വിവാഹപ്രായത്തെക്കുറിച്ച് ബന്ധുക്കളിൽ നിന്ന് നേരിടുന്ന സമ്മർദ്ദങ്ങളെക്കുറിച്ച് 25-കാരിയായ രശ്മി രാജ് പങ്കുവെച്ച ഇൻസ്റ്റാഗ്രാം വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. പ്രായം കൂടുമ്പോൾ സൗന്ദര്യം കുറയുമെന്നും ഗർഭധാരണത്തിന് തടസ്സമാകുമെന്നും ബന്ധുക്കൾ ഉപദേശിക്കുമ്പോൾ, തൻ്റെ കരിയറിനെക്കുറിച്ച് ആരും സംസാരിക്കുന്നില്ലെന്ന് യുവതി പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

വിവാഹപ്രായത്തെക്കുറിച്ചുള്ള വീട്ടുകാരുടെയും ബന്ധുക്കളുടെയും അനാവശ്യ സമ്മർദ്ദങ്ങൾ തുറന്ന് പറഞ്ഞ് കൊണ്ട് ഒരു 25 -കാരി പങ്കുവെച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച് രശ്മി രാജ് (@cloudgirl_rashmi) എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സ്വകാര്യമായി നടന്ന ഒരു കുടുംബ സംഭാഷണമാണ് വീഡിയോയിലുള്ളത്. "നാല് പേരും അമ്മയും പിന്നെ ഞാനും" എന്ന കുറിപ്പോടെയാണ് വീഡിയോ ആരംഭിക്കുന്നത്.

ബന്ധുക്കൾക്ക് എന്നെ വിവാഹം കഴിപ്പിക്കണം

പ്രായം കൂടുന്തോറും മുഖത്തെ തിളക്കം കുറയുമെന്നും, വൈകി വിവാഹം കഴിക്കുന്നത് ഗർഭധാരണത്തിന് തടസ്സമാകുമെന്നും ബന്ധുക്കൾ യുവതിയെ ഉപദേശിക്കുന്നത് വീഡിയോയിൽ കേൾക്കാം. തന്‍റെ ഇൻസ്റ്റാഗ്രാം ക്യാപ്ഷനിലൂടെ രശ്മി തന്‍റെ പ്രതിഷേധം രേഖപ്പെടുത്തി. "എനിക്ക് 25 വയസ്സായി, ഇതാണ് എന്‍റെ കഥ. വീട്ടിൽ വരുന്ന ഓരോ ബന്ധുവിനും എനിക്ക് വിവാഹത്തെക്കുറിച്ച് ക്ലാസ് എടുക്കാനാണ് താല്പര്യം. എന്നാൽ, ജീവിതത്തിൽ എന്തെങ്കിലും നേടാനോ സ്വന്തം കാലിൽ നിൽക്കാനോ ആരും എന്നെ ഉപദേശിക്കുന്നില്ല." തന്‍റെ കരിയറിനെക്കുറിച്ച് ആർക്കും ആശങ്കയില്ലെന്നും, ശാരീരിക സൗന്ദര്യം കുറയുമെന്നും നല്ല ഭർത്താവിനെ ലഭിക്കില്ലെന്നുമുള്ള പേടിയാണ് എല്ലാവർക്കുമെന്നും യുവതി കുറിച്ചു.

View post on Instagram

ഇരുപക്ഷം പിടിച്ച് നെറ്റിസെൺസ്

ഏകദേശം 40 ലക്ഷത്തിലധികം ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് താഴെ സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. "30 വയസ്സിന് മുമ്പ് വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നതിന് ഒരു കാരണമുണ്ട്. അത് കഴിഞ്ഞാൽ നിങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസവും പക്വതയും വരും. സ്വതന്ത്രയാകുന്നതിന് മുമ്പ് നിങ്ങളെ ഒരു തീരുമാനത്തിലേക്ക് തള്ളിയിടാനാണ് അവർ ശ്രമിക്കുന്നത്. മറ്റുള്ളവരുടെ ടൈംലൈനിൽ വീഴരുത്." എന്നായിരുന്നു ഒരാൾ കുറിച്ചത്. "25 വയസ്സ് എന്നത് വളരെ ചെറിയ പ്രായമാണ്. സമൂഹത്തിന്‍റെ സമ്മർദ്ദത്തിന് വഴങ്ങരുത്. സാമ്പത്തികമായി സ്വതന്ത്രയാകുക, സ്വന്തം ജീവിതം ആസ്വദിക്കുക." എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. ഇന്ത്യൻ കുടുംബങ്ങൾക്ക് വിവാഹത്തോടുള്ള അമിത താല്പര്യം മാറേണ്ട കാലം അതിക്രമിച്ചു എന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. അതേസമയം നല്ലൊരു കുടുംബ ജീവിതത്തിലേക്ക് കടക്കാൻ പറ്റിയ പ്രായമാണെന്നും ചിലർ കുറിച്ചു.