മദ്യപിച്ചപ്പോൾ കൂട്ടുകാരന്‍റെ മകന്‍റെ ടോയ് കാറുമായി യുവാവ് തിരക്കേറിയെ നഗരത്തിലേക്ക് ഇറങ്ങി. പിന്നാലെ പോലീസും. 

കാനഡയിലെ തിരക്കേറിയ റോഡിലൂടെ കുട്ടികൾക്കുള്ള കളിപ്പാട്ട കാർ ഓടിച്ചതിന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബർ 5-ന് രാവിലെ നിക്കോൾസൺ സ്ട്രീറ്റിന് സമീപമുള്ള 15-ആം അവന്യൂവിലൂടെയാണ് കസ്പർ ലിങ്കൺ എന്നയാൾ കുട്ടികളുടെ കളിപ്പാട്ട കാർ ഓടിച്ചത്. ഇയാളെ പോലീസ് തടഞ്ഞുനിർത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പട്രോളിങ്ങിലായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനാണ് ലിങ്കണെ കണ്ടതെന്ന് സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിന്‍റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഇതിൽ ലിങ്കൺ നിർമ്മാണം നടക്കുന്ന റോഡിന്‍റെ വശങ്ങളിലൂടെയും പിന്നീട് തിരക്കേറിയ പ്രധാന പാതയിലേക്കും കളിപ്പാട്ട 'കാർ ഓടിച്ചെത്തുന്നത് കാണാം. കടയിൽ സാധനം വാങ്ങാൻ പോകാനാണ് താൻ കൂട്ടുകാരന്‍റെ കുട്ടിയുടെ കാർ എടുത്തതെന്ന് ലിങ്കൺ പോലീസിനോട് പറഞ്ഞു. സുഹൃത്തും ഇയാളോടൊപ്പം ഉണ്ടായിരുന്നു.

Scroll to load tweet…

വാഹനം തടഞ്ഞ റോയൽ കനേഡിയൻ മൗണ്ടൻ പോലീസ് (RCMP) നടത്തിയ പരിശോധനയിൽ ലിങ്കണിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്തതാണെന്ന് കണ്ടെത്തി. കൂടാതെ ഇയാൾ മദ്യപിച്ചിട്ടുണ്ടെന്നും സ്ഥിരീകരിച്ചു. ലിങ്കണിനെതിരെ മദ്യപിച്ച് വാഹനമോടിച്ചതിന് (DUI) പോലീസ് കേസെടുത്തു. ലിങ്കൺ ഈ കേസിനെ നിയമപരമായി നേരിടാൻ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകൾ. ഇതിന് പുറമെ 90 ദിവസത്തേക്ക് വാഹനമോടിക്കുന്നതിൽ നിന്നും ഇയാളെ വിലക്കിയിട്ടുണ്ട്.

ഇത് സാധാരണ സംഭവിക്കുന്ന ഒന്നല്ലെന്നും അതിനാൽ തന്നെ ഇത് ഗുരുതരമായ കുറ്റമാണെന്നും പറഞ്ഞ മീഡിയ റിലേഷൻസ് ഓഫീസർ സ്റ്റാഫ് സാർജന്‍റ് ക്രിസ് ക്ലാർക്ക് തിരക്കേറിയ റോഡിൽ ഇത്തരത്തിൽ അശ്രദ്ധപരമായി പെരുമാറുന്നത് മറ്റ് ഡ്രൈവർമാർക്കും ഈ വ്യക്തിക്കും ഒരുപോലെ അപകടകരമാണന്നും കൂട്ടിച്ചേര്‍ത്തു. മനുഷ്യന്‍റെ കായികശേഷി അല്ലാതെ മറ്റെന്തെങ്കിലും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഏതൊരു വാഹനവും മോട്ടോർ വാഹനത്തിന്‍റെ പരിധിയിൽ വരുമെന്നാണ് പോലീസ് പറയുന്നത്. ഇത് ഓടിക്കാൻ ലൈസൻസും ഇൻഷുറൻസും ആവശ്യമാണ്. മാറ്റലിന്‍റെ വെബ്സൈറ്റ് അനുസരിച്ച്, 2021-ൽ പുറത്തിറങ്ങിയ ബാർബി ജീപ്പ് റാങ്ലർ-ന് മണിക്കൂറിൽ എട്ട് കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയും. മൂന്ന് മുതൽ ഏഴ് വയസ്സുവരെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ള ഈ വാഹനം കട്ടിയുള്ള പ്രതലങ്ങളിൽ ഉപയോഗിക്കാൻ അനുയോജ്യവമാണ്.