Asianet News Malayalam

പിന്നിൽ വന്ന് കണ്ണുപൊത്തി, മുഖത്തുതഴുകി, 'വിഎക്സ്' നെർവ് ഏജന്റിന്റെ രൂപത്തിൽ കിം ജോങ് നാമിനെ തേടിയെത്തിയ മരണം

അനുജനയച്ച കത്തിൽ കിം ജോങ് നാം ഇങ്ങനെ എഴുതി," എന്നെയും കുടുംബത്തെയും ശിക്ഷിക്കാനുള്ള ഉത്തരവ് ദയവായി നീ പിൻവലിക്കണം. ഞങ്ങൾക്ക് പോയൊളിക്കാൻ വേറെ ഇടമില്ല. ആത്മഹത്യ ചെയ്യുകയല്ലാതെ ഇനി വേറെ വഴിയില്ല."

VX,the nerve agent that took the life of Kim jong nam just by a smear on the face
Author
Pyongyang, First Published Apr 29, 2020, 9:49 AM IST
  • Facebook
  • Twitter
  • Whatsapp

കിം ജോങ് നാമിന് എട്ടു വയസ്സുള്ളപ്പോൾ അച്ഛൻ കിം ജോങ് ഇൽ ഒരുദിവസം മകനെ തന്റെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോയി. എന്നിട്ട്, തന്റെ രാജകീയമായ സിംഹാസനം കാണിച്ചുകൊടുത്തിട്ട് പറഞ്ഞു, "മകനേ, ഇതാണ് നാളെ, നീ വല്യ കുട്ടിയാകുമ്പോൾ, ഇരിക്കാൻ പോകുന്നിടം. ഇവിടിരുന്നു വേണം നീ ഈ രാജ്യം ഭരിക്കാൻ. എന്നെപ്പോലെ ഉത്തരവുകൾ പുറപ്പെടുവിക്കാൻ." അതും പറഞ്ഞുകൊണ്ട് കിം ജോങ് ഇൽ മകന്റെ തലമുടി ഒന്ന് തഴുകി. അന്ന് മകന് കൊടുത്ത വാക്ക് ആ അച്ഛൻ പാലിച്ചിരുന്നു എങ്കിൽ, ഇന്ന് ഉത്തരകൊറിയയിലെ രണ്ടരക്കോടി ജനങ്ങളുടെ ഏകഛത്രാധിപതി കിം ജോങ് നാമിന്റെ അനിയൻ കിം ജോങ് ഉൻ ആകുമായിരുന്നില്ല. ഉത്തരകൊറിയയുടെ ആണവായുധ ബട്ടണുകളെ താലോലിച്ചിരുന്നത് കിം ജോങ് നാമിന്റെ കരങ്ങളായിരുന്നേനെ. ഒരു പക്ഷേ, അധികാരത്തിലേറി രണ്ടാംവർഷം സ്വന്തം അമ്മാവനെ വധിക്കേണ്ട, അതിനും വർഷങ്ങൾക്കിപ്പുറം ഇളയ സഹോദരൻ കിം ജോങ് ഉന്നിനെത്തന്നെ ഇല്ലാതാക്കേണ്ട നിയോഗവും അയാളുടെ തന്നെ ആയേനെ. ഇന്ന് അമേരിക്കയും ചൈനയുമൊക്കെ ചർച്ചകൾക്ക് ക്ഷണിക്കുന്നതും കിം ജോങ് നാമിനെ ആയിരുന്നേനെ. എന്നാൽ, വിധിയുടെ ഹിതം മറ്റൊന്നായിരുന്നു. അച്ഛൻ കിം ജോങ് ഇൽ ജീവിച്ചിരിക്കെത്തന്നെ, തന്റെ അനന്തരാവകാശിയാകാൻ ഏറ്റവും യോഗ്യൻ ഇളയവനും തന്റെ ക്രൗര്യങ്ങൾ അതേപടി പകർന്നുകിട്ടിയിട്ടുള്ളവനുമായ കിം ജോങ് ഉൻ തന്നെയാണ് എന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു 

 

'അച്ഛൻ കിം ജോങ് ഇല്ലിനൊപ്പം കിം ജോങ് നാം '

