ഗാസ ആക്രമണത്തിന് യുഎസ് നല്‍കുന്ന ധനസഹായത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് യുഎസ് സെനറ്റ് ഹാളില്‍ ഇത്തരമൊരു സംഭവം നടക്കുന്നത്.
ബെൻ & ജെറി ഐസ്ക്രീമിന്‍റെ സഹസ്ഥാപകനായ ബെൻ കോഹൻ അറസ്റ്റിൽ. ഇസ്രായേലിനുള്ള യുഎസ് സൈന്യത്തിന്‍റെ സഹായത്തിനും ഗാസയിലെ മാനുഷിക സാഹചര്യങ്ങൾക്കും എതിരെ പ്രതിഷേധിച്ചതിനാണ് ബുധനാഴ്ച കാപ്പിറ്റോൾ ഹില്ലിൽ വെച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസ് സെക്രട്ടറി റോബർട്ട് എഫ് കെന്നഡി ജൂനിയർ ഉൾപ്പെട്ട സെനറ്റിന്‍റെ വാദം കേൾക്കൽ തടസ്സപ്പെടുത്തിയ പ്രതിഷേധത്തിന് ഒടുവിലായിരുന്നു കോഹന്‍റെ അറസ്റ്റ്.
ഗാസയിലെ പാവപ്പെട്ട കുട്ടികളെ കൊല്ലുകയും അമേരിക്കയിലെ കുട്ടികൾക്കുള്ള മെഡിക്കെയ്ഡ് വെട്ടിക്കുറയ്ക്കുകയും ചെയ്ത് കൊണ്ട് ഇസ്രായേലിന് സൈനിക സഹായം നൽകുകയാണെന്നായിരുന്നു കോഹൻ സെനറ്റിന്‍റെ പൊതു ഗാലറിയിലിരുന്ന് ഉച്ചത്തിൽ വിളിച്ച് പറഞ്ഞത്. 'യുഎസ് കോൺഗ്രസ് ഗാസയിലെ കുഞ്ഞുങ്ങളെ കൊല്ലാനുളള ബോംബുകൾക്ക് പണം നൽകുന്നു' അദ്ദേഹം പൊതു ഗ്യാലറിയില്‍ ഇരുന്ന് വിളിച്ച് പറഞ്ഞു. ഇതോടെയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത പോലീസ് ഗ്യാലറിയിൽ നിന്നും നീക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത് കൊണ്ട് പോകുന്നതിനിടയിലും ഗാസയിലേക്ക് ഭക്ഷണം അയക്കൂവെന്ന് അദ്ദേഹം ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു എന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പെതു ഗ്യാലറിയില്‍ ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ് കെന്നഡി ജൂനിയർ ഡിപ്പാർട്ട്മെന്‍റിന്‍റെ ബഡ്ജറ്റ് പ്രൊപ്പോസൽ അവതരിപ്പിക്കുന്നതിനിടെ കോഹന്‍റ കെന്നഡി ജൂനിയറും പോലീസും മറ്റ് അംഗങ്ങളും ഒരു നിമിഷം ഞെട്ടുന്നതും വീഡിയോയിൽ കാണാം. കൈകൾ പിന്നിൽ ബന്ധിച്ച് പോലീസ് കോഹനെ പുറത്തേക്ക് കൊണ്ട് പോകുന്നതിന്‍റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. സിവിൽ നിയമ ലംഘന കേസുകൾക്ക് ബാധകമായ ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ കോഡ് പ്രകാരമാണ് കോഹനെതിരെ കുറ്റം ചുമത്തിയതെന്ന് കാപ്പിറ്റോൾ പോലീസ് പറഞ്ഞു.
ആൾക്കൂട്ടത്തെ സൃഷ്ടിക്കുക, പൊതു ചടങ്ങുകൾ തടസ്സപ്പെടുത്തുക എന്നീ നിയമലംഘനങ്ങളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. കോഹനെ കൂടാതെ, മറ്റ് ആറ് പ്രതിഷേധക്കാരെയും ഹിയറിംഗിനിടെ പോലീസ് അറസ്റ്റ് ചെയ്തു. ദീർഘകാല പുരോഗമന പ്രവർത്തകനായ കോഹൻ, 1978 -ലാണ് ജെറി ഗ്രീൻഫീൽഡുമായി ചേർന്ന് പ്രശസ്ത ഐസ്ക്രീം ബ്രാൻഡായ ബെൻ & ജെറീസ് സ്ഥാപിച്ചത്. നിലവിൽ ബെൻ & ജെറീസ് മാതൃ കമ്പനിയായ യൂണിലിവർ പിഎൽസിയുമായി നിയമ യുദ്ധത്തിലാണ്. രാഷ്ട്രീയ വിഷയങ്ങളിൽ ബ്രാൻഡിന് എത്രത്തോളം തുറന്ന് ഇടപെടാമെന്നതിനെ കുറിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലാണ് കേസ് നടക്കുന്നത്.


