ഗോവയിലെ പോർവോറിമിലെ ടോർഡ ക്രീക്കിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ മഹാരാഷ്ട്ര സ്വദേശികളായ ദമ്പതികളെ നാട്ടുകാർ പിടികൂടി. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ, ഗോവയെ നശിപ്പിക്കുന്ന സഞ്ചാരികൾക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായി.
പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യ സംസ്കരണത്തിലെ പാളിച്ചകൾ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നമാണ് സൃഷ്ടിക്കുന്നതെന്ന് വിദഗ്ദരുടെ മുന്നറിയിപ്പുകൾ നിരന്തരം വരുമ്പോഴും കിട്ടുന്നിടത്തൊക്കെ മാലിന്യം വലിച്ചെറിയുകയാണ് ഓരോരുത്തരും. കഴിഞ്ഞ ദിസവം ഗോവയിലെ പ്രകൃതിദത്ത തടാകത്തിന് പേരുകേട്ട സ്ഥലമായ പോർവോറിമിലെ ടോർഡ ക്രീക്കിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ മഹാരാഷ്ട്രയില്‍ നിന്നുള്ള ദമ്പതികളെ പ്രദേശവാസികൾ കൈയോടെ പിടികൂടി. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ നിരവധി പേരാണ് കുറിപ്പെഴുതിയത്.
വലിച്ചെറിയുന്ന മാലിന്യം
ഗോവയിലെ ഒരു പ്രകൃതിദത്ത തടാകത്തിന് സമീപത്ത് നിർത്തിയ മാരുതി ആൾട്ടോ കാറിന്‍റെ ദൃശ്യത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. തങ്ങൾ ചെയ്ത തെറ്റിനെ കുറിച്ച് ബോധ്യമുള്ളതിനാൽ വീഡിയോയില്‍ മുഖം പതിയാതിരിക്കാനായി കാറിലുള്ള സ്ത്രീയും പുരുഷനും ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. പിന്നാലെ തടാകത്തിലേക്ക് വലിച്ചെറിഞ്ഞ മാലിന്യത്തിലേക്ക് കാമറ തിരിയുന്നു. തടാകത്തില്‍ കുട്ടികളുടെ കളിപ്പാട്ടങ്ങളും നാപ്കിനുകളും ഉപേക്ഷിച്ചിരിക്കുന്നത് കാണാം.
വിശാലമായ തടാകത്തില്‍ മറ്റ് മാലിന്യങ്ങളൊന്നും കാണാനില്ല. വീഡിയോ ചിത്രീകരിച്ചയാൾ, സഞ്ചാരികളായ ദമ്പതികളോട് മാലിന്യം തടാകത്തില്‍ നിന്നും എടുത്ത് മാറ്റാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍, അവരത് ചെയ്യുന്നില്ലെന്ന് മാത്രമല്ല, കാറെടുത്ത് അവിടെ നിന്നും അപ്പോൾ തന്നെ സ്ഥലം വിടുകയും ചെയ്യുന്നു. ഗോവയെ നശിപ്പിക്കുന്നത് സഞ്ചാരികളാണെന്ന കുറിപ്പോടെ വീഡിയോ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ നിരവധി പേര്‍ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി.
ദേശീയ പ്രശ്നം
നിങ്ങൾ ഗോവയിലേക്ക് വന്നാൽ ഗോവയെ ബഹുമാനിക്കുക എന്ന കുറിപ്പെടെയാണ് പോസ്റ്റ് അവസാനിക്കുന്നത്. വീഡിയോ ഇതിനകം അരലക്ഷത്തോളം പേരാണ് കണ്ടത്. ഇത്തരം കുറ്റങ്ങൾ ചെയ്യുന്നവരുടെ മുഖമോ അറ്റ് അടയാളങ്ങളോ മറച്ച് വയ്ക്കേണ്ടതില്ലെന്നും അവരെ സമൂഹ മാധ്യമങ്ങളിലൂടെ പരസ്യമാക്കേണ്ടതുണ്ടെന്നും ചിലരെഴുതി. സ്വന്തം ഇടം വൃത്തിയാക്കാന്‍ മറ്റുള്ളവരുടെ സ്ഥങ്ങളിലേക്ക് മാലിന്യം വലിച്ചെറിയുന്നവര്‍ എന്ത് സംസ്കാരത്തിന്‍റെ പേരിലാണ് ഊറ്റം കൊള്ളുന്നതെന്നായിരുന്നു മറ്റ് ചിലര്‍ ചോദിച്ചത്. കുറ്റം ചെയ്തെന്ന് അവര്‍ക്ക് ബോധ്യമുള്ളത് കൊണ്ടാണ് മുഖം മറയ്ക്കുന്നതെന്ന് ചിലര്‍ കുറിച്ചു. ഇത്തരം പെരുമാറ്റങ്ങൾ ഒരു ദേശീയ പ്രശ്നമായി കണ്ട് നടപടി എടുക്കണമെന്ന് മറ്റ് ചിലര്‍ കുറിച്ചു.


