പുരാണ കില്ലയിൽ നിന്ന് ലഭിച്ച പുരാവസ്തു തെളിവുകൾ ഒരു പുരാതന സംസ്കാരത്തെ സൂചിപ്പിക്കുന്നുണ്ടെങ്കിലും, അത് മഹാഭാരതത്തിലെ ഇന്ദ്രപ്രസ്ഥമാണെന്ന് സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വിദഗ്ദ്ധർ വ്യക്തമാക്കുന്നു.  

നൂറ്റാണ്ടുകളായി ഉത്തരേന്ത്യയിലെ പല സ്ഥലങ്ങൾക്കും കഴിഞ്ഞ ഒരു ദശകത്തിനിടെയിൽ പുതിയ പേരുകൾ നൽകപ്പെട്ടു കഴിഞ്ഞു. പേര് മാറ്റത്തിനായി പല കാരണങ്ങളാണ് സർക്കാർ പറയുന്നത്. ഈ വഴിയില്‍ ഏറ്റവും ഒടുവിലായി ഇന്ത്യയുടെ രാജ്യതലസ്ഥാനമായ ദില്ലിയുടെ പേര് പുരാണ ഹിന്ദു പുരാണമായ മഹാഭാരതത്തിലെ പാണ്ഡവരുടെ തലസ്ഥാനമായ 'ഇന്ദ്രപ്രസ്ഥം' എന്ന് മാറ്റണമെന്നാണ് വ്യവസായിയും ബിജെപിയുടെ ചാന്ദിനി ചൌക്കിൽ നിന്നുള്ള എംപിയുമായ പ്രവീൺ ഖണ്ടേൽവാൾ കേന്ദ്ര സർക്കാറിന് കഴിഞ്ഞ ദിവസം അപേക്ഷ നല്‍കിയത്. എന്നാല്‍, ഇത്തരമൊരു വാദത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്.

ഇന്ദ്രപ്രസ്ഥം

മഹാഭാരതത്തിൽ പാണ്ഡവർ സ്ഥാപിച്ചുവെന്ന് പറയുന്ന ഇന്ദ്രപ്രസ്ഥം യാഥാർത്ഥ്യത്തിൽ എവിടെ, എപ്പോൾ സ്ഥാപിക്കപ്പെട്ടുവെന്നത് ചരിത്രകാരൻമാരുടെയും പുരാവസ്തു ഗവേഷകരുടെയും അന്വേഷണ വിഷയമായിരുന്നു. ഇപ്പോഴത്തെ ഇന്ത്യന്‍ തലസ്ഥാനമായ ദില്ലി നഗരവുമായി ഈ പുരാതന നഗരത്തിന് ബന്ധമുണ്ടോയെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് ദശകങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ ഇതുവരെയായും ഈ വാദത്തിലേക്കുള്ള ശക്തമായൊരു തെളിവ് കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല.

മഹാഭാരതത്തില്‍ സ്വന്തം പിതാവിന്‍റെ ജ്യേഷ്ഠന്‍റെ മക്കളായ കൗരവരെ, കുരുക്ഷേത്ര യുദ്ധത്തിൽ പരാജയപ്പെടുത്തി അധികാരത്തിലേറിയ പാണ്ഡവർ ഇന്ദ്രപ്രസ്ഥം തലസ്ഥാനമായി രാജ്യം ഭരിച്ചുവെന്നാണ് പറയുന്നത്. മഹാഭാരതത്തിലെ ചില പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ, ചില ഗവേഷകർ ഇന്ദ്രപ്രസ്ഥത്തിന്‍റെ സ്ഥാനം ഇന്നത്തെ ദില്ലിയിലെ പുരാണ കില്ല (Purana Qila) പ്രദേശത്താണെന്ന് വാദിക്കുന്നു.

അതേസമയം, ബ്രിട്ടീഷ് കാലഘട്ടത്തിലും സ്വാതന്ത്ര്യാനന്തര കാലത്തും ഇവിടെ നടത്തിയ ഖനനങ്ങളിൽ നിന്നും കിട്ടിയ തെളിവുകൾ ഈ പ്രദേശത്ത് ഒരു പുരാതന നാഗരിതക ഉണ്ടായിരുന്നുവെന്നതിന് തെളിവ് നല്‍കുന്നു. എന്നാല്‍, ഇന്ദ്രപ്രസ്ഥമോ കുരുക്ഷേത്ര യുദ്ധം നടന്ന പ്രദേശമോ കണ്ടെത്താന്‍ പുരാവസ്തു ഗവേഷകര്‍ക്കാര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതാണ് യഥാര്‍ത്ഥ്യം. അനേകം ദശകങ്ങളായി അതിനുള്ള അന്വേഷണങ്ങൾ പല ഗവേകരും പല കാലങ്ങളിലായി നടത്തിയിട്ടുണ്ടെങ്കിലും അത്തരമൊരു പ്രദേശത്തെ കുറിച്ചുള്ള യാതൊരു തെളിവുകളും ആർക്കും തന്നെ ലഭിച്ചിട്ടില്ല.

പുരാവസ്തു തെളിവുകൾ

2014 -ല്‍ നടത്തിയ ഖനനങ്ങളിൽ ഇവിടെ നിന്നും ചായം പൂശിയ ചാര നിറത്തിലുള്ള (Painted Grey Ware) കുടിവെള്ള, ഭക്ഷണപാത്രങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. PGW Culture എന്നറിയപ്പെടുന്ന ഈ സാംസ്കാരിക അടയാളങ്ങളെ ചിലർ മഹാഭാരത കാലവുമായി ബന്ധിപ്പിക്കുന്നു. അതേസമയം ഇത് ഇരുമ്പ് യുഗത്തിലെ ഇന്ത്യൻ - ആര്യന്‍ സംസ്കാരവുമായി ഏറെ ബന്ധം പുലർത്തുന്നതായി മറ്റ് ചില ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. PGW culture ഏകദേശം 1,100 BCE മുതല്‍ ഏകദേശം 500-400 BCE വരെ നീണ്ട് നിന്നിരിക്കാമെന്നും പുരാവസ്തു ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

ദില്ലിയുടെ പുരാതന ചരിത്രത്തെ കുറിച്ച് പഠിച്ചിട്ടുള്ള പ്രമുഖ ഗവേഷകയായ ഉപ്പിന്ദര്‍ സിംഗിനെ (Upinder Singh) പോലുള്ള ചരിത്രകാരികൾ, PGW സംസ്കാരത്തെ കുറിച്ചുള്ള കണ്ടെത്തലുകള്‍ മഹാഭാരതത്തിലേയ്ക്ക് നേരിട്ട് ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന ഒന്നല്ലെന്ന് സമർത്ഥിക്കുന്നു. അതിന് ആവശ്യമായ നിർണ്ണായകമായ ഒരു തെളിവും പ്രദേശത്ത് നിന്നും ഇതുവരെ ലഭിച്ചിട്ടില്ല. ആ കാലഘട്ടത്തില്‍ അവിടെ ജീവിച്ചിരുന്ന മനുഷ്യർ നിത്യജീവിതത്തില്‍ ഉപയോഗിച്ചിരുന്ന ചില വസ്തുക്കളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇത് അക്കാലത്തെ സാധാരണ ജീവിതത്തെ പ്രതിനിധീകരിക്കുന്നവ മാത്രമാണ്. അതേസമയം PGW സംസ്കാരത്തിന്‍റെ കണ്ടെത്തലിലൂടെ ദില്ലിയിൽ 1,200 BCE വരെ പഴക്കമുള്ള ഒരു സംസ്കാരം നിലനിന്നിരുന്നുവെന്നതിന് തെളിവുകളുണ്ട്. എന്നാല്‍, മഹാഭാരത ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നത് പോലുള്ള സംഭവങ്ങൾ പ്രദേശത്ത് സംഭവിച്ചുവെന്നതിന് യാതൊരു തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ല.

