ഉപ്പ് രുചിച്ച് നോക്കിയ ഗോത്രത്തിലെ ഒരംഗം പിന്നാലെ തുപ്പിക്കളയുന്നു. ഇതോടെ അവര്‍ തങ്ങളെ സ്വീകരിച്ചില്ലെന്നും പെട്ടെന്ന് ബോട്ടെടുക്കാനും പറയുന്നു
സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കത്തിന് വേണ്ടി നരഭോജി ഗോത്രത്തിലെ ഒരാൾക്ക് ഉപ്പ് നല്‍കാന്‍ ശ്രമിച്ച ഐറിഷ് യൂട്യൂബറും ടിക് ടോക് കണ്ടന്‍റ് ക്രീയേറ്ററുമായ ദാര താഹിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധം. പാപ്പുവാ ന്യൂഗിനിയയിലെ ഒരു പ്രാചീന ഗോത്രങ്ങളിലെ ഒരംഗത്തിനാണ് അദ്ദേഹം ഉപ്പ് നല്‍കാന്‍ ശ്രമിച്ചത്. ദാര താഹിന്‍റെ വീഡിയോ, ഫ്ലോറിഡ മാന്‍ വേൾഡ് ഓർഡർ എന്ന എക്സ് അക്കൗണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ടു. ഇതില്‍ രണ്ട് ഗോത്രാംഗങ്ങളെ കാണാം.
വീഡിയോയില്‍ ദാര താഹും മറ്റുള്ളവരും ഒരു ബോട്ടില്‍ സഞ്ചരിക്കുമ്പോൾ, കരയില്‍ ഇലയനക്കം ശ്രദ്ധിക്കുന്നു. ഇതിനിടെ കൂട്ടത്തിലുള്ള ഒരാൾ, 'ബ്രോ , അവർ ഞങ്ങൾക്ക് നേരെ വില്ലും അമ്പും ചൂണ്ടുന്നതായി എനിക്ക് തോന്നുന്നു.' എന്ന് പറയുന്നത് കേൾക്കാം. ഈ സമയം നിരവധി പേരുടെ ശബ്ദവും ഉണക്കിയ ഇല കൊണ്ട് നാണം മറച്ച മൂന്നാലാളുകൾ അമ്പും വില്ലുമായി കരയില്‍ നിൽക്കുന്നത് കാണാം. പിന്നാലെ, അത് ഭയപ്പെടുത്തുന്നതാണെന്നും അവരുടെ കൈവശം വലിയ അമ്പുകളുണ്ടെന്നും ദാരാ പറയുന്നു. പിന്നാലെ അവര്‍ക്ക് എന്തെങ്കിലും വാഗ്ദാനം ചെയ്യാമെന്ന് പറഞ്ഞ് കൊണ്ട് വള്ളം കരയ്ക്കടുത്തേക്ക് അടുപ്പിക്കാന്‍ ശ്രമിക്കുന്നു.
വള്ളം ഓടിക്കുന്ന ഡെമിയാണ് തങ്ങളെ ഇവിടേയ്ക്ക് കൊണ്ട് വന്നതെന്നും അവര്‍ക്ക് എന്തെങ്കിലും നല്‍കിയാല്‍ അത് അവര്‍ വാങ്ങുകയാണെങ്കില്‍ അവർ തങ്ങളെ സ്വീകരിക്കുന്നതായി കണക്കാക്കുമെന്ന് ഡെമി പറഞ്ഞെന്നും ദാര കൂട്ടിച്ചേര്‍ക്കുന്നു. തുടർന്ന് അദ്ദേഹം കീശയില്‍ നിന്നും ഒരു പാക്കറ്റ് ഉപ്പ് പുറത്തെടുക്കുന്നു. ഈ സമയം അത് പൊട്ടിച്ച് കൈയിലിട്ട് കൊടുക്കൂവെന്ന് ആരോ പറയുന്നത് കേൾക്കാം. പിന്നാലെ ഉപ്പ് പാക്കറ്റ് പോട്ടിച്ച് ദാര തന്‍റെ കൈവെള്ളയിലേക്ക് കുടയുന്നു. അത് ഗോത്രത്തിലെ ഒരംഗത്തിന് നേരെ നീട്ടുന്നു. അദ്ദേഹം അത് കൈയില്‍ വാങ്ങി രുചിച്ച് നോക്കിയ ശേഷം തുപ്പിക്കളയുന്നതും വീഡിയോയിൽ കാണാം. തങ്ങളുടെ സമ്മാനം അവര്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നും അതിനാല്‍ അവര്‍ അക്രമിക്കാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞ് കൊണ്ട് ദാരയും സംഘവും അവിടെ നിന്നും പോകുന്നതോടെ വീഡിയോ അവസാനിക്കുന്നു.
പാപ്പുവ ന്യൂഗിനിയയിലെ ആദിമ ഗോത്രങ്ങളിലേതോ ഒരു സംഘത്തെയാണ് താരയും കൂട്ടരും കണ്ടത്. അവരുടെ രഹസ്യ ജീവിതത്തിലേക്ക് ഉപ്പുമായി പോയതെന്തിനെന്ന് നിരവധി പേരാണ് ചോദിച്ചത്. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് പോകാന്‍ ദാരയ്ക്ക് ആരാണ് അധികാരം നല്‍കിയതെന്നും ചിലര്‍ ചോദ്യം ചെയ്തു. ടിക് ടോക്കിൽ 7,50,000-ത്തിലധികം ഫോളോവേഴ്‌സുള്ള ദാരയ്ക്ക്, യൂട്യൂബിൽ 8,28,000-ത്തിലധികം സബ്‌സ്‌ക്രൈബർമാരാണുള്ളത്. പാമ്പ് ദ്വീപിൽ അതിജീവിക്കുന്നത്, ലോകത്തിലെ ഏറ്റവും മാരകമായ ദ്വീപിലെ പര്യവേക്ഷണം, ആണവ ബങ്കറിൽ അതിജീവിക്കുന്നത് തുടങ്ങിയ വ്യത്യസ്തമായി പരീക്ഷണ വീഡിയോകൾക്ക് പ്രശസ്തനാണ് ദാര താഹ്.