കിം ജോങ് നാമിന്റെ വിധി, തന്റെ നാല്പത്തഞ്ചാം വയസ്സിൽ ഒരു അന്യരാജ്യത്തെ വിമാനത്താവളത്തിൽ വെച്ച്  അതിവിദഗ്ധമായ ഒരു ഓപ്പറേഷനിലൂടെ കൊല്ലപ്പെടാനായിരുന്നു. 2017 ഫെബ്രുവരി 13. അക്കൊല്ലത്തെ വാലെന്റൈൻസ് ഡേയുടെ തലേദിവസം. മലേഷ്യയിലെ തിരക്കേറിയ ക്വാലാലംപുർ വിമാനത്താവളത്തിന്റെ ലോഞ്ചിലൂടെ നടന്നു പോകുന്ന കിം ജോങ് നാമിന്റെ മങ്ങിയ ദൃശ്യങ്ങൾ അതാ സിസിടിവി വിഷ്വലുകളിൽ തെളിഞ്ഞു കാണുന്നുണ്ട്. സഹോദരൻ ഉൻ വിശ്വപ്രസിദ്ധനാണ് എങ്കിൽ നാം ഒരാളും തിരിച്ചറിയാത്ത, പരശ്ശതം ഉത്തരകൊറിയൻ മുഖങ്ങളിൽ ഒന്നുമാത്രം. അതിലൂടെ കടന്നുപോകുന്ന ഒരാൾ പോലും നാമിനെ തിരിച്ചറിയുന്നില്ല. എന്തിന് ഒന്ന് മൈൻഡ് ചെയ്യുന്നു പോലുമില്ല. ആ അപ്രശസ്തിയിൽ നാമിന് ഒട്ടും പരാതിയില്ല. ജീവിത രീതിയിൽ തന്റെ സഹോദരനെപ്പോലെയെ അല്ലായിരുന്നു അയാൾ.  പൊടിക്ക് ഓവർ വെയിറ്റായ ഒരു സാധാരണക്കാരൻ. ചെറുതായി കഷണ്ടി കയറിയ തന്റെ നെറ്റി അയാൾ എന്നും ഒരു തൊപ്പികൊണ്ട് മറച്ചിരുന്നു. അന്നും അത് അയാളുടെ തലയിലുണ്ടായിരുന്നു.

2017 ഫെബ്രുവരി 13, 08.59 AM

മറ്റാരും തിരിച്ചറിഞ്ഞില്ല എങ്കിലും, നാമിന്റെ ജീവനെടുക്കാൻ നിയുക്തരായിരുന്ന രണ്ടു യുവതികൾക്ക് തങ്ങളുടെ ഇരയെ കൃത്യമായി തിരിച്ചറിയാൻ സാധിച്ചു. വിമാനത്താവളത്തിലെ എയർ ഏഷ്യ സെൽഫ് ചെക്കിങ് കിയോസ്കിലേക്ക് നാം നടന്നുപോയ്ക്കൊണ്ടിരിക്കെ, ചെറിയൊരു കീറലോടുകൂടിയ ഫാഷനബിൾ ജീൻസ് ധരിച്ച ഒരു ഇന്തോനേഷ്യൻ യുവതി, ഒരു തൂണിനു പിന്നിൽ നിന്ന് അയാളുടെ പിന്നാലെ കൂടി. ഇടം കൈ കൊണ്ട് അയാളുടെ കണ്ണുകൾ പൊതി. പണ്ടൊക്കെ നമ്മൾ "ആരാണെന്നു പറയാമോ..." എന്ന കളി കളിക്കുമ്പോൾ ചെയ്യുന്നപോലെ. കണ്ണുപൊത്തിയ കൂട്ടത്തിൽ  വലം കൈകൊണ്ട് നാമിന്റെ വായിൽ എണ്ണമയമുള്ള എന്തോ ഒന്ന് തേച്ചു.

 

 

" ഹേ... എന്താണിത്.. ആരാണ് നിങ്ങൾ...?" അത്ഭുതവും അമ്പരപ്പും ഒന്നിച്ചു വന്ന നാം തെല്ലു ദേഷ്യത്തോടെ തന്നെയാണ് ചോദിച്ചത്.

"അയ്യോ... സോറി.. സോറി..." എന്നും പറഞ്ഞ് ആ ഇന്തോനേഷ്യൻ യുവതി വളരെ പെട്ടെന്ന് വിമാനത്താവളത്തിലെ തിരക്കിലേക്ക് അപ്രത്യക്ഷയായി.

