പത്ത് മാസം തികയാത്ത കുട്ടി അടക്കം മൂന്ന് കുട്ടികളുടെ അവശിഷ്ടവും ഈ കൂട്ടക്കുഴിമാടത്തില്‍ നിന്നും കണ്ടെത്തി. അതേസമയം നേരത്തെ കണ്ടെത്തിയ കൂട്ടകുഴിമാടങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ശ്രീലങ്കന്‍ സര്‍ക്കാര്‍ മറച്ച് വച്ചെന്ന ആരോപണവും ഉയര്‍ന്നു.

ശ്രീലങ്കയുടെ ഉറക്കം കെടുത്തി വീണ്ടും എല്‍ടിടിഇ വിഷയം. ഇത്തവണ പക്ഷേ, രാജ്യത്തിനെതിരായുള്ള ആക്രമണമല്ല. മറിച്ച് ആഭ്യന്തരയുദ്ധ കാലത്ത് എല്ലാ യുദ്ധനീതികളെയും കാറ്റില്‍പ്പറത്തി ശ്രീലങ്കന്‍ സൈന്യം കൊന്ന് തള്ളിയ കുട്ടികൾ അടക്കമുള്ളവരുടെ കുഴിമാടങ്ങളാണ് ഇപ്പോൾ കണ്ടെത്തിയ്ത്. ശ്രീലങ്കയുടെ വടക്കൻ പ്രവിശ്യയുടെ തലസ്ഥാനമായ ജാഫ്നയുടെ പ്രാന്തപ്രദേശത്തുള്ള ഒരു സെമിത്തേരിയിലാണ് 19 മൃതദേഹങ്ങൾ ഒറ്റ കുഴിമാടത്തില്‍ കൂട്ടിയിട്ട് സംസ്കരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതില്‍ പത്ത് മാസത്തില്‍ താഴെ പ്രായമുള്ള കുട്ടിയടക്കം മൂന്ന് കുട്ടികളും ഉൾപ്പെടുന്നെന്ന് അൾജസീറ റിപ്പോര്‍ട്ട് ചെയ്തു.

ശ്രീലങ്കയില്‍ സ്വന്തം രാഷ്ട്രവാദമുയര്‍ത്തി ആയുധമെടുത്ത് പോരാടിയ ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈലവും (എൽടിടിഇ) ശ്രീലങ്കന്‍ സര്‍ക്കാരും തമ്മിലുള്ള സായുധ പോരാട്ടം ആരംഭിക്കുന്നത് 1970 കളുടെ അവസാനത്തോടെയാണ്. പിന്നീടിങ്ങോട്ട് ഏതാണ്ട് 26 വര്‍ഷം നീണ്ട് നിന്ന യുദ്ധത്തില്‍ എല്‍ടിടിക്കെതിരെ പോരാടാന്‍ ഇന്ത്യന്‍ സൈന്യവും ശ്രീലങ്കയില്‍ നേരിട്ടിറങ്ങിയിരുന്നു. ഈ ആഭ്യന്തരയുദ്ധത്തില്‍ 60,000 മുതൽ 1,00,000 വരെ തമിഴ്വംശജരെ കാണാതായതായി ആംനസ്റ്റി ഇന്‍റർനാഷണല്‍ 2017 -ൽ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2009 -ൽ യുദ്ധത്തിന്‍റെ അവസാന ഘട്ടത്തിൽ, ഏകദേശം 1,70,000 -ത്തോളം പേർ കൊല്ലപ്പെട്ടതായി ശ്രീലങ്കന്‍ തമിഴ് സമൂഹവും ആരോപിക്കുന്നു. അതേസമയം ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം 40,000 പേരാണ് കൊല്ലപ്പെട്ടത്.

1996 ല്‍ ആഭ്യന്തര യുദ്ധകാലത്ത് ശ്രീലങ്കൻ സൈന്യം കൃശാന്തി കുമാരസ്വാമി എന്ന സ്കൂൾ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതോടെയാണ് ചെമ്മാണി എന്ന ജാഫ്നയ്ക്ക് സമീപത്തെ ഗ്രാമം ലോകശ്രദ്ധ നേടിയത്. പിന്നീട് കൃശാന്തി കുമാരസ്വാമിയുടെ അമ്മ, സഹോദരൻ, കുടുംബ സുഹൃത്ത് എന്നിങ്ങനെ നാല് പേരുടെ മൃതദേഹം ഇവിടെ നിന്നും കണ്ടെത്തിയിരുന്നു. ഈ ഗ്രാമത്തിലെ ശ്മശാനത്തിന് സമീപത്ത് നിന്നാണ് ഇപ്പോൾ 19 പേരെ അടക്കിയ കൂട്ടക്കുഴിമാടവും കണ്ടെത്തിയത്.

Scroll to load tweet…

കൃശാന്തി കുമാരസ്വാമി കേസിന്‍റെ വിചാരണയ്ക്കിടെ മുൻ ആർമി കോർപ്പറൽ സോമരത്‌ന രാജപക്‌സെ, ചെമ്മാണിയിലെ കൂട്ടകുഴിമാടങ്ങളില്‍ 300 മുതല്‍ 400 പേരെ കൊന്ന് കുഴിച്ചിട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. പിന്നാലെ നടന്ന അന്വേഷണത്തില്‍ 15 മൃതദേഹങ്ങൾ കണ്ടെത്തി. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസമാണ് 19 പേരുടെ കുഴിമാടം കണ്ടെത്തിയത്. ആദ്യം കണ്ടെത്തിയ കുഴിമാടങ്ങളെ കുറിച്ച് പക്ഷേ, കൂടുതല്‍ അന്വേഷണം നടത്താന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും ആരോപണം ഉയര്‍ന്നു.

വടക്കൻ പ്രവിശ്യയിലെ മാന്നാർ, കൊക്കുതൊടുവായ്, തിരുകേതീശ്വരം എന്നിവിടങ്ങളിൽ മുമ്പ് നടത്തിയ ഖനനങ്ങൾ സര്‍ക്കാര്‍ മറച്ച് വച്ചെന്ന ആരോപണവും ഇതിനിടെ ശക്തമായി. മാന്നാറിന്‍റെ വടക്കുപടിഞ്ഞാറൻ മേഖലയിലാണ് ഏറ്റവും വലിയ കൂട്ടക്കുഴിമാടം ഖനനം നടത്തിയത്. 2018 മുതൽ പുരാവസ്തു ഗവേഷകൻ രാജ് സോമദേവയുടെ നേതൃത്വത്തിലായിരുന്നു ഖനനം. ആകെ 346 അസ്ഥികൂടങ്ങൾ ഇവിടെ നിന്നും കണ്ടെടുത്തു. 2017 -ൽ സർക്കാർ സ്ഥാപിച്ച നീതിന്യായ മന്ത്രാലയവും കാണാതായവരുടെ ഓഫീസും സംയുക്തമായാണ് ഖനനത്തിന് മേൽനോട്ടം നല്‍കുന്നതെങ്കിലും സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും സാമ്പത്തിക സഹായം അടക്കം മുടങ്ങിക്കിടക്കുകയാണെന്ന് രാജ് സോമദേവ ആരോപിക്കുന്നു.