പരിശോധനയ്ക്കായി ഏകദേശം 3,300 ടൺ ഭാരമുള്ള ഏകദേശം 96 ഹെവി ട്രക്കുകൾ പാലത്തിലൂടെ ബാച്ചുകളായി ഓടിച്ചു.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലമായ ചൈനയിലെ ഹുവാജിയാങ് ഗ്രാൻഡ് കാന്യൺ പാലത്തിന്‍റെ ഭാര പരിശോധന വിജയകരമായി പൂർത്തിയാക്കി. ഓഗസ്റ്റ് 21 മുതൽ ഓഗസ്റ്റ് 25 വരെ നിശ്ചയിച്ചിരുന്ന അവസാന സ്റ്റാറ്റിക് ലോഡ് ടെസ്റ്റ് പൂർത്തിയാക്കി പാലം ഗതാഗത യോഗ്യമാക്കി. ഓഗസ്റ്റ് 25 -ന്, 35 ടൺ ഭാരമുള്ള 96 ട്രക്കുകൾ പാലത്തിലേക്ക് ഘട്ടം ഘട്ടമായി ഓടിച്ചു കയറ്റിയായിരുന്നു ഭാര പരിശോധന. മൊത്തം ഭാരം ഏകദേശം 3,360 ടണ്ണാക്കിയാണ് ഭാര പരിശോധന നടത്തിയത്. തെക്ക് - പടിഞ്ഞാറൻ ചൈനയിലെ ഗുയിഷോ പ്രവിശ്യയിലെ കാർസ്റ്റ് പർവ്വത നിരകളിലൂടെയാണ് ഹുവാജിയാങ് ഗ്രാൻഡ് കാന്യൺ പാലം വ്യാപിച്ച് കിടക്കുന്നത്.
പാലം പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുന്നതിന് മുമ്പുള്ള അവസാന ഘട്ട സുരക്ഷാ പരിശോധനയുടെ ഭാഗമായാണ് ഭാര പരിശോധന നടത്തിയത്. ഈ പരിശോധനയിൽ, ഏകദേശം 3,300 ടൺ ഭാരമുള്ള ഏകദേശം 96 ഹെവി ട്രക്കുകൾ പാലത്തിലൂടെ ബാച്ചുകളായി ഓടി. പാലത്തിന്‍റെ മുകളിൽ നിശ്ചയിച്ച സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്താണ് ഭാര പരിശോധന പൂർത്തിയാക്കിയത്. പ്രധാന സ്പാൻ, ടവറുകൾ, കേബിളുകൾ, സസ്പെൻഡറുകൾ എന്നിവയിലെ ചെറിയ മാറ്റങ്ങൾ പോലും പരിശോധിക്കുന്നതിനായി 400-ലധികം സെൻസറുകൾ പാലത്തിൽ സ്ഥാപിച്ചിരുന്നു.
അഞ്ച് ദിവസത്തെ പരീക്ഷണത്തിന് ശേഷം, പാലം സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്ന് എഞ്ചിനീയർമാർ സ്ഥിരീകരിച്ചു. സെപ്റ്റംബറിൽ പാലം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പാലം അഭൂതപൂർവമായ ഒരു എഞ്ചിനീയറിംഗ് നേട്ടമാണെന്ന് പാലം നിർമ്മാണ പ്രക്രിയയുടെ പ്രോജക്ട് മാനേജരും ഗുയിഷോ ട്രാൻസ്പോർട്ടേഷൻ ഇൻവെസ്റ്റ്മെന്‍റ് ഗ്രൂപ്പ് കമ്പനി ലിമിറ്റഡിലെ അംഗവുമായ വു ഷാവോമിംഗ് പറഞ്ഞു. 2022 ജനുവരിയിലാണ് ഈ ഭീമൻ പാലത്തിന്‍റെ നിർമ്മാണം ആരംഭിച്ചത്. 2,890 മീറ്ററും 1,420 മീറ്റർ മധ്യ സ്പാനുമുള്ള ഈ പാലം, ലോകമെമ്പാടുമുള്ള പർവത പ്രദേശങ്ങളിൽ നിർമ്മിച്ച ഏറ്റവും വലിയ സ്പാൻ പാലമാണ്. ഡെക്കിൽ നിന്ന് വെള്ളത്തിലേക്ക്, 625 മീറ്റർ ഉയരത്തിൽ നിർമ്മിച്ചിരിക്കുന്ന ഇത് ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ പാലം കൂടിയാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്ന് പാലങ്ങൾ ഉൾപ്പെടെ 30,000-ത്തിലധികം പാലങ്ങൾ ഇപ്പോൾ ഗുയിഷോവിലുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 100 പാലങ്ങളിൽ പകുതിയും ഗുയിഷോവിലായതിനാൽ "വേൾഡ് ബ്രിഡ്ജ് മ്യൂസിയം " എന്ന വിളിപ്പേരും ഗുയിഷോവിന് സ്വന്തം.