നിമിഷങ്ങളുടെ വ്യത്യാസത്തിൽ, LOL എന്നെഴുതിയ ഒരു വെള്ള ടോപ്പ് ധരിച്ച വിയറ്റ്നാമീസ് യുവതി, ഇതേ പോലെ തന്നെ പിന്നിലൂടെ വന്നു തോളിലൂടെ കയ്യിട്ട്, അവരുടെ കൈകൾ കൊണ്ട് അയാളുടെ മുഖത്തോടെ തഴുകി. നാമിന്റെ അമ്പരപ്പ് വിടും മുമ്പ് അവളും മറ്റേയുവതി പോയതിന്റെ എതിർ ദിശയിൽ വിമാനത്താവളത്തിലെ തിരക്കിൽ ലയിച്ചു.

'VX നെർവ് ഏജന്റ്'  എന്ന കാളകൂടവിഷം 

സെക്കന്റുകളുടെ വ്യത്യാസത്തിൽ നടന്ന ആ രണ്ടു പ്രകടനങ്ങൾ, അത് ഒരു വൻ കൊലപാതക ഗൂഢാലോചനയുടെ അവസാനത്തെ രണ്ടു ഘട്ടങ്ങളായിരുന്നു. തന്റെ മുഖത്ത് ആ യുവതികൾ എന്തിനാണ് തഴുകിയത് എന്നോർത്ത് കിം ജോങ് നാം അമ്പരപ്പുമാറാതെ ഇരിക്കുന്ന നേരം കൊണ്ട് അവർ ഇരുവരും ചേർന്ന് നാമിന്റെ മുഖത്ത് പ്രവർത്തനക്ഷമമാക്കിയ കൊടും വിഷം, VX നെർവ് ഏജന്റ് അതിന്റെ പണി തുടങ്ങിക്കഴിഞ്ഞിരുന്നു. കൊടിയ വിഷസ്വഭാവിയായ ഒരു ഓർഗാനോഫോസ്ഫറസ് കെമിക്കൽ ഏജന്റ് ആയിരുന്നു VX. നെർവ് ഏജന്റുകളിൽ ഏറ്റവും ശക്തിശാലിയായ ആയുധം. യുഎൻ 'വെപ്പൺ ഓഫ് മാസ് ഡിസ്ട്രക്ഷൻ' എന്ന ഗണത്തിൽ പെടുത്തിയിരിക്കുന്നത് മാരകായുധം. അതിന്റെ ഒരു തുള്ളിയാണ് ഇരു യുവതികളും കൂടി കിം ജോണ് നാമിന്റെ മുഖത്ത് പുരട്ടിയത്. അയാൾ ശ്വാസത്തിലൂടെ ഉള്ളിലേക്കെടുത്തത്.

 

 

അത് ധാരാളമായിരുന്നു. നിമിഷാർദ്ധനേരം കൊണ്ട് നാമിന്റെ മുഖത്തെ പതിനായിരക്കണക്കിന് കോശങ്ങൾ വെകിളിപൂണ്ടു വിറയ്ക്കാൻ തുടങ്ങി. അയാളുടെ മുഖത്ത് വല്ലാത്ത അസ്വസ്ഥത അനുഭവപ്പെട്ടുതുടങ്ങി. നേരെ ബാത്ത് റൂമിലേക്ക് പോയി ആ വിഷം മുഖത്തുനിന്ന് കഴുകിക്കളയുന്നതിനു പകരം, അയാൾ പോയത് അടുത്തുള്ള ഇംഗ്ലീഷ് ഡെസ്കിലേക്കായിരുന്നു. അവിടെ ചെന്നുനിന്ന് അയാൾ പറഞ്ഞു. “Very painful, very painful, I was sprayed liquid.” അയാൾ അവരോട് അടക്കാനാകാത്ത വിങ്ങലോടെ പറഞ്ഞു. അവിടെ ഉണ്ടായിരുന്ന യുവതി നാമിനെ മൂന്നു പോലീസുകാരുടെ അടുത്തേക്ക് കൊണ്ടുപോയി. പക്ഷേ, അവർ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ തുടങ്ങുമ്പോഴേക്കും സഹിക്കാനാകാതെ വേദനയാൽ നാം മുഖം പൊത്തി ഇരുന്നു പോയിരുന്നു. അലറിക്കരഞ്ഞു പോയി ജോങ് നാം. അത്രയ്ക്ക് അസഹ്യമായിരുന്നു മനുഷ്യദേഹത്തിന്മേലുള്ള ആ മാരകവിഷവാതകത്തിന്റെ ആക്രമണം.