പുരാണ കില്ലയുടെ അവശിഷ്ടങ്ങൾ ലഭിച്ച ഭൂമിയുടെ വിവിധ പാളികളിൽ നിന്നും കണ്ടെത്തിയ മറ്റ് തെളിവുകൾ ദില്ലിയിൽ വൈദികകാലം മുതൽ തുടർച്ചയായ മനുഷ്യവാസം ഉണ്ടായിരുന്നുവെന്നതിന് സൂചന നല്‍കുന്നു. എന്നാല്‍, ഒരു രാജധാനിയുടെയോ എന്തിന് വലിയൊരു നാഗരീതകയുടെയോ നിലനില്‍പ്പ് ഇവിടെയുണ്ടായിരുന്നു എന്നതിനുള്ള ഒരു സൂചനയും നല്‍കുന്നില്ല. അതേസമയം ദില്ലിക്ക് സമീപത്തും ഉത്തരേന്ത്യയിലെ നിരവധി പ്രദേശങ്ങളില്‍ നിന്നും ദക്ഷിണേന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും PGW സംസ്കാരത്തിന്‍റെ നിരവധി അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുമുണ്ട്. ഇത് സൂചിപ്പിക്കുന്നത് ഈ പ്രദേശങ്ങളെല്ലാം 1,200 BCE കാലത്ത് സജീവമായ മനുഷ്യവാസം ഉണ്ടായിരുന്ന പ്രദേശങ്ങളാണെന്ന് മാത്രമാണ്.

മഹാഭാരതം

ഖണ്ഡവപ്രസ്ഥം എന്ന കൊടുങ്കാട് കൃഷ്ണന്‍റെയും അർജ്ജുനന്‍റെയും സഹായത്തോടെ നശിപ്പിച്ച പാണ്ഡവർ, അവിടെ ഒരു നഗരം പണിതതെന്ന് മഹാഭാരതത്തിൽ പറയുന്നു. അതേസമയം ഖണ്ഡവപ്രസ്ഥം എന്ന കൊടുങ്കാടിന്‍റെ അതിരുകൾ എവിടെ ആയിരുന്നുവെന്നതിലേക്കോ അവിടെ ഒരു വലിയ നാഗരീതകയോ രാജധാനിയോ നിലനിന്നിരുന്നുവെന്നതിലേക്കോ നയിക്കുന്ന ശക്തമായ തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ല.

മഹാഭാരത സംഭവങ്ങളും സ്ഥലനാമങ്ങളും പുരാണപരമായ പ്രതീകങ്ങൾ മാത്രമാണെന്നും ചരിത്രകാരന്മാർ വാദിക്കുന്നു. ലഭ്യമായ തെളിവുകൾ അവിടെ ഒരു സംസ്കാരം നിലനിന്നിരുന്നുവെന്നതിന് തെളിവ് നല്‍കുന്നുണ്ടെങ്കിലും പുരാണ ഗ്രന്ഥങ്ങളില്‍ പറയുന്നത് പോലെ ഒരു ശക്തമായ രാജ്യതലസ്ഥാനത്തിലേക്ക് സൂചന നല്‍കുന്ന യാതൊരു തെളിവും ഇതുവരെ ലഭ്യമായിട്ടില്ല. റോമിലാ ഥാപ്പറിനെ പോലെയുള്ള ചരിത്രകാരന്മാര്‍ മഹാഭാരതം ഒരു മത–പുരാണ ഗ്രന്ഥമാണെന്നും ഒരു ചരിത്രഗന്ഥമായി പരിഗണിക്കാന്‍ കഴിയില്ലെന്നും അസന്നിഗ്ദമായി പറഞ്ഞ് വയ്ക്കുന്നു. മഹാഭാരതത്തിലെ കഥകളെ ശബ്ദാർത്ഥത്തിൽ ആധുനിക ഭൂപടവുമായി ബന്ധപ്പെടുത്തി തിരിച്ചറിയാൻ ശ്രമിക്കുന്നത് ശാസ്ത്രീയമായി ശരിയല്ലെന്നും റോമിലാ ഥാപ്പർ ചൂണ്ടിക്കാട്ടുന്നു.