പരീക്ഷയില്‍ തോറ്റു പോയ മകനെ റോഡിലൂടെ ഓടിച്ചിട്ട് ബെല്‍റ്റിന് അടിക്കുന്ന അച്ഛന്‍. വടിക്കൊണ്ട് അച്ഛനെ പ്രതിരോധിച്ച് മകന്‍.

രീക്ഷയിൽ പരാജയപ്പെട്ടതിന് മകനെ തെരുവിലൂടെ ഓടിച്ചിട്ട് അടിക്കുന്ന അച്ഛന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ചൈനയിൽ നിന്നാണ് ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ തെരുവിലൂടെ ഓടുന്ന മകനെ പിന്തുടർന്ന് മർദ്ദിക്കുന്ന അച്ഛന്‍റെ ദൃശ്യങ്ങളാണ് ഉള്ളത്. ഇയാൾ കയ്യിൽ ഒരു ബെൽറ്റ് പിടിച്ചിരിക്കുന്നതും അതുവച്ച് മകനെ അടിക്കുന്നതും വീഡിയോയിൽ കാണാം. ആശങ്ക ഉണർത്തുന്ന ഈ വീഡിയോ പാരന്‍റിംഗുമായി ബന്ധപ്പെട്ട വിഷയത്തിൽ വലിയ ചർച്ചകൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.

തെരുവിൽ നേർക്കുനേർ നിൽക്കുന്ന അച്ഛന്‍റെയും മകന്‍റെയും ദൃശ്യങ്ങളാണ് വീഡിയോയുടെ തുടക്കം. തന്‍റെ കയ്യിലുള്ള ബെൽറ്റ് ഉപയോഗിച്ച് അച്ഛൻ മകനെ മർദ്ദിക്കാൻ ശ്രമിക്കുന്നു. അപ്പോൾ മകൻ അതിനെ പ്രതിരോധിക്കാനായി അവന്‍റെ കൈയിലെ വടി ഉപയോഗിക്കുന്നു. ഇതിനിടയിൽ നിലത്ത് കിടക്കുന്ന സ്കൂൾ ബാഗ് എടുത്ത് അച്ഛൻ വലിച്ചെറിയുന്നതും മകനെ അടിക്കുവാനായി തെരുവിലൂടെ ഓടിക്കുന്നതും വീഡിയോയിൽ കാണാം. കയ്യിലെ വടി ഉപയോഗിച്ച് നിരവധി തവണ മകനും അച്ഛനെ തിരിച്ചടിക്കാൻ ശ്രമിക്കുന്നുണ്ട്. മകന്‍റെ ചില അടികൾ അച്ഛന്‍റെ മേല്‍ കൊള്ളുന്നതും വീഡിയോയില്‍ കാണാം. ഒടുവിൽ തെരുവിൽ ഉണ്ടായിരുന്ന ഒരാൾ മകനെ പിടിച്ച് നിർത്തുന്നതും അപ്പോൾ അച്ഛൻ ബെൽറ്റ് കൊണ്ട് തുടരെത്തുടരെ അവനെ അടിക്കുന്നിടത്ത് വീഡിയോ അവസാനിക്കുന്നു.

View post on Instagram

asianswithattitudes എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ ചൈനീസ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടതോടെ അച്ഛന്‍റെ പെരുമാറ്റത്തെ വിമർശിച്ച് കൊണ്ട് നിരവധി പേർ രംഗത്തെത്തി. ഒരു രക്ഷാകർത്താവിനും സ്വന്തം കുട്ടികളെ ഇങ്ങനെ മർദ്ദിക്കാൻ അവകാശമില്ലെന്നും ഇയാൾക്കെതിരെ നിയമ നടപടിയെടുക്കണമെന്നും നിരവധിപേർ അഭിപ്രായപ്പെട്ടു. കുട്ടി തിരിച്ചടിച്ചതിൽ അവനെ കുറ്റം പറയാൻ കഴിയില്ലെന്നും സ്വയം പ്രതിരോധിക്കാൻ അതല്ലാതെ മറ്റൊരു മാർഗവും അവനില്ലെന്നും സമൂഹ മാധ്യമ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. അതേ സമയം ചൈനയിലെ വിദ്യാഭ്യാസ രീതി വിദ്യാര്‍ത്ഥികൾക്ക് വലിയ മാനസിക സമ്മര്‍ദ്ദമാണ് സമ്മാനിക്കുന്നതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.