അതിലൊരു പൊലീസുകാരൻ ജോങ് നാമിനെ എയർപോർട്ടിലെ ക്ലിനിക്കിലേക്ക് കൂട്ടിക്കൊണ്ടുപോയി. അപ്പോഴേക്കും ആക്രമണം കഴിഞ്ഞ് മൂന്നു മിനിട്ടു പിന്നിട്ടിട്ടുണ്ടായിരുന്നു. ജോങ് നാമിന്റെ കാൽമുട്ടിന് താഴെയുള്ള പേശികൾ ബലം പിടിക്കാൻ തുടങ്ങി. കാലുകളിടറാൻ തുടങ്ങി അയാളുടെ. അയാളുടെ പേശികളിലൂടെ തേരോട്ടം നടത്താൻ തുടങ്ങിയിട്ടുണ്ടായിരുന്നു VX എന്ന ആ നെർവ് ഏജന്റ് അപ്പോഴേക്കും. അയാളുടെ ശ്വസനവ്യൂഹവും, ഹൃദയവും തകർച്ചയുടെ വക്കിൽ എത്തി നിൽക്കുന്ന നേരമായിട്ടുണ്ടായിരുന്നു.

 

 

നല്ല വെളിച്ചമുണ്ടായിരുന്ന ആ ക്ലിനിക്കിലെ സോഫയിലേക്ക് കിം ജോങ് നാം കുഴഞ്ഞു വീണു. അയാളുടെ നീലനിറത്തിലുള്ള ടിഷർട്ട് അയാളുടെ കുമ്പയ്ക്ക് മേലേക്ക് കയറി നിന്നു. ശ്വസിക്കാനാകാതെ പിടഞ്ഞുകൊണ്ടിരുന്ന ജോങ് നാമിന്റെ നെഞ്ചിലൂടെ മകന്റെയും ഭാര്യയുടെയും ചിത്രങ്ങൾ കൊത്തിവെച്ചിട്ടുള്ള സ്വർണ്ണ ലോക്കറ്റ് അങ്ങോട്ടുമിങ്ങോട്ടും ഉലഞ്ഞു. ചുഴലി പോലെ ഒന്ന് അയാളെ ആവേശിച്ചു. അപസ്മാര ബാധിതരെപ്പോലെ കോച്ചിവലിക്കാനും, പിടയ്ക്കാനും തുടങ്ങി അയാൾ. നാം അവസാനമായി ഒരു നെടുങ്കൻ ശ്വാസം ഉള്ളിലേക്കെടുത്തു. അതിനു നിശ്വാസമുണ്ടായില്ല. ചുരുങ്ങിയ അവസ്ഥയിൽ തന്നെ അയാളുടെ ശ്വാസകോശം നിശ്ചലമായി. ശ്വാസം നിലച്ചതുകണ്ടപ്പോൾ ക്ലിനിക്കിലെ നഴ്‌സുമാർ ഓക്സിജൻ നൽകി. അത് വലിച്ചെടുക്കാൻ പോലും ജോങ് നാമിന്റെ ശ്വാസകോശങ്ങൾക്ക് സാധിച്ചില്ല.

ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അയാളുടെ ഹൃദയമിടിപ്പുകൾ നിലച്ചു. ഇസിജി ഒരു നേർരേഖയായി. വിഷം മുഖത്ത് പുരട്ടിയ ശേഷം നാം അതിജീവിച്ചത് വെറും പതിനഞ്ചിൽ താഴെ മിനിട്ടു നേരം മാത്രം. കഴിഞ്ഞു. എല്ലാം കഴിഞ്ഞു. കിം ജോങ് ഉൻ എന്ന ഉത്തരകൊറിയൻ ഭരണാധികാരിക്ക് ഭീഷണിയായി അവശേഷിച്ചിരുന്ന മൂത്ത അർദ്ധ സഹോദരൻ കിം ജോങ് നാം ഇനി ജീവനോടെ അവശേഷിക്കുന്നില്ല. VX എന്ന അതിമാരകമായ നെർവ് ഏജന്റിന്റെ കൗശലകരമായ പ്രയോഗത്തിലൂടെ അയാൾ ഈ ഭൂമുഖത്തുനിന്നുതന്നെ അതിവിദഗ്ധമായി തുടച്ചു നീക്കപ്പെട്ടു.

സത്യത്തിൽ കിം ജോങ് നാമിന്റെ മുഖത്ത് ആ മാരകവിഷം പുരട്ടിയ സ്ത്രീകൾക്ക് അതേപ്പറ്റി ഒരു ധാരണയുമുണ്ടായിരുന്നില്ല എന്നാണ് പറയപ്പെടുന്നത്. മലേഷ്യയിലെത്തിയ ഉത്തരകൊറിയൻ രഹസ്യപ്പോലീസുകാരടങ്ങുന്ന ക്വട്ടേഷൻ സംഘം ഒരു ടെലിവിഷൻ പറ്റിപ്പ് ഷോ ( തരികിട/ബക്ര ഒക്കെ പോലെ ) ആണെന്ന് പറഞ്ഞാണ് അവരെക്കൊണ്ട് ജോങ് നാമിന്റെ മുഖത്ത് വിഷദ്രാവകം തേപ്പിച്ചത്. തങ്ങൾ ആ അപരിചിതന്റെ മുഖത്ത് പുരട്ടിയത് അയാളെ കൊല്ലാൻ പോന്ന വിഷമാണ് എന്നറിഞ്ഞിരുന്നില്ല എന്നാണ് പിന്നീടവർ മലേഷ്യൻ പൊലീസിനോട് പറഞ്ഞത്. 

മുമ്പൊക്കെ ആയിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു. അച്ഛൻ കിം ജോങ് ഇൽ തന്റെ പിൻഗാമിയാക്കാം എന്ന ഉദ്ദേശ്യത്തോടെ കിം ജോങ് നാമിനെ വളർത്തിക്കൊണ്ടു വരാൻ തുടങ്ങിയ സമയത്ത് നാലുപാടും സുരക്ഷാസൈനികരുടെ അടമ്പടിയോടെ അത്രമേൽ ബന്തവസ്സോടെ മാത്രമേ നാം എവിടെയും പോയിരുന്നുള്ളൂ. നാമിന്റെ ഏഴയലത്തു പോലും ആർക്കും വന്നെത്താൻ സാധിക്കില്ലായിരുന്നു. അയാൾ അത്രക്ക് വലിയ സെലിബ്രിറ്റി ആയിരുന്നു ഉത്തരകൊറിയയിൽ. സുപ്രീം ലീഡറുടെ മൂത്ത പുത്രൻ. സ്വാഭാവികമായും അടുത്ത സുപ്രീം ലീഡർ ആകേണ്ട വ്യക്തി. നൂറുപരിചാരകരാൽ താലോലിക്കപ്പെട്ടു കൊണ്ട്, അഞ്ഞൂറ് സുരക്ഷാഭടന്മാരാൽ സംരക്ഷിക്കപ്പെട്ടുകൊണ്ട്, കോട്ടപോലൊരു ബംഗ്ലാവിൽ താമസം. എന്നാൽ, ആ 'പവർ പൊസിഷനി'ൽ നിന്നുള്ള കിം ജോങ് നാമിന്റെ പതനം വളരെ പെട്ടെന്നായിരുന്നു.

അച്ഛന്റെ മുന്നിൽ സൽപ്പേര് നഷ്ടപ്പെടുത്തിയ നാടുകടത്തൽ 

അതിന്റെ തുടക്കം, കിം ജോങ് നാമിന്റെ അച്ഛൻ കിം ജോങ് ഇൽ തന്റെ ആദ്യ ഭാര്യയും നാമിന്റെ അമ്മയുമായ സോങ് ഹൈ റിമിന് പുറമെ കോ യോങ് ഹുയി എന്നൊരു ജീവിത പങ്കാളിയെക്കൂടി സ്വീകരിക്കാൻ തീരുമാനിച്ചതാണ്. അവരിൽ അദ്ദേഹത്തിന് ജോങ് ചുൽ, ജോങ് ഉൻ എന്നിങ്ങനെ രണ്ടാണ്മക്കൾ കൂടി ജനിച്ചതാണ്. ആദ്യമൊക്കെ ജോങ് നാമിനെത്തന്നെയാണ് തന്റെ പിൻഗാമിയായി ജോങ് ഇൽ കണ്ടിരുന്നത്. അതിനായിത്തന്നെയാണ് നാമിനെ ജനീവയിലെ ബോർഡിങ് സ്‌കൂളിൽ വിട്ട് പാശ്ചാത്യവിദ്യാഭ്യാസം നൽകിയതും, ഇരുപതിനാലാമത്തെ വയസ്സിൽ ഉത്തരകൊറിയൻ പട്ടാളത്തിൽ ജനറലായി അവരോധിച്ചതും, രഹസ്യപ്പോലീസിലും, വർക്കേഴ്സ് പാർട്ടിയിലും താക്കോൽ സ്ഥാനങ്ങളിൽ നാമിനെ പ്രതിഷ്ഠിച്ചതും ഒക്കെ. അതിൽ ഏകാഗ്രതയോടെ ശ്രദ്ധ ചെലുത്തി നിന്നിരുന്നെങ്കിൽ ഒരുപക്ഷെ നാം തന്നെ കൊറിയയുടെ ഏകാധിപതിയായ മാറിയിരുന്നേനെ.

പക്ഷേ, നേരത്തെ പറഞ്ഞപോലെ വിധിയുടെ തീരുമാനം മറ്റൊന്നായിരുന്നു. കിം ജോങ് നാം ഒരു വിഷാദഗ്രസ്തനായ യുവാവായിരുന്നു. പാശ്ചാത്യവിദ്യാഭ്യാസകാലത്ത് അനുഭവിച്ചിരുന്ന സ്വാതന്ത്ര്യവും, അവിടെ പരിചയിച്ചിരുന്ന വിശാലസുന്ദരമായ പൊതുസമൂഹവും എല്ലാം അയാളെ എന്നും മാടി വിളിച്ചിരുന്നു. ഉത്തരകൊറിയക്കുള്ളിൽ കഴിയാൻ നിയുക്തനായ കാലത്തും അയാൾ ഇടയ്ക്കിടെ അവധിക്കാലം ചെലവിടെനിന്ന പേരിൽ തിരികെ യൂറോപ്പിലെത്തുമായിരുന്നു. അങ്ങനെ മകന്റെ വിനോദത്തിലും ഉല്ലാസത്തിലുമുള്ള താത്പര്യം കൂടുന്നതും, സൈന്യത്തിലും, രാഷ്ട്രീയത്തിലുമുള്ള കമ്പം കുറയുന്നതും ഒക്കെ തിരിച്ചറിഞ്ഞ കിം ജോങ് ഇൽ, അതെന്റെ പാരമ്പര്യം നിലനിർത്താൻ വേണ്ട ഗാംഭീര്യം മകന് ഇല്ലാതെ പോയോ? തന്റെ തീരുമാനം പിഴച്ചു പോയോ എന്നൊക്കെ ആലോചിച്ചുകൊണ്ടിരുന്ന കാലത്താണ് കിം ജോങ് നാമിനെ അനന്തരാവകാശി സ്ഥാനത്തുനിന്ന് തഴയാൻ നല്ലൊരു കാരണം കിം ജോങ് ഇല്ലിനു വീണുകിട്ടുന്നത്. ഡിസ്‌നി ലാൻഡ് എന്ന അമ്യൂസ്‌മെന്റ് പാർക്കിന്റെ വലിയ ആരാധകനായ കിം ജോങ് നാം 2001 -ൽ,  തന്റെ കാമുകിക്കും, മകനുമൊപ്പം ഒരു വ്യാജ ഡൊമിനിക്കൻ റിപ്പബ്ലിക് പാസ്സ്പോർട്ടിന്റെ ബലത്തിൽ ജപ്പാനിലെ ഡിസ്നിലാൻഡ് സന്ദർശിക്കാൻ പോയി. ടോക്കിയോയിൽ എയർപോർട്ടിൽ ലാൻഡ് ചെയ്തതും ഇമൈഗ്രെഷൻ ഓഫീസർമാർ നാമിനെ തിരിച്ചറിഞ്ഞ് അറസ്റ്റുചെയ്തു. വ്യാജപാസ്സ്പോർട്ടിൽ യാത്ര ചെയ്തതിന് അയാളെ തിരികെ ഉത്തരകൊറിയയിലേക്ക് തന്നെ നാടുകടത്തി.

