6,000 രൂപ തരാം, തങ്ങൾക്കെതിരെയുള്ള സോഷ്യൽ മീഡിയ കുറിപ്പ് ഡിലീറ്റ് ചെയ്യണമെന്ന് ഇൻഡിഗോ ആവശ്യപ്പെട്ടതായി യുവാവ്
വിമാനത്തിന്‍റെ സമയ മാറ്റത്തെ കുറിച്ച് വൈകി അറിയിച്ചതിനാല്‍ തനിക്ക് വിമാനം നഷ്ടപ്പെടുകയും അതേ കുറിച്ച് പരാതിപ്പെട്ടോപ്പോൾ അവഗണനയായിരുന്നെന്നും യുവാവ് സമൂഹ മാധ്യമത്തില്‍ ആരോപിച്ചിരുന്നു.

ഷെഡ്യൂൾ ചെയ്ത സമയത്തിനേക്കാൾ 15 മിനിറ്റ് മുമ്പ് വിമാനം പുറപ്പെട്ടതിനെ തുടർന്ന് യാത്ര മുടങ്ങുകയും പണം നഷ്ടമാവുകയും ചെയ്ത യാത്രക്കാരന് പണം നൽകി സമൂഹ മാധ്യമ കുറിപ്പ് പിൻവലിപ്പിക്കാൻ ഇൻഡിഗോ എയർലൈൻസ് ശ്രമിച്ചെന്ന് ആരോപണവുമായി യുവാവ് . കഴിഞ്ഞ ദിവസമാണ് ഷെഡ്യൂൾ ചെയ്ത സമയത്തിനും 15 മിനിറ്റ് മുൻപ് വിമാനം പറന്നുയറുന്നതിനെ തുടർന്ന് പ്രഖർ ഗുപ്ത എന്ന വ്യക്തിയുടെ യാത്ര മുടങ്ങിയത്. തുടർന്ന് ഇൻഡിഗോയെ വിമർശിച്ച് കൊണ്ട് ഇദ്ദേഹം തന്‍റെ സമൂഹ മാധ്യമ അക്കൌണ്ടിലൂടെ കുറിപ്പെഴുതി. ഇത് വ്യാപകമായി പ്രചരിക്കുകയും വലിയ ചർച്ചകൾക്ക് കാരണമാവുകയും ചെയ്തതോടെയാണ് സമൂഹ മാധ്യമ കുറിപ്പ് പിൻവലിക്കാൻ തനിക്ക് ഇൻഡിഗോ പണം വാഗ്ദാനം ചെയ്തെന്ന് അവകാശപ്പെട്ട് പ്രഖർ ഗുപ്ത സമൂഹ മാധ്യമത്തില്‍ കുറിപ്പെഴുതിയത്. വിമാനം നഷ്ടപ്പെടാന്‍ ഇടയാക്കിയ സംഭവത്തില്‍ ഇൻഡിഗോ ഇതുവരെ വാക്കാലോ രേഖാമൂലമോ തന്നോട് മാപ്പ് പറഞ്ഞിട്ടില്ലെന്നും എന്നാൽ പോസ്റ്റ് പിൻവലിക്കുന്നതിന് 6,000 രൂപ വാഗ്ദാനം ചെയ്തെന്നും പ്രഖർ ഗുപ്ത തന്‍റെ സമൂഹ മാധ്യമ അക്കൌണ്ടിലൂടെ ആരോപിച്ചു.
ഇൻഡിഗോയെ ടാഗ് ചെയ്ത് കൊണ്ടുള്ള പ്രഖർ ഗുപ്തയുടെ ഏറ്റവും പുതിയ പോസ്റ്റ് ഇങ്ങനെയാണ്; 'എൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ് പിൻവലിക്കാൻ നിങ്ങളുടെ ടീം എനിക്ക് 6,000 രൂപ കൈക്കൂലി നൽകാൻ ശ്രമിച്ചു. എന്നാൽ, ഇതുവരെ വാക്കാലോ രേഖയാലോ ഒരു ക്ഷമാപണം പോലും നടത്തിയിട്ടുമില്ല.' എക്‌സിൽ മാത്രം 88,000-ത്തിലധികം ഫോളോവേഴ്‌സ് ഉള്ള ഇദ്ദേഹത്തിന്‍റെ രണ്ടാമത്തെ കുറിപ്പും വൈറലായി. കൂടാതെ അദ്ദേഹം ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സിനെ തൻ്റെ പോഡ് കാസ്റ്റിലേക്ക് ഒരു ചർച്ചയ്ക്ക് ക്ഷണിക്കുകയും ചെയ്തു.
