കനേഡിയൻ തലസ്ഥാനമായ ഒട്ടാവയിലെ 'ട്രംപ് അവന്യൂ' എന്ന തെരുവിന്റെ പേര് സിറ്റി കൗൺസിൽ 'ടാക്കോ അവന്യൂ' എന്ന് പുനർനാമകരണം ചെയ്തു. ഇതിനുപുറമെ കാനഡയിലെ വിവിധ നഗരങ്ങളിൽ യാതൊരു മാനദണ്ഡവുമില്ലാതെ നൽകിയിട്ടുള്ള നിരവധി വിചിത്രമായ തെരുവുകളുടെ പേരുകളും ചരിത്രവും ഈ ലേഖനം വ്യക്തമാക്കുന്നു. നിലവിൽ തെരുവുകൾക്ക് പേരിടാൻ പ്രത്യേക സമിതി പ്രവർത്തിക്കുന്നുണ്ട്.
യുഎസ് ഭരണകൂടവുമായുള്ള നയതന്ത്ര ബന്ധത്തിൽ ഉരസലുകൾ തുടരുന്നതിനിടെ, കനേഡിയൻ തലസ്ഥാനമായ ഒട്ടാവയിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേരിലുള്ള തെരുവിന്റെ പേര് മാറ്റി ഒട്ടാവ സിറ്റി കൗൺസിൽ. നഗരത്തിലെ സെൻട്രൽ പാർക്ക് മേഖലയിൽ കഴിഞ്ഞ 25 വർഷമായി 'ട്രംപ് അവന്യൂ' (Trump Avenue) എന്നറിയപ്പെട്ടിരുന്ന റെസിഡൻഷ്യൽ തെരുവിനാണ് കൗൺസിൽ ഐകകണ്ഠേന 'ടാക്കോ അവന്യൂ' (Taco Avenue) എന്ന് പുനർനാമകരണം ചെയ്തത്.
വിചിത്ര പേരുള്ള കനേഡിയൻ തെരുവുകൾ
ഒട്ടാവ സിറ്റി കൗൺസിൽ സർഗ്ഗാത്മകമായ പേരുമാറ്റത്തിലൂടെ വാർത്തകളിൽ ഇടംനേടിയപ്പോൾ, നോവ സ്കോട്ടിയയിലെ പോർട്ടേഴ്സ് ലേക്ക് എന്ന പ്രദേശം വാർത്തകളിൽ നിറഞ്ഞത് തികച്ചും വ്യത്യസ്തമായ കാരണത്താലാണ്. അവിടെയുള്ള തെരുവുകൾക്ക് 'ദിസ് സ്ട്രീറ്റ്' (This Street), 'ദാറ്റ് സ്ട്രീറ്റ്' (That Street), 'ദി അതർ സ്ട്രീറ്റ്' (The Other Street) എന്നിങ്ങനെ ലളിതവും എന്നാൽ അസാധാരണവുമായ പേരുകളാണ് നൽകിയിട്ടുള്ളത്. നൂനാവുട്ടിലെ ഇഖാലുറ്റിലുള്ള മറ്റൊരു തെരുവിന്റെ പേര് 'റോഡ് ടു നൊവേയർ' (Road to Nowhere - എങ്ങുമെത്താത്ത വഴി) എന്നാണ്.
കാനഡയിൽ തെരുവുകൾക്ക് യാതൊരു മാനദണ്ഡവുമില്ലാതെ പേരിടുന്നത് ഒരു പുതിയ കാര്യമല്ല. സിബിസി റിപ്പോർട്ട് പ്രകാരം,വാൻകൂവറിലെ 651 തെരുവുകളിൽ ഏതെങ്കിലും വ്യക്തികളുമായോ സംഭവങ്ങളുമായോ യാതൊരു ബന്ധവുമില്ലാതെ 62 തെരുവുകൾക്ക് പേരിട്ടിട്ടുണ്ട്. 'കാനഡ' (Canada) എന്ന പേര് തിരിച്ചെഴുതി ഉണ്ടാക്കിയ 'അഡനാക്' (Adanac) സ്ട്രീറ്റ് ഇതിനൊരു ഉദാഹരണമാണ്.
അന്ന് തോന്നും പോലെ പേരിട്ടു, ഇന്ന് പ്രത്യേക സമിതി!
1920 -കളിലും '30 -കളിലും ഒരു സിറ്റി എൻജിനീയറുടെ നിർബന്ധത്തിന് വഴങ്ങി, പ്രശസ്ത എഴുത്തുകാരൻ സർ വാൾട്ടർ സ്കോട്ടിന്റെ പുസ്തകങ്ങളുടെയും കഥാപാത്രങ്ങളുടെയും പേര് 12 തെരുവുകൾക്ക് നൽകുകയുണ്ടായി. കൂടാതെ, വാൻകൂവറിൽ വനിതകളുടെ പേരിലും ന്യൂനപക്ഷ വിഭാഗക്കാരായ വ്യക്തികളുടെ പേരിലുമുള്ള തെരുവുകളേക്കാൾ കൂടുതൽ ഗോൾഫ് കോഴ്സുകളുടെ പേരിൽ തെരുവുകളുണ്ട്. കൃത്യമായ ഔദ്യോഗിക സംവിധാനങ്ങൾ ഇല്ലാതിരുന്ന കാലത്ത് റെയിൽവേ കമ്പനികളും സിറ്റി കൗൺസിലുകളുമാണ് ഇത്തരം പേരുകൾ നൽകിയിരുന്നത്.
എന്നാൽ, നിലവിൽ തെരുവുകൾക്ക് പേരിടുന്നതിനായി നഗരത്തിൽ പ്രത്യേക സമിതി പ്രവർത്തിക്കുന്നുണ്ട്. കനേഡിയൻ അതിർത്തിയിലുള്ള ഗ്രേറ്റ് ലേക്സ് മേഖലയിലെ ഒന്റാരിയോ തടാകത്തിന്റെ പേര് എക്സിക്യൂട്ടീവ് ഉത്തരവിലൂടെ മാറ്റി സ്ഥാപിക്കാൻ ട്രംപ് ശ്രമിക്കുന്നതിനിടെ, ഭാവിയിലെങ്കിലും നഗര ആസൂത്രകർ തെരുവുകൾക്ക് അർത്ഥവത്തായതും സർഗ്ഗാത്മകവുമായ പേരുകൾ നൽകുമെന്ന പ്രതീക്ഷയിലാണ് കാനഡയിലെ ജനങ്ങൾ.


