ഇന്ത്യയെക്കുറിച്ചുള്ള ഭയപ്പെടുത്തുന്ന മുന്നറിയിപ്പുകൾ കേട്ടാണ് പോർച്ചുഗീസ് യുവതിയായ അന ഇവിടെയെത്തിയത്. എന്നാൽ യാത്രയ്ക്കിടെ ഇന്ത്യക്കാരിൽ നിന്ന് ലഭിച്ച സ്നേഹവും സഹായവും അവരുടെ കാഴ്ചപ്പാട് മാറ്റിമറിച്ചു. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾ ജാഗ്രത പാലിക്കണമെന്നും അവർ ഓർമ്മിപ്പിക്കുന്നു.

ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് കേട്ട മുന്നറിയിപ്പുകൾ തന്നെ ഭയപ്പെടുത്തിയിരുന്നെന്ന് തുറന്നുപറഞ്ഞ് പോർച്ചുഗീസ് യുവതി അന. ഉപദ്രവം, കൊള്ള, തുറിച്ചുനോട്ടം തുടങ്ങിയ നിരവധി അപകടങ്ങളെക്കുറിച്ച് പലരും മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ ഇന്ത്യയിലെത്തിയ ശേഷം ആദ്യ ഒരു മാസം ഹിച്ച്‌ഹൈക്കിങ് പോലും ഒഴിവാക്കിയിരുന്നുവെന്ന് 24 -കാരിയായ അന പറയുന്നു. എന്നാൽ, യാത്ര കൂടുതൽ ദൂരം മുന്നോട്ടുപോയതോടെ ഇന്ത്യയെക്കുറിച്ചുള്ള തന്‍റെ ധാരണ തന്നെ മാറിയെന്നാണ് യുവതി പറയുന്നത്.

'കേട്ടതൊന്ന് അനുഭവിച്ചത് മറ്റൊന്ന്'

പോർച്ചുഗലിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് ഹിച്ച്‌ഹൈക്കിങ് യാത്ര നടത്തുന്ന അന, ഇപ്പോൾ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലൂടെയുള്ള യാത്രയിലാണ്. ഹരിയാന, പഞ്ചാബ്, കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിൽ ഇതിനകം അന സന്ദർശിച്ച് കഴിഞ്ഞു. യാത്രയ്ക്കിടയിൽ കണ്ടുമുട്ടിയ ആളുകളിൽ നിന്ന് ലഭിച്ച സഹായവും സൗഹൃദവുമാണ് തന്നെ ഏറെ അത്ഭുതപ്പെടുത്തിയതെന്ന് അന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നു. റോഡരികിൽ പരിചയപ്പെട്ട ചിലർ തന്‍റെ ഫോൺ സംബന്ധമായ പ്രശ്നം പരിഹരിക്കാൻ രണ്ട് മണിക്കൂറോളം ചെലവഴിച്ചതും പിന്നീട് ജീവിതകാല സുഹൃത്തുക്കളായി മാറിയവരെയും അന ഓർത്തെടുത്തു. ഇന്ത്യയിൽ പരിചയപ്പെട്ട പുരുഷന്മാർ തന്‍റെ കാഴ്ചപ്പാട് തന്നെ മാറ്റിയെന്നും അവർ പറഞ്ഞു.

View post on Instagram
 

'എല്ലാം അങ്ങനെയാണെന്നല്ല'

അതേസമയം ഇന്ത്യ പൂർണമായും സുരക്ഷിതമാണെന്നോ യാത്രയ്ക്കിടെ ജാഗ്രത ആവശ്യമില്ലെന്നോ താൻ പറയുന്നില്ലെന്നും അന വ്യക്തമാക്കുന്നു. പ്രത്യേകിച്ച് വലിയ നഗരങ്ങളിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മറ്റുള്ള സ്ത്രീകൾ നേരിട്ട മോശം അനുഭവങ്ങളെ താൻ ചെറുതാക്കി കാണുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ, ഭയം കാരണം ഇന്ത്യയുടെ സംസ്കാരവും ജനങ്ങളുടെ ഊഷ്മളതയും അനുഭവിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കരുതെന്നാണ് അനയുടെ സന്ദേശം. അനയുടെ വീഡിയോയ്ക്ക് സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇന്ത്യയുടെ മറ്റൊരു വശം കാണിച്ചതിന് നന്ദി പറഞ്ഞവർക്കൊപ്പം, ജാഗ്രത തുടരണമെന്ന് ഓർമിപ്പിച്ചവരുമുണ്ടായിരുന്നുവെന്നും അവർ പറയുന്നു. ഇന്ത്യാ യാത്രയ്ക്ക് ശേഷം നേപ്പാളിലേക്ക് സഞ്ചരിക്കാനാണ് അനയുടെ പദ്ധതി.