കാവേരി നദിയിലേക്ക് ഒരാൾ മാലിന്യം തള്ളുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായ രോഷത്തിന് കാരണമായി. ഈ സംഭവം ഇന്ത്യയിലെ പൊതുസ്ഥലങ്ങളിലെ മാലിന്യപ്രശ്നത്തെക്കുറിച്ചും പൗരന്മാരുടെ ഉത്തരവാദിത്തമില്ലായ്മയെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വീണ്ടും വഴിവെച്ചു. മാലിന്യം തള്ളിയവർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമാണ്.

ന്ത്യയെ ശുചിത്വമുള്ളൊരു രാജ്യമായി മാറ്റുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോഴും പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്ന പ്രവണത തുടരുന്നതിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന, കാവേരി നദിയിലേക്ക് ഒരാൾ മാലിന്യം തള്ളുന്ന ദൃശ്യങ്ങൾ വലിയതോതിലുള്ള വിമർശനമാണ് വിളിച്ച് വരുത്തിയത്. സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നതോടെ നിരവധി പേരാണ് രോഷവും നിരാശയും പ്രകടിപ്പിച്ച് രംഗത്തെത്തിയത്. കർണ്ണാടകവും തമിഴ്നാടും തമ്മിൽ കാവേരി നദീജലത്തെ ചൊല്ലിയുള്ള തർക്കത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പലപ്പോഴും ഈ വിഷയം ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള സംഘർഷത്തിന് പോലും കാരണമാകാറുണ്ട്.

'മാറ്റം വേണ്ടത് പൗരന്മാരിൽ'

കൊടക് ജില്ലയിലെ മുർനാട് നഗരത്തിന് സമീപത്തെ കൊണ്ടങ്കേരി ഗ്രാമത്തിലൂടെ ഒഴുകുന്ന കാവേരി നദിയിലേക്കാണ് യുവാവ് മാലിന്യം വലിച്ച് എറിഞ്ഞത്. ഒരു വലിയ സഞ്ചിയിൽ കൊണ്ടുവന്ന മാലിന്യം ഒരു പാലത്തിന് മുകളിൽ നിന്നുകൊണ്ട് നദിയിലേക്ക് വലിച്ചെറിയുന്നത് വീഡിയോയിൽ കാണാം. ഇയാളോടൊപ്പം ഒരു സ്ത്രീയും സമീപത്ത് നിൽക്കുന്നത് കാണാം. പ്രകൃതിയെയും ജലസ്രോതസ്സുകളെയും സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഭരണകൂടം നിരന്തരം ബോധവത്കരണം നടക്കുന്നതിനിടെയാണ് ഇത്തരമൊരു പ്രവൃത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ കടുത്ത വിമർശനമാണ് ഉയർത്തിയത്. ശുചിത്വത്തെക്കുറിച്ച് വലിയ പ്രചാരണങ്ങൾ നടത്തുകയും രാജ്യത്തെ വൃത്തിയായി സൂക്ഷിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തിട്ട് കാര്യമില്ലെന്നും, ജനങ്ങളുടെ പെരുമാറ്റത്തിലാണ് ആദ്യം മാറ്റമുണ്ടാകണമെന്നും പലരും ചൂണ്ടിക്കാട്ടി.

Scroll to load tweet…

വേണം, കർശന നടപടി

“ഇന്ത്യ എങ്ങനെ ശുചിത്വമുള്ള രാജ്യമായി മാറുമെന്ന് പ്രതീക്ഷിക്കാനാകും?” എന്ന ചോദ്യമാണ് കൂടുതൽ പേരുമുന്നയിച്ചത്. മാലിന്യം നദിയിലേക്ക് തള്ളുന്നത് പരിസ്ഥിതിക്കും ജലജീവികൾക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അഭിപ്രായങ്ങൾ ഉയർന്നു. പ്രത്യേകിച്ചും പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങൾ നശിക്കാൻ നൂറ്റാണ്ടുകൾ തന്നെ വേണ്ടിവരുമ്പോൾ ഇത് ഗുരുതരമായ പാരിസ്ഥിതിക നാശം വിളിച്ച് വരുത്തുന്നു. പ്രകൃതി സംരക്ഷണത്തിനും മാലിന്യ നിർമ്മാർജനത്തിനും നിരവധി നിയമങ്ങൾ നിലവിലുണ്ടെങ്കിലും അവ പാലിക്കാത്തവർക്കെതിരെ കർശന നടപടി വേണമെന്നും ചിലർ ആവശ്യപ്പെട്ടു. നദികളും മറ്റ് പ്രകൃതിവിഭവങ്ങളും സംരക്ഷിക്കേണ്ടത് സർക്കാരിന്‍റെ മാത്രം ഉത്തരവാദിത്തമല്ലെന്നും ഓരോ പൗരനും അതിൽ പങ്കാളിയാകണമെന്നും നിരവധി പേരെഴുതി. മറ്റ് ചിലർ വാഹനത്തിന്‍റെ നമ്പർ പ്ലേറ്റ് അടിസ്ഥാനമാക്കി, നദിയിൽ മാലിന്യം തള്ളിയവർക്കെതിരെ കർശന നടപടി വേണമെന്ന് മറ്റ് ചിലർ കുറിച്ചു.