കർണാടകയിലെ ധാർവാഡ് ജില്ലയിൽ അപ്രതീക്ഷിതമായി ഉണ്ടായ ശക്തമായ ആലിപ്പഴ വർഷം പ്രദേശത്തെ മഞ്ഞിൽ പുതപ്പിച്ചു. കശ്മീരിന് സമാനമായ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ പലരും ഇത് യഥാർത്ഥ മഞ്ഞുവീഴ്ചയാണോ എന്ന് സംശയിച്ചു. കാലാവസ്ഥാ വകുപ്പ് പ്രദേശത്ത് മഴയും ഇടിമിന്നലും പ്രവചിച്ചിരുന്നു. ശക്തമായ ആലിപ്പഴ വർഷത്തെ തുടർന്ന് വാഹന ഗതാഗതം നിലച്ചു.
മണാലി അടക്കുമുള്ള ഹിമാലയൻ ഗ്രാമങ്ങളിൽ മഞ്ഞ് കാലത്ത് ഏറ്റവും കൂടുതലെത്തുന്ന ആഭ്യന്തര സഞ്ചാരികളിൽ പ്രമുഖ സ്ഥാനം മലയാളിക്കുണ്ട്. എന്നാൽ മഞ്ഞ് കാണാൻ ഇനി മണാലി വരെ യാത്ര ചെയ്യേണ്ടെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഉപദേശം. അതെ കഴിഞ്ഞ ദിവസങ്ങളിൽ കർണാകട ഗ്രാമങ്ങളിൽ ശക്തമായ മഞ്ഞ് വീഴ്ച അനുഭവപ്പെട്ടു. ഇതോടെ ഭൂമിയും മരങ്ങളും ഏതാണ്ട് മുഴുവനായും മഞ്ഞിൽ പുതച്ച് നിൽക്കുന്ന കർണാടക ഗ്രാമങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായി.
പ്രകൃതിയുടെ വികൃതി
കശ്മീരിലെ ഒരു കുന്നിൻ പ്രദേശത്തിന് സമാനമായ ദൃശ്യമെന്നായിരുന്നു കർണാടകയിലെ ദൃശ്യങ്ങളെ സമൂഹ മാധ്യമ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടിയത്. ചൊവ്വാഴ്ച (മാർച്ച് 18) വൈകുന്നേരം കർണാടകയിലെ ധാർവാഡ് ജില്ലയിലെ കൽഘട്ട്ഗി പട്ടണത്തിനും സമീപ ഗ്രാമങ്ങളിലും അപ്രതീക്ഷിതമായി ശക്തമായ ആലിപ്പഴ വർഷമുണ്ടായി. അപ്രതീക്ഷിതമായ കാലാവസ്ഥാ വ്യതിയാനം പ്രദേശവാസികളെ പരിഭ്രാന്തരാക്കി. ശക്തമായ ആലിപ്പഴ വർഷമായിരുന്നതിനാൽ മണിക്കുറുകൾക്കുള്ളിൽ പ്രദേശം മുഴുവനായും മഞ്ഞിൽ പുതഞ്ഞു. റോഡുകളും മരങ്ങളും വീടുകളും കെട്ടിടങ്ങളുമെല്ലാം വെള്ള വിരിച്ചത് പോലെ മഞ്ഞിൽ പുതഞ്ഞ് കിടന്നു. ആദ്യത്തെ അമ്പരപ്പ് മാറിയതോടെ ഗ്രാമവാസികൾ മഞ്ഞിൽ കളിക്കുന്നതും മറ്റുമുള്ള വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടു.
എഐയോയെന്ന് സംശയിച്ച്
ആലിപ്പഴം വീണ് വെള്ള നിറത്തിലായ റോഡുകളും ഗ്രാമ ചിത്രങ്ങളും കണ്ട് സമൂഹ മാധ്യമ ഉപയോക്താക്കൾ അത് എഐ നിർമ്മിതമാണോയെന്ന് സംശയിച്ചു. പലരും കർണാടകയിൽ മഞ്ഞ് വീഴ്ചയോ എന്ന് അതിശയം കൊണ്ടു. കാലാവസ്ഥാ വ്യതിയാന കാലത്ത് ഇനിയും എന്തൊക്കെ കാണാനിരിക്കുന്നുവെന്ന് മറ്റ് ചിലർ കുറിച്ചു. അതേസമയം ശക്തമായി മഞ്ഞ് വീഴ്ചയിൽ വാഹനങ്ങൾ റോഡുകളിൽ സർവീസ് നിർത്തിവച്ചു. ആലിപ്പഴം ഉരുകി മാറുന്നത് വരെ വാഹന ഗതാഗതം നിർത്തിവച്ചു. ധാർവാഡ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ആലിപ്പഴ വർഷവും മഴയും റിപ്പോർട്ട് ചെയ്തെങ്കിലും ചുറ്റുമുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് കൽഘട്ട്ഗിയിൽ തീവ്രത വളരെ കൂടുതലായിരുന്നെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.
ഇടിമിന്നൽ മുന്നറിയിപ്പ്
ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്‍റെ (IMD) ബെംഗളൂരു കേന്ദ്രം മാർച്ച് 18 ന് നിരവധി ജില്ലകളിൽ ഇടിമിന്നലോടുകൂടിയ നേരിയതോ മിതമായതോ ആയ മഴയും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ബെംഗളൂരു, ചിക്കബെല്ലാപൂർ, കോലാർ, തുംകുരു, മാണ്ഡ്യ, രാമനഗര, മൈസൂരു, ഹാസൻ, ദാവണഗെരെ, ബെല്ലാരി, വിജയനഗര എന്നീ പ്രദേശങ്ങളിൽ ശക്തമായ മഴയും പ്രവചിച്ചിരുന്നു. അതേസമയം ചാമരാജനഗർ, മൈസൂരു, ഹാസൻ, ബെലഗാവി, ധാർവാഡ്, വിജയപുര, കൊപ്പൽ, ഹുബ്ബള്ളി എന്നിവയുൾപ്പെടെ നിരവധി ജില്ലകളിൽ കനത്ത മഴയും ആലിപ്പഴ വർഷവും റിപ്പോർട്ട് ചെയ്യപ്പെട്ടു. മാർച്ച് 20 വരെ കർണാടകയുടെ തീരദേശ, വടക്കൻ ഉൾനാടൻ, തെക്കൻ ഉൾനാടൻ ഭാഗങ്ങളിൽ ഇടിമിന്നലും മിന്നലും ഉണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.


