റീൽസ് ചെയ്യണം, വൈറലാവണം എന്നതായിരുന്നൂ യുവാവിന്‍റെ ഉദ്ദേശം. എന്നാൽ താഴെ കൂടി പോയ മാലിന്യ വണ്ടി രണ്ട് സെക്കന്‍റ് നേരത്തെ പോയി.
ചില നേരങ്ങളിൽ ചില മനുഷ്യരുടെ പ്രവർത്തികൾ വിചിത്രമായി മറ്റുള്ളവര്‍ക്ക് തോന്നാം. എന്തിനാണ് ഇത്തരത്തിലുള്ള മണ്ടത്തരങ്ങൾ ചെയ്യുന്നതെന്ന് ചോദിച്ച് പോയേക്കാം. സമൂഹ മാധ്യമങ്ങളില്‍ വൈറലാവുക എന്ന ഒറ്റ ലക്ഷ്യത്തോടെ ഇത്തരത്തിലുള്ള വിചിത്രമായ പ്രവർത്തികൾ ചെയ്ത് സ്വന്തം ജീവൻ അപകടത്തിലാക്കുന്ന നിരവധി ആളുകൾ ഇന്ന് നമ്മുക്ക് ചുറ്റുമുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
കഴിഞ്ഞ ദിവസം നടന്ന സമാനമായ ഒരു സംഭവത്തിൽ ഒരു യുവാവ് സമൂഹ മാധ്യമങ്ങളിൽ വൈറൽ റീൽ സൃഷ്ടിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ഒരു ഫ്ലൈ ഓവറിൽ നിന്നും താഴോട്ട് ചാടി. യുവാവ് ലക്ഷ്യം വച്ചത് ഫ്ലൈ ഓവറിന് താഴെ കൂടെ ഈ സമയം കടന്ന് പോയിരുന്ന ഒരു വാഹനത്തിന്‍റെ മുകളിലേക്ക് സിനിമാസ്റ്റൈലില്‍ ചാടാനായിരുന്നു. പക്ഷേ, ചാട്ടം പിഴച്ചു. വാഹനം കടന്ന് പോയതിന് ശേഷമാണ് യുവാവ് താഴെ എത്തിയത്. അയാൾക്ക് നടുറോട്ടിൽ ശരീരം അടിച്ച് വീണു ഗുരുതരമായി പരിക്കേറ്റു.
യുവാവിന്‍റെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമായിട്ടില്ലെങ്കിലും സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ അയാൾ ആഗ്രഹിച്ചത് പോലെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. യുവാവ് ഒരു ഫ്ലൈ ഓവറിന്‍റെ മുകളിൽ നിന്നും താഴേക്ക് ചാടാനായി ഒരുങ്ങി നിൽക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. സംഭവത്തിന് ദൃക്സാക്ഷികളായവർ ചാടരുതെന്ന് ഉറക്കെ പറയുന്നുണ്ടെങ്കിലും അത് ഗൗനിക്കാതെ ആ സമയം താഴെ റോഡിലൂടെ വന്നിരുന്ന ഒരു ലോറിയുടെ മുകളിലേക്ക് ഇയാൾ ചാടുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ വേദന കൊണ്ട് പുളയുന്ന ഇയാൾ ഉറക്ക നിലവിളിക്കുന്നതും വീഡിയോയിൽ കാണാം. @Ldphobiawatch എന്ന് എക്സ് അക്കൗണ്ടിൽ നിന്നുമാണ് വീഡിയോ പങ്കുവെച്ചത്. വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെയാണ്, "ഇനി ഈ മാന്യൻ ജീവിതത്തിൽ ഒരു റീൽ നിർമ്മിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യില്ല."