 

'അച്ഛനൊപ്പം കിം ജോങ് ഉൻ' 

അത് അച്ഛൻ കിം ജോങ് ഇല്ലിന് കടുത്ത മാനഹാനി ഉണ്ടാക്കിയ ഒരു സംഭവമായിരുന്നു. മനോവിഷമം കൊണ്ട് അദ്ദേഹം തന്റെ ചൈനാ സന്ദർശനം റദ്ദാക്കി കൊട്ടാരത്തിൽ അടച്ചിരിക്കുക വരെ ഉണ്ടായി. എന്തായാലും, അതോടെ അനന്തരാവകാശി എന്ന സ്ഥാനത്തുനിന്ന് കിം ജോങ് നാം പുറത്തായി. കിം ജോങ് ചുൽ എന്ന അടുത്ത പുത്രന് വേണ്ടത്ര പുരുഷത്വമില്ല എന്ന് കരുതിയിരുന്ന ജോങ് ഇൽ അടുത്ത പുത്രനായ കിം ജോങ് ഉന്നിനെ അനന്തരാവകാശിയായി പ്രഖ്യാപിച്ചു. 2008 -ൽ ജോങ് ഇല്ലിനു സ്ട്രോക്ക് വന്നു. 2010 -ൽ ജോങ് ഉൻ സൈന്യത്തിൽ ഉന്നതസ്ഥാനങ്ങളിലേക്ക് അവരോധിക്കപ്പെട്ടു. 2011 -ൽ ജോങ് ഇൽ മരിക്കുന്നതോടെ, ജോങ് ഉൻ ഭരണത്തിലേറി. അച്ഛന്റെ ശവമഞ്ചത്തിനരികെ വിഷണ്ണനായി കിം ജോങ് ഉൻ നിൽക്കുമ്പോൾ, ജോങ് നാം അസാന്നിധ്യം കൊണ്ട് ശ്രദ്ധേയനായി.

അനിയനെ കോമാളി എന്ന് വിളിച്ചത് വിനയായി 

അനിയൻ കിം ജോങ് ഉന്നിന്റെ  നിത്യവിമർശകനായിരുന്നു കിം ജോങ് നാം. മൂത്ത സഹോദരൻ എന്ന നിലയ്ക്കുള്ള പരിഗണനകൾ നൽകുന്നത് ജോങ് ഉൻ അവസാനിപ്പിക്കുന്നത്, ഒരു ജാപ്പനീസ് പത്രപ്രവർത്തകനയച്ച ഈമെയിലിൽ ജോങ് നാം, ഉന്നിനെ 'ലോകത്തിനു മുന്നിലെ കോമാളി' എന്ന് വിശേഷിപ്പിച്ചത് ലീക്കായി പുറം ലോകം അറിഞ്ഞപ്പോഴാണ്. "കിം ജോങ് ഉൻ ഭരണം അധികനാൾ നീളില്ല " എന്നൊരു പ്രസ്താവനയും ജോങ് നാമിന്റെ ഭാഗത്തുനിന്ന് അന്നുണ്ടായി. എന്നാൽ, കിം ജോങ് ഉന്നിനെപ്പറ്റിയുള്ള നാമിന്റെ ധാരണകൾ പിഴച്ചു. അച്ഛൻ ജോങ് ഇല്ലിനെക്കാളും, മുത്തച്ഛൻ ഇൽ സങ്ങിനെക്കാളും ഒക്കെ എത്രയോ ഇരട്ടി സ്വേച്ഛാധിപത്യപ്രവണതകൾ ഉള്ള ഭരണാധികാരിയായിരുന്നു കിം ജോങ് ഉൻ. അധികാരത്തിലേറി രണ്ടാം വർഷം തനിക്ക് വിദൂരമായ അപായസാധ്യത ഉണ്ടാക്കും എന്ന് സംശയിച്ച് സ്വന്തം അമ്മാവനായ ജാങ് സോങ് തേക്കിനെ ഫയറിംഗ് സ്‌ക്വാഡിന് മുന്നിലേക്ക് പറഞ്ഞുവിട്ടയാളാണ് ഉൻ. തന്നോട് കൂറുപുലർത്തത്തിന്റെ പേരിൽ ബ്യൂറോക്രാറ്റുകളെ വിമാനവേധത്തോക്കുകൾ ഉപയോഗിച്ച് ചിതറിത്തെറിപ്പിച്ചവൻ. വാശിപ്പുറത്ത് പരശ്ശതം ന്യൂക്ലിയർ വാർ ഹെഡ്ഡുകളും അമേരിക്കൻ മണ്ണിൽ പോലും ചെന്നെത്താൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകളും വികസിപ്പിക്കാൻ ഇച്ഛാശക്തി കാണിച്ച നേതാവ്.

