തന്റെ ഭക്ഷണത്തിൽ ഏറെയും താൻ ഉൾപ്പെടുത്തുന്നത് പഴവും പച്ചക്കറിയുമാണ് എന്നും സെൽവിനോ പറയുന്നു. അതുപോലെ മാംസവും കിഴങ്ങും എല്ലാം കൃത്യമായി ബാലൻസ് ചെയ്ത് കഴിക്കാനും സെൽവിനോ ശ്രദ്ധിക്കുന്നു.
ഒരു മനുഷ്യൻ ശരാശരി എത്ര വയസുവരെ ജീവിക്കും? ഓരോ രാജ്യത്തും വിവിധ കാരണങ്ങളെ അടിസ്ഥാനപ്പെടുത്തി അത് വ്യത്യാസപ്പെട്ടിരിക്കാറുണ്ട് അല്ലേ? അതുപോലെ തന്നെ നമ്മുടെ ജീവിതരീതിയും മറ്റും കണക്കിലെടുത്തും അത് വ്യത്യാസപ്പെടാറുണ്ട്. ഏതായാലും ബ്രസീലിൽ നിന്നുമുള്ള ഒരാൾ 113 വർഷം ജീവിച്ചു. ഇപ്പോഴും വളരെ സന്തോഷമായി ജീവിതം മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. അതിന് അദ്ദേഹം പറയുന്ന കാരണമാണ് ഏറെ രസകരം.
ജീവിതത്തിലെ സന്തോഷങ്ങളെല്ലാം കണ്ടെത്തുകയും ആസ്വദിക്കുകയും ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളാണ് 113 -കാരനായ സെൽവിനോ. സെൽവിനോ ജെസൂസ് ഡേ ഒലിവേറിയ ജനിച്ചത് 1910 -ലാണ്. ജൂലൈ 2023 -ൽ അദ്ദേഹത്തിന് 113 വയസ് തികഞ്ഞു. മുത്തശ്ശിയാണ് സെൽവിയോയെ വളർത്തിയത്. 50 വർഷം മുമ്പ് അദ്ദേഹം ബ്രസീലിലെ പരാന സംസ്ഥാനത്തിലെ സാന്താ ഇസബെൽ ഡോ ഓസ്റ്റിൽ സ്ഥിരതാമസമാക്കി. പിന്നീട് ഇക്കാലം വരെയും അവിടെ തന്നെയാണ് താമസം.
ബ്രിട്ടീഷ് ലോൺ ബൗളിംഗുമായി താരതമ്യപ്പെടുത്താവുന്ന ബോസെ എന്ന കായികയിനത്തോടായിരുന്നു സെൽവിനോയ്ക്ക് താല്പര്യം. നേരത്തെ അത് കളിച്ചിരുന്നുവെങ്കിലും വയസായതോടെ ആസ്വാദകൻ മാത്രമാവുകയായിരുന്നു. സമ്മർദ്ദമില്ലാത്ത ജീവിതവും നല്ല ഭക്ഷണവുമാണ് ഈ പ്രായത്തിലും ഇങ്ങനെ ആരോഗ്യത്തോടെയിരിക്കാനും ഈ വയസുവരെ ജീവിച്ചിരിക്കാനും തന്നെ സഹായിക്കുന്നത് എന്നാണ് സെൽവിനോ പറയുന്നത്. തന്റെ ഭക്ഷണത്തിൽ ഏറെയും താൻ ഉൾപ്പെടുത്തുന്നത് പഴവും പച്ചക്കറിയുമാണ് എന്നും സെൽവിനോ പറയുന്നു. അതുപോലെ മാംസവും കിഴങ്ങും എല്ലാം കൃത്യമായി ബാലൻസ് ചെയ്ത് കഴിക്കാനും സെൽവിനോ ശ്രദ്ധിക്കുന്നു.
എന്നാൽ, സെൽവിനോ തമാശയായി പറയുന്നത് ഇതിനേക്കാളൊക്കെ ദീർഘായുസ്സോടെ ഇരിക്കാൻ തന്നെ സഹായിച്ചത് താൻ വിവാഹം കഴിച്ചിട്ടില്ല എന്ന സത്യമാണ് എന്നാണ്. സെൽവിനോ വിവാഹം കഴിച്ചിട്ടില്ല, കുട്ടികളും ഇല്ല. എപ്പോഴും പൊസിറ്റീവായിട്ടുള്ള ഒരാളാണ് താൻ എന്നും അദ്ദേഹം പറയുന്നു. അതിനാൽ തന്നെ സമൂഹത്തിലൊക്കെ നല്ല സ്നേഹവും ബഹുമാനവുമാണ് സെൽവിനോയ്ക്ക് കിട്ടുന്നത്.
