചെയ്യുന്നത് കണ്ട് സമൂഹ മാധ്യമ ഉപയോക്താക്കള്‍ രോഷം കൊണ്ടു.
സമൂഹ മാധ്യമങ്ങളില്‍ ഉള്ളടക്ക സൃഷ്ടിക്കാണ് ഇന്ന് എല്ലാവരുടെയും ശ്രമം. ഏത് വിധേനയും വൈറലാകണം. അതിനായി യാത്രകൾ നടത്തുകയും നിരന്തരം പുതിയ ഉള്ളടക്കങ്ങള്‍ സൃഷ്ടിച്ച് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്യുന്നവരുടെ എണ്ണം ഇന്ന് ഏറെയാണ്. അതേസമയം ഇത്തരം ഉള്ളടക്ക സൃഷ്ടിക്കിടയില്‍ പലരും പരിസരം പോലും മറന്ന് പോകുന്നതും കാണാം. ജിത്തു രജോറിയ പങ്കുവച്ച അത്തരമൊരു വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളുടെ സജീവ ശ്രദ്ധനേടി.
മോഡേൺ ടോക്കിംഗിന്‍റെ ഹിറ്റ് ഗാനമായ 'ബ്രദർ ലൂയി' എന്ന ഗാനം പശ്ചാത്തലത്തില്‍ മുഴങ്ങുമ്പോള്‍ ഒരു യുവതി മഞ്ഞ് മൂടിയ പ്രദേശത്തിന്‍റെ പശ്ചാത്തലത്തില്‍ നിന്ന് കൊണ്ട് നൃത്തം ചെയ്യാന്‍ തുടങ്ങുന്നു. ഈ സമയം വീഡിയോയുടെ ഒരു ഭാഗത്ത് കൂടി ഒരു ചെറിയ പെണ്‍കുട്ടി ദൂരേയ്ക്ക് നടന്ന് പോകുന്നത് കാണാം. പെട്ടെന്ന് കുറച്ചു കൂടി മുതിര്‍ന്ന ഒരു ആണ്‍കുട്ടി ഓടിവരികയും യുവതിയുടെ കാലില്‍ പിടിച്ച് വലിക്കുകയും ചെയ്യുന്നു. എന്നാല്‍, യുവതി കുട്ടിയെ വീഡിയോയിലേക്ക് നോക്കാന്‍ പ്രേരിപ്പിക്കുന്നതും കാണാം. ഈ സമയമാണ് ദൂരെയ്ക്ക് നടന്ന് പോകുന്ന പെണ്‍കുട്ടിയെ അവന്‍ അമ്മയ്ക്ക് ചൂണ്ടിക്കാണിക്കുന്നത്. പിന്നാലെ യുവതിയും ആണ്‍കുട്ടിയും പെണ്‍കുട്ടിയുടെ അടുത്തേക്ക് ഓടി പോവുകയും കുട്ടിയെ എടുത്ത് കൊണ്ട് തിരികെ വരുന്നതും വീഡിയോയില്‍ കാണാം.
കരച്ചിലും പിഴിച്ചിലും പണ്ട്; വിവാഹ വേദിയിലേക്ക് ആടിപ്പാടി വരുന്ന വധുവിന്‍റെ വീഡിയോ വൈറല്‍
പെണ്‍കുട്ടി റോഡിലേക്ക് ഇറങ്ങുമ്പോള്‍ അമ്മ ഫോണില്‍ റീൽസ് ചെയ്യുകയായിരുന്നു. പെട്ടെന്ന് മകന്‍ വന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു, 'അമ്മേ, കുഞ്ഞനുജത്തി ദാ അങ്ങോട്ടാണ് പോകുന്നത്.' വാസ്തവത്തില്‍ കുട്ടികള്‍ പ്രകൃതിയുടെ സമ്മാനങ്ങളാണ്. അവര്‍ സംഭവങ്ങള്‍ രൂപപ്പെടുത്തുന്നതിൽ പ്രധാനപങ്കുവഹിക്കുന്നു, വീഡിയോ പങ്കുവച്ച് കൊണ്ട് ജിത്തു കുറിച്ചു. ഇതിനകം രണ്ടേമുക്കാല്‍ ലക്ഷത്തോളം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. നിരവധി പേരാണ് യുവതിയുടെ നിരുത്തരവാദപരമായ പെരുമാറ്റത്തെ വിമര്‍ശിച്ച് കൊണ്ട് രംഗത്ത് വന്നത്.
സംഭവം യുഎസില്‍ ആയിരുന്നെങ്കില്‍ യുവതിയില്‍ നിന്നും കുട്ടിയെ മാറ്റുകയും അവരെ ജയിലില്‍ അടയ്ക്കുകയും ചെയ്യുമായിരുന്നു. കാരണം അവിടെ രക്ഷാകർതൃനിയമങ്ങൾ ശക്തമാണെന്നും ഒരു കാഴ്ചക്കാരന്‍ എഴുതി. നിരവധി പേര്‍ കുട്ടികളുടെ സുരക്ഷയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. കുട്ടികളെ കുറിച്ച് പോലും ശ്രദ്ധിക്കാതെ സമൂഹ മാധ്യമത്തില്‍ ഉള്ളടക്കം നിർമ്മിക്കാനുള്ള അമ്മയുടെ ശ്രമത്തെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ടും നിരവധി പേര്‍ കുറിപ്പെഴുതി. അവര്‍ക്ക് പ്രധാനം റീല്‍സാണോ അതോ സ്വന്തം കുട്ടിയാണോയെന്ന് പോലും ചിലര്‍ ചോദിച്ചു.
