ദുബായിൽ താമസിക്കുന്ന സ്പാനിഷ് യുവതി, ഉയർന്ന ശമ്പളമുള്ള കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ചതിന്‍റെ കാരണം വെളിപ്പെടുത്തി. ഇരട്ടി ശമ്പളം വാഗ്ദാനം ചെയ്താലും താൻ ഇനി ഒരു കോർപ്പറേറ്റ് ജോലിയിലേക്ക് മടങ്ങില്ലെന്നും, ഉത്കണ്ഠയില്ലാത്ത ജീവിതവും സ്വാതന്ത്ര്യവുമാണ് തനിക്ക് പ്രധാനമെന്നും അവർ പറയുന്നു. ജോലി ഉപേക്ഷിക്കാനുള്ള അഞ്ച് കാരണങ്ങളും അവർ പങ്കുവെച്ചു.

ദുബായിൽ താമസിക്കുന്ന സ്പാനിഷ് യുവതി, തന്‍റെ ശമ്പളം രണ്ട് ഇരട്ടിയായി വർദ്ധിപ്പിച്ചാലും, താൻ ഇനി ഒരിക്കലും ഒരു കോർപ്പറേറ്റ് ജോലിയിലേക്ക് മടങ്ങില്ലെന്ന് വിശദീകരിച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ജോലി ഉപേക്ഷിച്ച ശേഷം നടത്തിയ യാത്രകൾ തന്‍റെ ജീവിതം മെച്ചപ്പെട്ട രീതിയിൽ മാറ്റിയെന്നും അവർ കൂട്ടിചേർക്കുന്നു. ഇത്തരമൊരു തീരുമാനത്തിലെത്തിച്ച അഞ്ച് കാരണങ്ങളും ഇവർ തന്‍റെ വീഡിയോയിൽ വെളിപ്പെടുത്തി.

രണ്ട് ഇരട്ടി തന്നാലും വേണ്ട

റോച്ചി എന്ന് ഇന്‍സ്റ്റാഗ്രാമിൽ അറിയപ്പെടുന്ന സ്പാനിഷ് യുവതി ഫലഗൻ, വളരെ ഉയർന്ന ശമ്പളം ലഭിച്ചിട്ടും താൻ 30 -ാം വയസിൽ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ചതായി വിശദീകരിച്ചു. “കൃത്യമായി പറഞ്ഞാൽ ഒരു വർഷം മുമ്പ് എനിക്ക് വളരെ നല്ല ശമ്പളമുള്ള ഒരു ജോലി ലഭിച്ചു. എനിക്ക് ഒരിക്കലും ആക്‌സസ് ലഭിക്കുമെന്ന് ഞാൻ കരുതിയിട്ടില്ലാത്ത ഒരു ജീവിതശൈലി എനിക്ക് അനുവദിച്ച ഒന്ന് (കാരണം സ്പെയിനിൽ താമസിക്കുന്ന എനിക്ക് ഇത്രയും പണം സമ്പാദിക്കാൻ കഴിയുമെന്ന് ഒരിക്കലും സ്വപ്നം കാണാൻ കഴിയുമായിരുന്നില്ല,” അവർ തന്‍റെ വീഡിയോയിൽ പറയുന്നു. ഇന്ന് താൻറെ വരുമാനത്തിൽ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ടെങ്കിലും ഇനിയൊരിക്കലും താൻ കോർപ്പറേറ്റ് ജോലിയിലേക്ക് മടങ്ങില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഒപ്പം അത്തരമൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ച അഞ്ച് കാരണങ്ങളും അവർ വെളിപ്പെടുത്തി.

View post on Instagram

View post on Instagram

ആ അഞ്ച് കാരണങ്ങൾ

ജോലി ചെയ്യുമ്പോൾ, എല്ലാ ദിവസവും രാവിലെ ഒരു ഭയത്തോടെയാണ് താൻ ഉണരാറുണ്ടായിരുന്നതെന്ന് റോച്ചി പറയുന്നു. പക്ഷേ ഇപ്പോൾ തനിക്ക് ആ പഴയ ഉത്കണ്ഠയ്ക്ക് പകരം ഒരു ശാന്തത വന്നിരിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ഓഫീസ് ജോലി ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പോലെയാണ്. മറ്റൊരാളായി അഭിനയിച്ച് താൻ സ്വയം ക്ഷീണിതയായിയെന്നും അവർ പറയുന്നു. ഇനി ശമ്പളത്തിനായി താനൊരിക്കലും അഭിനയിക്കില്ലെന്നും അവർ വ്യക്തമാക്കി. മൂന്നാമതായി സ്വന്തമായി ബിസിനസ് നടത്തുമ്പോൾ ഉണ്ടാകുന്ന പരാജയങ്ങൾ തന്‍റേത് മാത്രമാണ്. അപ്പോൾ വിജയിക്കാനായി നമ്മൾ ഏറെ ശ്രദ്ധ ചെലുത്തുന്നു. 

എന്നാൽ കോർപ്പറേറ്റ് മേഖലയിലെ പരാജയം തന്നെ വലിയ തളർച്ചയിലേക്ക് തള്ളിവിടുന്നു. കോർപ്പറേറ്റ് ലോകത്ത് നിന്നും മാറിയതോടെ ആരെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കാനുള്ള സ്വതന്ത്ര്യം നൽകുന്നു. എന്നാൽ കോർപ്പറേറ്റ് ലോകത്ത് വിഷലിപ്തമായ മാനേ‍ജർമാരെയോ സഹപ്രവർത്തകരെയോ നിങ്ങൾ എപ്പോഴും കാണാൻ ഇടവരുന്നു. ഏറ്റവും ഒടുവിലായി സ്വതന്ത്ര്യത്തിന്‍റെ വില തനിക്ക് മനസിലായെന്നും അവർ കൂട്ടിച്ചേർത്തു. പക്ഷേ, ആ സ്വതന്ത്ര്യത്തിലേക്ക് എത്താൻ തന്‍റെ ബാങ്ക് അക്കൗണ്ട് കാലിയാക്കേണ്ടി വന്നെങ്കിലും അതിലും ഏത്രയോ മുകളിലാണ് ആ സ്വാതന്ത്ര്യമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. ഫലഗൻറെ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് തങ്ങളും കോർപ്പറേറ്റ് ലോകത്ത് സമാന പ്രയാസങ്ങൾ അനുഭവിക്കുന്നതായി കുറിച്ചു.