യുഎസിലെ കാലിഫോർണിയയിൽ സാക്രമെന്‍റോ ഹൈവേയിൽ ഒരു മെഡിക്കൽ ഹെലികോപ്റ്റർ തകർന്നു വീണു. അപകടത്തിൽ പൈലറ്റും നഴ്‌സും പാരാമെഡിക്കും ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

യുഎസിലെ കാലിഫോര്‍ണയിലെ സാക്രമെന്‍റോ ഹൈവേയില്‍ മെഡിക്കൽ ഹെലികോപ്റ്റര്‍ തകർന്നുവീണതിനെ തുടർന്ന് മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകൾ. ഇന്നലെ വൈകീട്ടോടെയാണ് സംഭവം. സാക്രമെന്‍റോയിലെ 59-ാം സ്ട്രീറ്റിന് സമീപമുള്ള ഹൈവേ 50-ൽ ഇന്നലെ വൈകുന്നേരം 7 മണിയോടെ മെഡിക്കൽ ഹെലികോപ്റ്റർ തകർന്നു വീഴുകയായിരുന്നു. അപകത്തില്‍ പരിക്കേറ്റ മൂന്ന് പേരും ഹെലികോപ്റ്ററിലെ യാത്രക്കാരായിരുന്നെന്നും അഗ്നിശമന വകുപ്പ് അറിയിച്ചു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

‍അപകടം

അപകടത്തില്‍ പരിക്കേറ്റ രണ്ട് സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടെ ഇരകളെ പ്രാദേശിക ആശുപത്രികളിലേക്ക് കൊണ്ടുപോയതായി സാക്രമെന്‍റോ അഗ്നിശമന ഉദ്യോഗസ്ഥനായ ജസ്റ്റിൻ സിൽവിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഹെലികോപ്റ്ററിനടിയിൽ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹെലികോപ്റ്ററിന്‍റെ ക്യാപ്റ്റന്‍ ഉടൻ തന്നെ ചുറ്റും നിന്നിരുന്ന ആളുകളോട് സഹായം അഭ്യർത്ഥിച്ചു. തുടർന്ന് എല്ലാവരും കൂടി ഹെലികോപ്റ്ററിന്‍റെ ഒരു ഭാഗം ഉയർത്തി ആളുകളെ പുറത്തെടുക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എയർ മെഡിക്കൽ സർവീസസിൽ രജിസ്റ്റർ ചെയ്ത ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. അതേസമയം വിമാനത്തിൽ രോഗികളായി ആരും ഉണ്ടായിരുന്നില്ലെന്നും ഒരു പൈലറ്റും നഴ്‌സും പാരാമെഡിക്കുമായിരുന്നു വിമാനത്തിലുണ്ടായിരുന്നതെന്നും ജസ്റ്റിൻ സിൽവിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Scroll to load tweet…

വീഡിയോ ദൃശ്യങ്ങൾ

സംഭവങ്ങളുടെ ദൃശ്യങ്ങൾ ഇതിനിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ആകാശത്ത് വട്ടമിട്ട് പറക്കുന്ന ഹെലിക്കോപ്റ്ററിന്‍റെ ദൃശ്യത്തിന് പിന്നാലെ റോഡില്‍ നിന്നും ശക്തമായ പുക ഉയരുന്ന ദൃശ്യങ്ങളാണ് ഒരു വീഡിയോയില്‍ കാണാന്‍ കഴിയുക. രണ്ടാമത്തെ വീഡിയോയില്‍ തീ കെടുത്തിയ ഒരു ചുവന്ന ഹെലിക്കോപ്റ്റർ റോ‍ഡിൽ തകർന്നു കിടക്കുന്നത് കാണാം. സമീപത്തായി അഗ്നി ശമന ഉദ്യോഗസ്ഥ‍ർ നില്‍ക്കുന്നു. ഇതിനിടെ ഹെലികോപ്റ്റര്‍ വീണ് ഹൈവേയിലൂടെയുള്ള യാത്ര തടസപ്പെട്ടതോടെ റോഡില്‍ വാഹനങ്ങളുടെ നീണ്ട നിരയും കാണാം.