ജീവിതത്തിൽ ഏറ്റവും ആവശ്യമുള്ളപ്പോൾ ലഭിക്കാത്ത അവസരങ്ങൾ, ആവശ്യമില്ലാത്ത സമയത്ത് തേടിയെത്തുന്നതിനെക്കുറിച്ച് പ്രമുഖ സംരംഭകൻ അക്ഷത് ശ്രീവാസ്തവ പങ്കുവെച്ച ലിങ്ക്ഡ്ഇൻ കുറിപ്പ് ശ്രദ്ധേയമാകുന്നു. തനിക്ക് നിലവിൽ ആവശ്യമില്ലെങ്കിലും നിരന്തരം ലഭിക്കുന്ന ജോലി, ലോൺ വാഗ്ദാനങ്ങളെക്കുറിച്ചാണ് അദ്ദേഹം തുറന്നെഴുതിയത്.

ജീവിതത്തിൽ പലപ്പോഴും നമുക്ക് ഏറ്റവും അത്യാവശ്യമുള്ള സമയത്ത് അവസരങ്ങൾ കണ്ടെത്താൻ പ്രയാസമായിരിക്കും, എന്നാൽ, അവ ഒട്ടും ആവശ്യമില്ലാത്ത സമയത്തോ തനിയെ തേടിയെത്തുകയും ചെയ്യും. പ്രമുഖ സംരംഭകനായ അക്ഷത് ശ്രീവാസ്തവ തന്‍റെ ലിങ്ക്ഡ്ഇൻ കുറിപ്പിലൂടെ പങ്കുവെച്ച ഈ ചിന്ത ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയാകുകയാണ്. തനിക്ക് ഒട്ടും ആവശ്യമായി വരാത്ത ഈ സമയത്തും ജോലിയും വായ്പയും വാഗ്ദാനം ചെയ്തുകൊണ്ട് നിരന്തരം ഓഫറുകൾ ലഭിക്കുന്നതിനെക്കുറിച്ചാണ് അദ്ദേഹം തുറന്നെഴുതിയത്.

ആവശ്യമില്ലാത്തപ്പോൾ തേടിയെത്തുന്ന അവസരങ്ങൾ

താൻ നിലവിൽ മറ്റൊരു ജോലിയും അന്വേഷിക്കുന്നില്ലെങ്കിലും, ദിവസവും ശരാശരി രണ്ട് ജോലി വാഗ്ദാനങ്ങളെങ്കിലും ലിങ്ക്ഡ്ഇൻ വഴി തനിക്ക് ലഭിക്കുന്നുണ്ടെന്ന് ശ്രീവാസ്തവ പറയുന്നു. മുൻപ് ഒരു ജോലിക്ക് വേണ്ടി നൂറോളം കമ്പനികളുമായി ബന്ധപ്പെട്ടപ്പോൾ വെറും രണ്ടെണ്ണത്തിൽ നിന്നു മാത്രം മറുപടി ലഭിച്ച പഴയ കാലവുമായി അദ്ദേഹം ഇതിനെ താരതമ്യം ചെയ്തു. അടിയന്തരമായി ആവശ്യമുള്ളപ്പോൾ അവസരങ്ങൾക്ക് പിന്നാലെ അലയുന്നതും, എന്നാൽ ഒട്ടും ആഗ്രഹിക്കാത്ത സമയത്ത് അവ തേടിയെത്തുന്നതും തമ്മിലുള്ള വലിയ വൈരുദ്ധ്യമാണ് ഈ അനുഭവങ്ങളിലൂടെ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

വേണ്ടത്ത സമയത്ത് ലോൺ ഓഫറും

ബാങ്ക് വായ്പകളുടെ കാര്യത്തിലും സമാനമായ അനുഭവമാണ് ശ്രീവാസ്തവ പങ്കുവെച്ചത്. വിദേശത്ത് എംബിഎ പഠനത്തിന് തയ്യാറെടുത്തിരുന്ന സമയത്ത് സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് അദ്ദേഹം ഏറെ ആശങ്കാകുലനായിരുന്നു. അന്ന് ചില ബാങ്കുകളെ സമീപിച്ചെങ്കിലും പഠനത്തിന് ആവശ്യമായ തുക മുഴുവനായി വായ്പ ലഭിക്കില്ലെന്ന് മനസ്സിലായി. എന്നാൽ, ഇന്നത്തെ അവസ്ഥ തികച്ചും വ്യത്യസ്തമാണെന്നും, ബാങ്ക് വായ്പയുടെ യാതൊരു ആവശ്യവുമില്ലാത്ത നിലവിൽ തനിക്ക് അഞ്ചോളം ലോൺ വാഗ്ദാനങ്ങളാണ് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

'വിചിത്രമായ ലോകമെന്ന്'

"ലോകം ശരിക്കും വിചിത്രമായ ഒരു സ്ഥലമാണ്. ആളുകൾ എന്തെങ്കിലും ശക്തമായി ആഗ്രഹിക്കുമ്പോൾ അത് ലഭിച്ചെന്നു വരില്ല, എന്നാൽ അതിനെക്കുറിച്ചുള്ള ആശങ്കകൾ ഒഴിവാക്കുമ്പോൾ അവസരങ്ങൾ സ്വയം തെളിഞ്ഞുവരും," ശ്രീവാസ്തവ കുറിച്ചു. നാം ഒന്നിനെക്കുറിച്ചും അമിതമായി ആകുലപ്പെടുന്നത് നിർത്തുമ്പോൾ കാര്യങ്ങളെല്ലാം തനിയെ ശരിയായ വഴിക്ക് വരുമെന്ന സന്ദേശത്തോടെയാണ് അദ്ദേഹം തന്‍റെ കുറിപ്പ് അവസാനിപ്പിച്ചത്