15 മിനിറ്റ് മുമ്പ് ഇൻഡിഗോ വിമാനം പറന്നുയര്‍ന്നു; സമയവും പണവും നഷ്ടമായെന്ന് യാത്രക്കാരന്‍റെ പരാതി
സംഭവം ഓൺലൈനിൽ വൈറലായതോടെ എയർലൈൻ ഔദ്യോഗിക പ്രസ്താവന ഇറക്കി. പ്രസ്താവനയിൽ പറയുന്നത്, റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട വ്യോമാതിർത്തി നിയന്ത്രണങ്ങളുടെ ഭാഗമായാണ് തങ്ങളുടെത് ഉൾപ്പെടെയുള്ള ദില്ലിയിൽ നിന്നും പുറപ്പെടുന്ന എല്ലാ വിമാനങ്ങളുടെയും ഷെഡ്യൂൾ ചെയ്ത സമയത്തിൽ മാറ്റം വരുത്തേണ്ടി വന്നത് എന്നാണ്. ഈ ഷെഡ്യൂൾ ക്രമീകരണങ്ങൾ നടപ്പിലാക്കിയതിന് ശേഷം തങ്ങൾ ഉടൻ തന്നെ യാത്രക്കാരെ അറിയിച്ചുവെന്നും എയർലൈൻ അവകാശപ്പെട്ടു. പുതുക്കിയ സമയത്തിന് ശേഷം എത്തുന്ന യാത്രക്കാരെ സഹായിക്കാൻ തങ്ങളുടെ ടീമുകൾ എല്ലാ ശ്രമങ്ങളും നടത്തിയതായും. യഥാർത്ഥ ഫ്ലൈറ്റ് സമയത്തിനപ്പുറം എത്തിയ ഒരു യാത്രക്കാരന് കുറഞ്ഞ നിരക്കിൽ മറ്റൊരു വിമാനത്തിൽ യാത്ര ചെയ്യാനുള്ള സൗകര്യം നൽകിയെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു. കൂടാതെ യാത്രക്കാരന് നഷ്ടമായ 5,998 രൂപ റീഫണ്ട് ചെയ്യാനും തയ്യാറായതായും ഇൻഡിഗോ കൂട്ടിച്ചേര്‍ത്തു.
റോഡരികിൽ നിന്ന് മണലും ഇഷ്ടികയും മോഷ്ടിക്കുന്ന യുവതിയുടെ റീൽ വൈറൽ; പക്ഷേ, യഥാർത്ഥ്യം മറ്റൊന്ന്
ആദ്യ സമൂഹ മാധ്യമ പോസ്റ്റിൽ ഗുപ്ത എഴുതിയത് വിമാനം പുറപ്പെടേണ്ട സമയത്തിന് രണ്ടര മണിക്കൂര്‍ മുമ്പ് മാത്രമാണ് വിമാനക്കമ്പനി, നിശ്ചയിച്ച സമയത്തിനും 15 മിനിറ്റ് മുമ്പ് വിമാനം പറന്നുയരുമെന്ന് തങ്ങളുടെ യാത്രക്കാരെ അറിയിച്ചത് എന്നായിരുന്നു. ഇതോടെയാണ് ടിക്കറ്റെടുത്ത തനിക്ക് വിമാന യാത്ര നഷ്ടമായതെന്നും പ്രഖർ ഗുപ്ത തന്‍റെ എക്സ് അക്കൌണ്ടില്‍ എഴുതി. പുലർച്ചെ നാല് മണിക്കാണ്, രാവിലെ ആറേ മുക്കാലിന് പുറപ്പെടുന്ന ഇന്‍റിഗോ വിമാനം 15 മിനിറ്റ് മുമ്പേ പുറപ്പെടുമെന്ന് അറിയിച്ചത്. ഇതോടെ വിമാനത്താവളത്തിലെത്താന്‍ അഞ്ച് മിനിറ്റ് താമസിച്ച തനിക്ക് ബോർഡിംഗ് നിഷേധിച്ചെന്നും വിമാനത്തില്‍ കയറാന്‍ പറ്റിയില്ലെന്നും പ്രഖർ ഗുപ്ത കുറിച്ചു.
വിമാനത്തിന്‍റെ സമയ മാറ്റം സംബന്ധിച്ച് തനിക്ക് യാതൊരുവിധ ഈമെയില്‍ സന്ദേശങ്ങളും ലഭിച്ചില്ല. എന്നാല്‍ 4 മണിക്ക് എന്‍റെ വിമാനത്തിന്‍റെ സമയം രാവിലെ 6.45 -ൽ നിന്ന് 6.30 -ലേക്ക് മാറ്റിയതായി ഒരു സന്ദേശം മൊബൈലില്‍ ലഭിച്ചു. ഇതോടെ ഓടിപ്പിടിച്ച് വിമാനത്താവളത്തിലെത്തിയ തന്നോട് ഗ്രൗണ്ട് സ്റ്റാഫ് വളരെ മോശമായി പെരുമാറിയതെന്ന് അദ്ദേഹം പറയുന്നു. അവർ സ്പീക്കർ ഫോണില്‍ മോശം തമാശകൾ പറഞ്ഞ് ആസ്വദിക്കുകയായിരുന്നുവെന്നും മറ്റൊരു വിമാനത്തിൽ യാത്ര ചെയ്യുന്നതായി എടുത്ത പുതിയ ടിക്കറ്റിന് തന്നിൽ നിന്നും 3,000 രൂപ അധികമായി ഈടാക്കിയെന്നും അദ്ദേഹം കുറിച്ചു.