മുംബൈ പോലീസിന്‍റെ സ്റ്റിക്കര്‍ പതിച്ച ഒരു സ്കൂട്ടിയില്‍ ഹെൽമറ്റ് പോലുമില്ലാതെ സഞ്ചരിക്കുന്ന മൂന്ന് പോലീസുകാരുടെ ചിത്രമായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കളെ രോഷം കൊള്ളിച്ചത്.
നിയമപാലകരുടെ നിയമ ലംഘനത്തില്‍ വന്‍ പ്രതിഷേധമുയര്‍ത്തി സമൂഹ മാധ്യമ ഉപയോക്താക്കള്‍. ഹെൽമറ്റ് ധരിക്കാതെ ഒരു ഇരുചക്ര വാഹനത്തില്‍ പോകുന്ന മൂന്ന് മുംബൈ പോലീസുകാരുടെ ചിത്രത്തിനാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. മുംബൈ പോലീസിന്‍റെ സ്റ്റിക്കർ പതിച്ച ആക്ടീവയില്‍ മുംബൈയിലെ തെരുവുകളിലൂടെ നിയമം ലംഘിച്ച് പോകുന്ന പോലീസുകാരാണ് ചിത്രത്തിലുള്ളത്. സമൂഹ മാധ്യമമായ റെഡ്ഡിറ്റിലാണ് ചിത്രം പങ്കുവയ്ക്കപ്പെട്ടത്.
വഴി യാത്രക്കാരനായ പ്രസാദ് എന്ന വ്യക്തിയാണ് പോലീസ് ഉദ്യോഗസ്ഥരുടെ നിയമലംഘനത്തിന്‍റെ ദൃശ്യങ്ങൾ പകർത്തി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചത്. വാഹനത്തിന്‍റെ രജിസ്‌ട്രേഷൻ നമ്പറായ "MH47 AE5165" വ്യക്തമായി പ്രദർശിപ്പിച്ച ചിത്രം പെട്ടെന്ന് തന്നെ വൈറലായി. ട്രാഫിക് നിയമങ്ങളുടെ നഗ്നമായ ലംഘനത്തിൽ നിയമപാലകർ ഉൾപ്പെട്ടതിന്‍റെ വിരോധാഭാസം ഉയർത്തി കാണിച്ചു കൊണ്ടായിരുന്നു പ്രസാദ് ഈ ചിത്രങ്ങൾ റെഡ്ഡിറ്റിൽ പോസ്റ്റ് ചെയ്തത്.
'ഹെൽമറ്റില്ല, ട്രിപ്പിളും അടിക്കാം, പോലീസിന്‍റെ ആക്ടിവയിൽ യൂണിഫോമിട്ട പോലീസുകാർ നടത്തുന്ന നിയമ ലംഘനം' എന്ന കുറിപ്പോടെ ആയിരുന്നു ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ പ്രചരിച്ചത്. എന്താണ് പിഴ അല്ലെങ്കിൽ ചാർജ്? പോലീസിന് ഈ നിയമങ്ങൾ ഒന്നും ബാധകമല്ലേയെന്നും പോസ്റ്റിൽ ചോദ്യമുയർന്നു. കുറിവ് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ട്രാഫിക് നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിലെ പോലീസിന്‍റെ ഇരട്ടത്താപ്പിൽ സമൂഹ മാധ്യമ ഉപയോക്താക്കൾ തങ്ങളുടെ രോഷവും നിരാശയും പ്രകടിപ്പിച്ചു.
നിയമങ്ങൾ എല്ലാവർക്കും വേണ്ടിയുള്ളതാണെന്നും അത് നടപ്പിലാക്കേണ്ടവർ തന്നെ ലംഘിക്കുന്നത് എങ്ങനെ അംഗീകരിക്കാൻ കഴിയുമെന്നും ഒരു ഉപഭോക്താവ് സംശയം പ്രകടിപ്പിച്ചു. മുംബൈ പോലീസ് പൗരന്മാർക്ക് നൽകിയ വലിയ മാതൃകയാണ് ഇതെന്നായിരുന്നു ഒരാൾ പരിഹാസ രൂപേണ കുറിച്ചത്. പോലീസ് ഒരു കേസെങ്കിലും ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തോയെന്നും നിരവധിപേർ ആരാഞ്ഞു. അതേസമയം ട്രാഫിക് നിയമം ലംഘിച്ച് യാത്ര ചെയ്യുന്ന മുംബൈ പോലീസിന്‍റെ ദൃശ്യങ്ങള്‍ ഇതിന് മുമ്പും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
200 കോടി ഹെക്ടര്‍ ഭൂമി മരുഭൂവൽക്കരിക്കപ്പെടുമ്പോഴും തീരുമാനങ്ങളില്ലാതെ പോകുന്ന ഉച്ചകോടികള്‍
