ക്ഷേത്ര ദർശനത്തിനിടെ ഭക്തയുടെ കൈയിലുണ്ടായിരുന്ന ബാഗുമായി കുരങ്ങന്‍ കടന്ന് കളഞ്ഞു. ബാഗില്‍ ഉണ്ടായിരുന്നതാകട്ടെ 20 ലക്ഷം രൂപ വിലയുള്ള സ്വർണ്ണാഭരണങ്ങൾ

യാത്ര പോയി തിരിച്ചെത്തുമ്പോൾ വീട്ടില്‍ സൂക്ഷിച്ചിരുന്നതെല്ലാം കള്ളന്‍ കയറി കൊണ്ട് പോയെന്ന വാര്‍ത്ത ഇന്നൊരു പുതുമയല്ല. പലര്‍ക്കും ജീവിതത്തില്‍ അത്തരമൊരു അനുഭവമുണ്ടാവുകയും ചെയ്യും. മോഷണങ്ങൾ വ്യാപിച്ചതോടെ എവിടെയെങ്കിലും പോകുമ്പോൾ ഉള്ള സമ്പാദ്യമെല്ലാം കൂടെ കൊണ്ട് പോകാന്‍ ചിലര്‍ തയ്യാറാകുന്നു. എന്നാല്‍, അത്തരം അവസരങ്ങളില്‍ കൊണ്ട് പോകുന്ന വില പിടിപ്പുള്ള വസ്തുവിന്‍റെ സുരക്ഷയെ കുറിച്ച് അവരോര്‍ക്കാറില്ല. മറിച്ച് തന്‍റെ ഒപ്പം ഉള്ളതിനാല്‍ സുരക്ഷിതമായിരിക്കും എന്ന അമിത ആത്മവിശ്വാസമുണ്ടാവുകയും ചെയ്യും.

ഉത്തർപ്രദേശിലെ വൃദ്ധാവന്‍ സന്ദർശിക്കാനെത്തിയ അലിഗർ സ്വദേശിയായ അഭിഷേക് അഗര്‍വാളിന് സമാനമായ ഒരുനുഭവമുണ്ടായി. അദ്ദേഹം വൃദ്ധാവനിലെ താക്കൂർ ബാങ്കേ ബിഹാരി ക്ഷേത്രത്തിന് മുന്നില്‍ നിന്നും പ്രാര്‍ത്ഥിക്കുന്നതിനിടെ ഭാര്യയുടെ കൈയില്‍ നിന്നും 20 ലക്ഷം രൂപ വിലയുള്ള ആഭരണങ്ങൾ അടങ്ങിയ ബാഗ് കുരങ്ങന്‍ തട്ടിയെടുത്തു. ഒറ്റ നിമിഷത്തിനിടെ ബാഗുമായി കുരങ്ങന്‍ കെട്ടിടങ്ങൾക്കിടയില്‍ മറന്നു. പിന്നാലെ അഭിഷേകിന്‍റെ ഭാര്യ നിലവിളിക്കുകയും ക്ഷേത്രത്തിലെത്തിലെ ജീവനക്കാരും ഭക്തരും ബാഗിനായി കുരങ്ങിനെ അന്വേഷിക്കുകയും ചെയ്തു. എന്നാല്‍ കുരങ്ങിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ പോലീസിന്‍റെ സഹായം തേടാന്‍ അഭിഷേക് നിര്‍ബന്ധിതനായി.

Scroll to load tweet…

സംഭവം അറിഞ്ഞെത്തിയ സാദറിലെ സർക്കിൾ ഓഫീസര്‍ സന്ദീപ് കുമാര്‍ ആദ്യം തന്നെ പോലീസു നാട്ടുകാരുമുൾപ്പെട്ട ഒരു ടീമിനെ തെരഞ്ഞെടുത്ത് ബാഗ് അന്വേഷണത്തിനായി വിട്ടു. ഒപ്പം പ്രദേശത്തെ സിസിടിവി ക്യാമറകളും പരിശോധിച്ചു. സങ്കീർണവും നേര്‍ത്ത ഇടനാഴികളുമുള്ള കെട്ടിട ഘടനകൾക്കിടെ നിരന്തരം അന്വേഷിച്ച് ഒടുവില്‍ പ്രദേശത്തെ ഉയരം കൂടിയ ഒരു മരക്കൊമ്പില്‍ ബാഗ് തൂക്കിയിട്ടിരിക്കുന്നതായി കണ്ടെത്തി. ഇതിനിടെ അന്വേഷണം എട്ട് മണിക്കൂര്‍ പിന്നിട്ടിരുന്നു. കണ്ടെടുത്ത ബാഗ് പരിശോധിച്ചപ്പോൾ അതില്‍ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് അറിയിച്ച അഭിഷേക് വൃന്ദാവന്‍ പോലീസിന് നന്ദി പറഞ്ഞു.