ഫോർച്യൂണറും ബിഎംഡബ്യുവുമായി നടുറോഡില്‍ സ്റ്റണ്ട് നടത്തി വിദ്യാര്‍ത്ഥികൾ; വീഡിയോ വൈറൽ, പിന്നീട് സംഭവിച്ചത്
രാത്രിയില്‍ ആറ് വരി പാതയ്ക്ക് നടുവില്‍ സ്റ്റണ്ട് നടത്തി രണ്ട് വില കൂടിയ കാറുകൾ. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറൽ

റോഡ് സുരക്ഷയ്ക്കായി ഓരോ സംസ്ഥാനങ്ങളും വിവിധ മാർഗ്ഗ നിർദ്ദേശങ്ങളാണ് മുന്നോട്ട് വച്ചിട്ടുള്ളത്. എല്ലാം സുരക്ഷിതമായ റോഡ് യാത്രയ്ക്ക് വേണ്ടി. എന്നാല്‍, അതേ റോഡില്‍ നിയമം കാറ്റില്‍ പറത്തി അപകടകരമായ സ്റ്റണ്ട് നടത്തുന്നതിലാണ് പല യുവാക്കൾക്കും താത്പര്യം. ഇത്തരം നിയമ ലംഘനങ്ങള്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും വീണ്ടു വീണ്ടും ഇത്തരം കാര്യങ്ങൾ ആവര്‍ത്തിക്കപ്പെടുന്നു. ഏറ്റവും ഒടുവിലായി ഹൈദരാബാദ് രാജീവ് ഗാന്ധി വിമാനത്താവളത്തിന് സമീപത്തെ ഔട്ടർ റിംഗ് റോഡില്‍ രണ്ട് വിദ്യാര്‍ത്ഥികൾ നടത്തിയ ലക്ഷ്വറി കാര്‍ സ്റ്റണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. വീഡിയോ വൈറലായതിന് പിന്നാലെ വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്ത് കാറുകൾ പിടിച്ചെടുത്തെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
സൂര്യ റെഡ്ഡി എന്ന പത്രപ്രവര്‍ത്തകനാണ് വിദ്യാര്‍ത്ഥികളുടെ കാര്‍ സ്റ്റണ്ട് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. വീഡിയോയില്‍ ആറ് വരി പാതയുടെ ഒത്ത നടുക്ക് രണ്ട് ലക്ഷ്വറി കാറുകൾ വട്ടം തിരിയുന്നത് കാണാം. രാത്രിയിലായതിനാല്‍ റോഡില്‍ മറ്റ് വാഹനങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. അതേസമയം തൊട്ട് ചേര്‍ന്നുള്ള റോഡിലൂടെ വാഹനങ്ങൾ കടന്ന് പോകുന്നത് കാണാം. വളരെ പെട്ടെന്ന് തന്നെ വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധനേടി. പിന്നാലെ പോലീസിനെ ടാഗ് ചെയ്ത് കൊണ്ട് നിരവധി പേര്‍ വീഡിയോ റീഷെയർ ചെയ്തു. ഇതോടെ നടപടിയുമായി പോലീസും രംഗത്തെത്തി.
Read More: വിവാഹ ശേഷം മൂന്ന് ദിവസത്തേക്ക് 'മലമൂത്രവിസർജ്ജനം ചെയ്യരുത്'; വിചിത്ര ആചാരവുമായി ഒരു ഗോത്രം
Watch Video: 'കണ്ടത് തീ ഗോളം'; മലർന്ന് കിടക്കുന്ന വിമാനത്തില്‍ നിന്നും യാത്രക്കാരെ രക്ഷപ്പെടുത്തുന്ന വീഡിയോ വൈറൽ
എന്നാല്‍, വിദ്യാര്‍ത്ഥികൾ കാറിന്‍റെ നമ്പർ പ്ലേറ്റ് ഊരിവച്ചായിരുന്നു സ്റ്റണ്ട് നടത്തിയത്. ഇത് ഇവരെ തിരിച്ചറിയാന്‍ തടസമായി. എന്നാല്‍, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് ഡ്രൈവർ സീറ്റിലിരുന്ന വിദ്യാര്‍ത്ഥികളുടെ മുഖം തിരിച്ചറിഞ്ഞു. പിന്നാലെ റോഡിലെ സിസിടിവികൾ പരിശോധിച്ച് കാറുകളുടെ സഞ്ചാര പാത മനസിലാക്കിയ പോലീസ് പിന്നാലെ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുകയും കാറുകൾ പിടിച്ചെടുക്കുകയുമായിരുന്നെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. രാജേന്ദ്രനഗർ നിവാസിയായ മുഹമ്മദ് ഒബൈദുള്ള (25), മലക്പേട്ട് നിവാസിയായ സൊഹൈർ സിദ്ദിഖി (25) എന്നിവരാണ് അറസ്റ്റിലായത്.
Watch Video: റെയിൽവേ സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കാന്‍ കൈക്കുഞ്ഞിനെ നേഞ്ചോട് ചേര്‍ത്ത് ആർപിഎഫ് ഉദ്യോഗസ്ഥയായ അമ്മ; വീഡിയോ
