അഴിയാക്കുരുക്ക്; മൂന്ന് മണിക്കൂര്‍ കൊണ്ട് 12 കിലോമീറ്റര്‍ നടന്നിട്ടും അഴിയാതെ ബെംഗളൂരുവിലെ ട്രാഫിക് ബ്ലോക്ക്!
ജോലി കഴിഞ്ഞ് മണിക്കൂറുകളോളം റോഡിൽ കിടക്കേണ്ടി വന്നതിന്‍റെയും സ്കൂൾ വിട്ട് രാത്രി വൈകി മക്കൾ വീട്ടിലെത്തിയതിന്‍റെയും ട്രാഫിക്ക് ബ്ലോക്കില്‍ വച്ച് പിസ ഓഡര്‍ ചെയ്ത് കഴിച്ചതിന്‍റെയും ഒക്കെ അനുഭവസാക്ഷ്യങ്ങൾ ബെംഗളൂരു നഗരത്തില്‍ നിന്നും ഉയര്‍ന്നു കേട്ടു.

ട്രാഫിക് ബ്ലോക്കിന്‍റെ കാര്യത്തിൽ ലോകത്തിൽ തന്നെ മുൻനിരയിലുള്ള നഗരമാണ് ബെംഗളൂരു. 'പീക്ക് ബെംഗളൂരു' എന്നൊരു പ്രയോഗം തന്നെ അങ്ങനെയുണ്ടായതാണ്. പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇല്ലെങ്കിൽ തന്നെ ഗതാഗതക്കുരുക്കിൽ വലയുന്ന ബെംഗളൂരു നഗരം പക്ഷേ, ബുധനാഴ്ച അക്ഷരാർത്ഥത്തിൽ നിശ്ചലമായി. പ്രധാനമായും രണ്ട് കാരണങ്ങൾ ആയിരുന്നു ബുധനാഴ്ച ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കിനെ രൂക്ഷമാക്കിയത്. ഒന്ന് വരാനിരിക്കുന്ന നീണ്ട വാരാന്ത്യവും രണ്ട് കാവേരി നദീജലം തമിഴ്‌നാടിന് വിട്ടുനൽകുന്നതിനെതിരെ കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദും. യാത്രക്കാർ അഞ്ച് മണിക്കൂറിൽ അധികം റോഡിൽ കുടുങ്ങിക്കിടന്നു എന്നാണ് റിപ്പോർട്ട്.
ട്രാഫിക് ബ്ലോക്കിൽപ്പെട്ട് പോയ നിരവധി ആളുകളാണ് തങ്ങളുടെ ദുരനുഭവങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇതിൽ ജോലി കഴിഞ്ഞ് മണിക്കൂറുകളോളം റോഡിൽ കിടക്കേണ്ടി വന്നതിന്‍റെയും സ്കൂൾ വിട്ട് രാത്രി വൈകി മക്കൾ വീട്ടിലെത്തിയതിന്‍റെയും ട്രാഫിക്ക് ബ്ലോക്കില്‍ വച്ച് പിസ ഓഡര്‍ ചെയ്ത് കഴിച്ചതിന്‍റെയും ഒക്കെ അനുഭവസാക്ഷ്യങ്ങൾ ഉൾപ്പെടുന്നു. എന്നാൽ, അക്കൂട്ടത്തിൽ ഒരു യുവാവ് തന്‍റെ സുഹൃത്തിനെ കുറിച്ച് എഴുതിയ പോസ്റ്റ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ചർച്ച ചെയ്യപ്പെടുകയാണ്.
'ശവസംസ്കാര ചടങ്ങു'കൾ പ്രമേയമാക്കിയ ഗര്‍ഭകാല ഫോട്ടോഷൂട്ടിന് അഭിനന്ദന പ്രവാഹം !
പാട്ടിനിടെ തെരുവ് ഗായകന്‍റെ പിയാനോ അടിച്ച് തകർത്ത് പണം മോഷ്ടിച്ച് യുവതി; വൈറലായി വീഡിയോ !
ഗതാഗതക്കുരുക്കിൽപ്പെട്ടുപോയ തന്‍റെ സുഹൃത്ത് വീട്ടിലെത്താൻ വേറെ വഴിയില്ലാതെ വന്നതോടെ 12 കിലോമീറ്റർ ദൂരം നടന്ന് വീട്ടിലെത്തി എന്നായിരുന്നു സാമൂഹിക മാധ്യമത്തില്‍ കുറിച്ചത്. ട്രാഫിക് ബ്ലോക്ക് അനിശ്ചിതമായി നീണ്ടതിന് പിന്നാലെ കോമ്പോ ഓട്ടോ കിട്ടാതെ വന്നതോടെയാണ് ഇത്തരത്തിൽ ഒരു സാഹസത്തിന് തന്‍റെ സുഹൃത്തിന് മുതിരേണ്ടി വന്നതെന്നും കുറിപ്പിൽ പറയുന്നു. 12 കിലോമീറ്റർ ദൂരം നടന്ന് വീട്ടിലെത്തിയിട്ടും ട്രാഫിക് ബ്ലോക്കിന് ഒരു അനക്കവും സംഭവിച്ചിട്ടില്ലായിരുന്നുവെന്നും ഈ കുറിപ്പിൽ സൂചിപ്പിക്കുന്നു. തന്‍റെ സുഹൃത്ത് 195 മിനിറ്റിനുള്ളിൽ 11.87 കിലോമീറ്റർ നടന്നതായി കാണിക്കുന്ന ഒരു ആപ്പിന്‍റെ സ്ക്രീൻഷോട്ടും അദ്ദേഹം പങ്കുവച്ചു. X ഉപയോക്താവായ തുഷാറാണ് ഇത്തരത്തിൽ ഒരു കുറിപ്പ് സാമൂഹിക മാധ്യമത്തില്‍ എഴുതിയത്.
മെഡിക്കൽ ചെക്കപ്പിനായി എച്ച്എഎൽ ഓൾഡ് എയർപോർട്ട് റോഡിലെ മണിപ്പാൽ ഹോസ്പിറ്റലിൽ പോയതായിരുന്നു തന്‍റെ സുഹൃത്തൊന്നും തിരികെ സർജാപൂർ മെയിൻ റോഡിൽ സ്ഥിതി ചെയ്യുന്ന വീട്ടിലേക്കുള്ള മുഴുവൻ ദൂരവും ഇദേഹത്തിന് നടക്കേണ്ടി വന്നതെന്നും തുഷാർ പറയുന്നു. ട്രാഫിക്ക് പോലീസ് നൽകുന്ന വിവരം അനുസരിച്ച് സാധാരണ ബുധനാഴ്ചകളിൽ ബെംഗളൂരു നഗരത്തിൽ വാഹനങ്ങളുടെ എണ്ണം 1.5 ലക്ഷം മുതൽ 2 ലക്ഷം വരെയാണ്. എന്നാൽ, സെപ്റ്റംബർ 27 ന്, വാഹനങ്ങളുടെ എണ്ണം വൈകുന്നേരം 7:30 ആയപ്പോഴേക്കും 3.5 ലക്ഷത്തിലെത്തി. ഈ വാഹനപ്പെരുപ്പവും കൂടാതെ, മഴയെത്തുടർന്ന് ഉണ്ടായ വെള്ളക്കെട്ടുകള്‍ കൂടിയായതോടെയാണ് ബുധനാഴ്ച ഇത്തരത്തിൽ ഒരു സ്ഥിതിവിശേഷം ഉണ്ടാകാൻ കാരണമായതെന്നാണ് ട്രാഫിക് പോലീസിന്‍റെ ഭാഷ്യം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക