കാനഡയിലെ തിരക്കേറിയ സബ്‍വെയില്‍ ഒരു യുവതി ഭക്ഷയാചിക്കുന്നതിന്‍റെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ അത് ഇന്ത്യക്കാരിയാണെന്ന് കുറിപ്പുകൾ.
പഠനത്തിനും ജോലിക്കുമായി വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നവരുടെ ജീവിത സാഹചര്യങ്ങൾ നാം കരുതുന്നത് പോലെ അത്ര സുന്ദരമല്ലെന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങൾ സമീപ കാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സമാനമായ മറ്റൊരു സംഭവം കൂടി ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവരികയാണ്. കാനഡയിൽ ഒരു വിദ്യാർത്ഥിനി സബ്‌വേ പ്ലാറ്റ്‌ഫോമിൽ ഭിക്ഷ യാചിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഉയർന്ന് വരുന്ന ജീവിതച്ചെലവുകളും, സാമ്പത്തിക പ്രതിസന്ധികളും കാരണം വിദേശത്ത് പഠിക്കാനോ, ജോലി ചെയ്യാനോ പോവുന്ന ആളുകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെയാണ് ഈ വീഡിയോ ഓർമ്മിപ്പിക്കുന്നത്.
ഭിക്ഷ യാചിക്കുന്ന വിദ്യാർത്ഥിനിയെ യാദൃശ്ചികമായി കണ്ട ആരോ പകർത്തിയതാണ് ഈ വീഡിയോ. ഒരു കാഡ്ബോർഡ് കഷണം കയ്യിൽ പിടിച്ചാണ് ഈ യുവതി ഭിക്ഷ യാചിക്കുന്നത്. തന്‍റെ വീഡിയോ ചിത്രീകരിക്കുന്നത് കണ്ട ഉടൻ അവർ കയ്യിൽ ഉണ്ടായിരുന്നു കാഡ്ബോർഡ് കൊണ്ട് മുഖം മറക്കുന്നതും കാണാം. തുടർന്ന് പെട്ടെന്ന് തന്നെ അവര്‍ സ്ഥലത്ത് നിന്നും പോവുന്നു. വീഡിയോ വൈറലായതോടെ യുവതി ഇന്ത്യന്‍ വംശജയാണെന്ന് ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ, അവര്‍ പാക് വംശജയാണെന്നായിരുന്നു മറ്റ് ചിലർ അഭിപ്രായപ്പെട്ടത്.
@thelasthournews എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടാണ് ഈ വീഡിയോ പങ്കുവെച്ചത്. 'പടിഞ്ഞാറൻ രാജ്യങ്ങളിലേക്കുള്ള സ്വപ്ന കുടിയേറ്റത്തിന് പിന്നിലെ കഠിനമായ യാഥാർത്ഥ്യം' എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. വിദേശ രാജ്യങ്ങളിൽ ജീവിതം അത്ര ആഡംബര പൂർണ്ണമല്ലെന്ന് ഈ വീഡിയോ തെളിയിക്കുന്നു. ഉയർന്ന ജീവിതച്ചെലവുകളും, ട്യൂഷൻ ഫീസും, മറ്റ് ചിലവുകളും ഒരുപാട് വിദ്യാർത്ഥികളെയും കുടിയേറ്റക്കാരെയും സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നുണ്ടെന്നും ഈ കുറിപ്പിൽ പറയുന്നു. വിദേശ രാജ്യങ്ങളിലെ കുടിയേറ്റക്കാരുടെ അതിജീവനത്തിന് പിന്നിൽ കഷ്ടപ്പാടിന്‍റെയും കഠിനാധ്വാനത്തിന്‍റെയും ആരും കാണാത്ത നിരവധി കഥകൾ ഒളിഞ്ഞിരിപ്പുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോ എന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളിൽ ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നത്.


