ഉത്തർപ്രദേശിലെ ഹാമിർപൂരിൽ ഒരു കുടുംബം തങ്ങളുടെ ആദ്യത്തെ പെൺകുഞ്ഞിന്റെ ജനനം ഗംഭീരമായി ആഘോഷിച്ചു. അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുവന്നത് ഡിജെ പാർട്ടിയോടും 13 സ്കോർപിയോകളുടെ അകമ്പടിയോടും കൂടിയായിരുന്നു.  

കാലം ഏറെ മാറിയെങ്കിലും ഇന്നും ഇന്ത്യയിലെ പല ഗ്രാമങ്ങളിലും പെണ്‍കുട്ടികളെ അംഗീകരിക്കാൻ മടിക്കുന്നവരാണ്. പെണ്‍കുട്ടികൾ കുടുംബത്തിന് ബാധ്യതയാണെന്ന ധാരണയാണ് ഈ മാറ്റിനിർത്തപ്പെടലിന് കാരണം. എന്നാൽ, ഇതിൽ നിന്നും വ്യത്യസ്തമായി ഉത്തർപ്രദേശിലെ ഹാമിർപൂരിലെ ഒരു കുടുംബം തങ്ങളുടെ കുടുംബത്തിലെ ആദ്യത്തെ പെണ്‍കുട്ടിയുടെ ജനനം ഗ്രാമത്തിന് തന്നെ ആഘോഷമാക്കി മാറ്റി. പ്രസവം കഴിഞ്ഞ് അമ്മയുടെയും കുഞ്ഞിന്‍റെയും ആശുപത്രിയിൽ നിന്നും വീട്ടിലേക്കുള്ള ആദ്യ വരവ് തന്നെ ആഘോഷമാക്കി മാറ്റി. ഇതിനായി ഒരുക്കിയത് ഡിജെ പാർട്ടിയും 13 സ്കോർപിയോകളും അകമ്പടിയും.

കാത്തിരുന്നത് പെണ്‍കുഞ്ഞിനായി

ഗ്രാമത്തിന് തന്നെ ആദ്യത്തെ സംഭവമായിരുന്നു അത്. ഒരു പെണ്‍കുട്ടിയുടെ ജനനം ആഘോഷിക്കുകയെന്നാൽ കേട്ടുകേൾവി പോലുമില്ലാത്തത്. അത്തരമൊരു അവസ്ഥയിലാണ് മൗദഹയിലെ മൊഹല്ല ഫത്തേപൂരിൽ താമസിക്കുന്ന രാജു എന്ന് അറിയപ്പെടുന്ന അജ്ഞും പർവേസ് തന്‍റെ മകളുടെ ജനനം കെങ്കേമമായി ആഘോഷിച്ചത്. വിരമിച്ച ആർമി ഓഫീസറാണ് അജ്ഞും പ‍ർവേശിന്‍റെ അച്ഛൻ. അജ്ഞുവിന് നാല് സഹോദരന്മാരാണ് ഉള്ളത്. സഹോദരിമാർ ആരുമില്ല. മറ്റ് സഹോദരങ്ങൾ അവിവാഹിതരാണ്. വീട്ടിൽ ധാന്യങ്ങൾ പൊടിക്കുന്ന മില്ല് നടത്തുകയാണ് അജ്ഞു. അദ്ദേഹം നിഖത് ഫാത്തിമ എന്ന യുവതിയെ വിവാഹം കഴിച്ചു. തങ്ങൾ ഒരു പെണ്‍കുഞ്ഞിന് വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നാണ് അജ്ഞു. മകളുടെ ജനനത്തെ കുറിച്ച് പറഞ്ഞത്.

Scroll to load tweet…

സാമൂഹിക പ്രാധാന്യമുള്ളത്

കൃഷിയും കാർഷികവൃത്തിയിലും ജീവിക്കുന്ന ഹാമിർപൂരിലും പരിസര ഗ്രാമങ്ങളിലും സാധാരണയായി ഒരു ആൺകുട്ടിയുടെ ജനനം ആഘോഷപൂർവ്വം കൊണ്ടാടും. അതേസമയം പെണ്‍കുട്ടികളുടെ ജനനത്തിൽ കുടുംബങ്ങൾ നിരാശ പ്രകടിപ്പിക്കുന്നതും പതിവാണ്. എന്നാൽ ഇതിന് വിരുദ്ധമായി തന്‍റെ മകളുടെ ജനനം ആഘോഷിക്കാൻ അജ്ഞും തീരുമാനിക്കുകയായിരുന്നു. നിഖത് പ്രസവിച്ച ആശുപത്രിയിലെ ഡോ. അൻഷു മിശ്ര ഈ സംരംഭത്തെ ഏറെ സാമൂഹിക പ്രാധാന്യമുള്ള ഒന്നായി വിശേഷിപ്പിച്ചു. ഇത്തരമൊരു ആഘോഷം പെൺമക്കൾക്ക് ബഹുമാനവും പ്രാധാന്യവും നൽകുന്നതിനെക്കുറിച്ചുള്ള സന്ദേശം, മുഴുവൻ പ്രദേശത്തേക്കും എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.