നൊബേൽ ജേതാക്കളും സാങ്കേതിക വിദഗ്ധരും ഉൾപ്പെടെയുള്ള പ്രമുഖർ  എഐ വളർച്ച തൊഴിൽ മേഖലയിൽ സൃഷ്ടിക്കുന്ന ഭീഷണികളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. എഐയുടെ വ്യാപനം വൻതോതിലുള്ള തൊഴിൽ നഷ്ടത്തിന്, പ്രത്യേകിച്ച് വൈറ്റ് കോളർ ജോലികളിൽ, കാരണമാകുമെന്നും ഈ മാറ്റങ്ങളെ നേരിടാൻ ശക്തമായ നയങ്ങളും നിയന്ത്രണങ്ങളും ആവശ്യമാണെന്നും അവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.

ർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അഥവാ കൃത്രിമബുദ്ധിയുടെ കൃത്രിമ ബുദ്ധിയുടെ (എഐ) അതിവേഗ വളർച്ച ലോകത്തെ തൊഴിൽ മേഖലയിലും സമ്പദ്‌വ്യവസ്ഥയിലും വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്ന് മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ധരും നൊബേൽ ജേതാക്കളും സാങ്കേതിക രംഗത്തെ പ്രമുഖരും. "നമ്മൾ ഇപ്പോൾ തന്നെ പ്രവർത്തിക്കണം" (We Must Act Now) എന്ന തലക്കെട്ടിൽ പുറത്തിറക്കിയ സംയുക്ത പ്രസ്‍താവനയിൽ 16 നൊബേൽ ജേതാക്കളുൾപ്പെടെ 200-ലേറെ പേരാണ് ഒപ്പുവെച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അടുത്ത പത്ത് വർഷത്തിനുള്ളിൽ എഐ ഇന്നുള്ളതിനെക്കാൾ അതിശക്തമാകുമെന്നും, ലോക സമ്പദ്‌വ്യവസ്ഥയെ വ്യവസായ വിപ്ലവത്തേക്കാൾ വലിയ തോതിൽ മാറ്റിമറിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. എന്നാൽ വ്യവസായ വിപ്ലവം പോലെ പതിറ്റാണ്ടുകൾ എടുത്തല്ല, വളരെ കുറഞ്ഞ കാലയളവിനുള്ളിലായിരിക്കും ഈ മാറ്റങ്ങൾ സംഭവിക്കുകയെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഈ അതിവേഗ മാറ്റം വലിയ അപകടസാധ്യതകളും സൃഷ്ടിക്കുമെന്ന് പ്രസ്‍താവന മുന്നറിയിപ്പ് നൽകുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് വൻതോതിലുള്ള തൊഴിൽ നഷ്‍ടമാണ്. പ്രത്യേകിച്ച് ഓഫീസ് ജോലികൾ, മാനേജ്മെന്റ് തസ്‍തികകൾ, ആവർത്തന സ്വഭാവമുള്ള വൈറ്റ് കോളർ ജോലികൾ എന്നിവ എഐയുടെ വ്യാപക ഉപയോഗത്തോടെ ഇല്ലാതാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അതേസമയം, എഐ മൂലം ഉൽപ്പാദനക്ഷമത ഉയരുക, ജീവിത നിലവാരം മെച്ചപ്പെടുക, പുതിയ തൊഴിൽ അവസരങ്ങൾ രൂപപ്പെടുക തുടങ്ങിയ ഗുണങ്ങളും ഉണ്ടാകാമെന്ന് പ്രസ്‍താവന അംഗീകരിക്കുന്നു. എന്നാൽ ഈ നേട്ടങ്ങൾ സമൂഹത്തിന് മുഴുവൻ ലഭ്യമാക്കാൻ വ്യക്തമായ നയങ്ങളും നിയന്ത്രണങ്ങളും അനിവാര്യമാണെന്നും അതിൽ പറയുന്നു.

എഐ മനുഷ്യരെ പകരംവെക്കുന്നതിന് പകരം മനുഷ്യരുടെ കഴിവുകൾ കൂടുതൽ ശക്തിപ്പെടുത്തുന്ന രീതിയിലായിരിക്കണം വികസിപ്പിക്കേണ്ടതെന്ന് പ്രസ്‍താവനയിൽ ആവശ്യപ്പെടുന്നു. ഇതിനായി സാമ്പത്തിക വിദഗ്ധരും നയരൂപീകരണ ചുമതലയുള്ളവരും സാങ്കേതിക കമ്പനികളും ചേർന്ന് എഐയുടെ സ്വാധീനം വിലയിരുത്തുകയും ആവശ്യമായ നിയന്ത്രണ സംവിധാനങ്ങൾ രൂപീകരിക്കുകയും വേണമെന്നാണ് നിർദേശം.

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ ജേതാക്കളായ ഡാരോൺ അസെമൊഗ്ലു, സൈമൺ ജോൺസൺ, ക്രിസ്റ്റഫർ എ. പിസാരിഡസ് എന്നിവരടക്കമുള്ള പ്രമുഖരാണ് പ്രസ്‍താവനയിൽ ഒപ്പുവെച്ചിരിക്കുന്നത്. ഇതിന് പുറമെ ആന്ത്രോപിക്കിന്റെ സഹസ്ഥാപകൻ ജാക്ക് ക്ലാർക്ക്, ഓപ്പൺഎഐയിലെ റോണി ചാറ്റർജി, ഡീൻ ബോൾ, ഗൂഗിളിന്റെ മുൻ ചീഫ് എക്സിക്യൂട്ടീവ് എറിക് ഷ്മിറ്റ്, ഗൂഗിൾ ഡീപ്‌മൈൻഡിലെ മിഷേൽ ബാക്കർ എന്നിവരും പിന്തുണ അറിയിച്ചിട്ടുണ്ട്.

ഇതിനിടെ ലോകത്തെ നിരവധി ടെക്ക് കമ്പനികൾ ഇതിനകം തന്നെ ചെലവ് ചുരുക്കൽ, സ്ഥാപന പുനഃസംഘടന, എഐയുടെ വർധിച്ച ഉപയോഗം എന്നിവ ചൂണ്ടിക്കാട്ടി ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ഒറാക്കിൾ, മൈക്രോസോഫ്റ്റ്, കോയിൻബേസ്, കോഗ്നിസന്റ് തുടങ്ങിയ കമ്പനികളുടെ സമീപകാല തൊഴിലാളി പിരിച്ചുവിടലുകൾ എഐയുടെ വളർച്ച തൊഴിൽ വിപണിയിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്ക് കൂടുതൽ ശക്തി പകരുകയാണ്.