തന്നെ തേടിയെത്താൻ പോകുന്ന വിധിയെപ്പറ്റി കിം ജോങ് നാമിന് നല്ല ധാരണയുണ്ടായിരുന്നു.  2010 -ലും 2012 -ലും തനിക്കുനേരെ ഉണ്ടായ കൊലപാതക ശ്രമങ്ങൾ പാളിയതിൽ നിന്ന് കിം ജോങ് ഉന്നിന്റെ നിശ്ചയം അദ്ദേഹത്തിന് കൃത്യമായി മനസ്സിലായി. പാളിപ്പോയ അവസാന കൊലപാതകശ്രമം നടന്ന അന്ന് രാത്രി, അനുജൻ കിം ജോങ് ഉന്നിനയച്ച കത്തിൽ ജോങ് നാം ഇങ്ങനെ എഴുതി," എന്നെയും കുടുംബത്തെയും ശിക്ഷിക്കാനുള്ള ഉത്തരവ് ദയവായി നീ പിൻവലിക്കണം. ഞങ്ങൾക്ക് പോയൊളിക്കാൻ വേറെ ഇടമില്ല. ആത്മഹത്യ ചെയ്യുകയല്ലാതെ ഇനി വേറെ വഴിയില്ല."

കിം ജോങ് നാമിന്റെ ആ അപേക്ഷ ചെന്നുപതിച്ചത് ബധിരകർണ്ണങ്ങളിലാണ്. കാരണം, തന്റെ പരമാധികാരത്തിന് നേരിയ ഭീഷണിയെങ്കിലും ഉയർത്തുന്ന ഒരു പുൽക്കൊടിയെപ്പോലും നിവർന്നുനിൽക്കാൻ അനുവദിച്ച ചരിത്രം  ജിം ജോങ് ഉന്നിനില്ലായിരുന്നു. കിം ജോങ് നാമിന്റെ വിധിയും മറ്റൊന്നായിരുന്നില്ല.

READ MORE

ചൈനീസ് ഏജന്റ് മകളുടെ ശരീരത്തിൽ നോട്ടമിട്ടപ്പോൾ, അത് തടയാൻ സ്വന്തം ശരീരം നൽകേണ്ടി വന്ന ഉത്തര കൊറിയയിലെ ഒരമ്മ

കിം ജോങ് ഉൻ : തലതെറിച്ച പയ്യനിൽ നിന്ന് ലോകത്തെ വിറപ്പിച്ച സ്വേച്ഛാധിപതിയിലേക്കുള്ള ദൂരം

കിം ജോംഗ്ഉന്നിന്റെ ആരോഗ്യനിലയെപ്പറ്റിയുള്ള അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിൽ ലോകം ഉറ്റുനോക്കുന്നത് കിം യോജോങിലേക്ക്

കിം ജോങ് ഉന്നിന്റെ തിരോധാനം, ഇനിയും ഉത്തരം കിട്ടാത്ത അഞ്ചു ചോദ്യങ്ങൾ

ഉത്തര കൊറിയയിലെ മൂന്നു കിമ്മുകൾ; ഏകാധിപത്യ കമ്യൂണിസ്റ്റ് പാരമ്പര്യവാഴ്ച ഒരു രാജ്യത്തോട് ചെയ്തത്

'ഫ്രീ ജോസിയോൺ', കിമ്മിന്റെ ഏകാധിപത്യത്തെ അട്ടിമറിക്കാൻ തുനിഞ്ഞിറങ്ങിയ ഉത്തരകൊറിയയിലെ വിപ്ലവകാരികളുടെ അധോലോകം

ഉത്തര കൊറിയയിൽ തന്നിഷ്ടത്തിന് മുടിവെട്ടുന്നത് 'സാമൂഹ്യവിരുദ്ധം'; കിം ജോങ് ഉൻ അനുവദിച്ച 15 ഹെയർ സ്റ്റൈലുകൾ

വീഞ്ഞ്, കൊഞ്ച്, ഉല്ലാസത്തിനായി കന്യകകളുടെ സംഘം: കിം ജോംഗ് ഉന്നിന്റെ 'സ്വർഗ്ഗത്തീവണ്ടി'യുടെ യാത്ര ഇങ്ങനെ

Follow Us:
Download App:
  • android
  • ios