ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെയുടെ പ്രവചനമനുസരിച്ച്, അടുത്ത 5-10 വർഷത്തിനുള്ളിൽ ഭൂരിഭാഗം മനുഷ്യരോഗങ്ങൾക്കും ചികിത്സ കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് സാധിക്കും. ശാസ്ത്രീയ കണ്ടെത്തലുകളുടെ വേഗത പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നതിലൂടെ, 50-100 വർഷത്തെ പുരോഗതി ചുരുങ്ങിയ കാലം കൊണ്ട് കൈവരിക്കാനാകുമെന്നും അദ്ദേഹം പറയുന്നു.
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അഥവാ എഐ മനുഷ്യജീവിതത്തിന്റെ വിവിധ മേഖലകളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും സങ്കീർണമായ പ്രശ്നങ്ങൾ പരിഹരിക്കാനും രോഗങ്ങളെ കൂടുതൽ ആഴത്തിൽ മനസിലാക്കാനും പുതിയ ചികിത്സാരീതികളുടെ കണ്ടെത്തൽ വേഗത്തിലാക്കാനും എഐ ഉപയോഗിക്കുന്നുണ്ട്. ഇതിനിടെ, അടുത്ത 5 മുതൽ 10 വർഷത്തിനുള്ളിൽ ഭൂരിഭാഗം മനുഷ്യരോഗങ്ങൾക്കും ചികിത്സ കണ്ടെത്താൻ എഐ സഹായിച്ചേക്കുമെന്ന് ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെയ് പ്രവചിച്ചു.
എഐ വെറും ഡാറ്റ വിശകലനത്തിനുള്ള ഉപകരണമല്ല
എക്സിലെ ഏറ്റവും പുതിയ കുറിപ്പിലൂടെയാണ് അമോഡെയ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. എഐയുടെ അപകടസാധ്യതകളെക്കുറിച്ച് മാത്രമാണ് താൻ സംസാരിക്കുന്നതെന്ന വിമർശനത്തോടും അദ്ദേഹം പ്രതികരിച്ചു. എഐയുടെ സാധ്യതകളും അപകടങ്ങളും ഒരുപോലെ പരിഗണിക്കണമെന്നാണ് തന്‍റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. എഐയുടെ പ്രയോജനങ്ങളെക്കുറിച്ച് നേരത്തെയും താൻ സംസാരിച്ചിട്ടുണ്ടെന്ന് അമോഡെയ് ചൂണ്ടിക്കാട്ടി. എഐ മനുഷ്യരാശിക്ക് നൽകാൻ കഴിയുന്ന വലിയ നേട്ടങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന ‘മെഷീൻസ് ഓഫ് ലവിങ് ഗ്രേസ്’ എന്ന ലേഖനവും അദ്ദേഹം നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.
50 മുതൽ 100 വർഷത്തെ പുരോഗതി അഞ്ച് - പത്ത് വർഷത്തിൽ?
വൈദ്യശാസ്ത്രത്തിലും ജീവശാസ്ത്രത്തിലും എഐയുടെ സാധ്യതകൾ വളരെ വലുതാണെന്നാണ് അമോഡെയുടെ വിലയിരുത്തൽ. മെഡിക്കൽ ഡാറ്റ വിശകലനം ചെയ്യുന്നതിനുള്ള ഒരു ഉപകരണം എന്നതിലുപരി, ജീവശാസ്ത്രജ്ഞർ ചെയ്യുന്ന നിരവധി പ്രവർത്തനങ്ങൾ നിർവഹിക്കാനും നിയന്ത്രിക്കാനും മെച്ചപ്പെടുത്താനും എഐക്ക് കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്. ശക്തമായ എഐ സാങ്കേതികവിദ്യകൾക്ക് ശാസ്ത്രീയ കണ്ടെത്തലുകളുടെ വേഗത കുറഞ്ഞത് 10 മടങ്ങെങ്കിലും വർധിപ്പിക്കാൻ കഴിയുമെന്നാണ് അമോഡെയുടെ കണക്കുകൂട്ടൽ. അങ്ങനെ വന്നാൽ അടുത്ത അഞ്ച് മുതൽ 10 വർഷത്തിനുള്ളിൽ ജീവശാസ്ത്രരംഗത്ത് അടുത്ത 50 മുതൽ 100 വർഷത്തിനുള്ളിൽ ഉണ്ടാകുമായിരുന്ന പുരോഗതി കൈവരിക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പിതാവിന്‍റെ മരണം ഓർമയിൽ
രോഗചികിത്സയിൽ എഐയുടെ സാധ്യതകളെക്കുറിച്ചുള്ള അമോഡെയുടെ പ്രതീക്ഷയ്ക്ക് വ്യക്തിപരമായൊരു പശ്ചാത്തലവുമുണ്ട്. ഹെപ്പറ്റൈറ്റിസ് സി ബാധിച്ചാണ് തന്റെ പിതാവ് മരിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി. നേരിട്ട് പ്രവർത്തിക്കുന്ന ആന്റിവൈറൽ മരുന്നുകൾ വികസിപ്പിക്കുന്നതിന് ഏതാനും വർഷങ്ങൾക്ക് മുമ്പായിരുന്നു പിതാവിന്റെ മരണമെന്നും അദ്ദേഹം പറഞ്ഞു. സോഫോസ്ബുവിർ ഉൾപ്പെടെയുള്ള ഇത്തരം മരുന്നുകൾ ഹെപ്പറ്റൈറ്റിസ് സി ബാധിച്ച രോഗികളിൽ ഏകദേശം 95 ശതമാനം പേരെയും സുഖപ്പെടുത്താൻ കഴിയുന്നതാണെന്നും അത് നേരത്തെ ലഭ്യമായിരുന്നെങ്കിൽ തന്റെ പിതാവിനും പ്രയോജനപ്പെടുമായിരുന്നുവെന്നും അമോഡെയ് വ്യക്തമാക്കി.
ഡീമിസ് ഹസാബിസിനും സമാന പ്രതീക്ഷ
എഐയും വൈദ്യശാസ്ത്രവും സംബന്ധിച്ച് സമാനമായ പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുള്ള മറ്റൊരു പ്രമുഖനാണ് മുൻ ഗൂഗിൾ ഡീപ്പ്മൈൻഡ് മേധാവിയും നോബൽ സമ്മാന ജേതാവുമായ ഡീമിസ് ഹസാബിസ്. എഐയുടെ സഹായത്തോടെ വരും വർഷങ്ങളിൽ നിരവധി രോഗങ്ങൾക്ക് പരിഹാരം കണ്ടെത്താനാകുമെന്നും ഒരുപക്ഷേ ‘രോഗങ്ങളുടെ അവസാനം’ തന്നെ സാധ്യമാകുമെന്നും ഹസാബിസ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഒരു പുതിയ മരുന്ന് വികസിപ്പിക്കാൻ ശരാശരി 10 വർഷവും കോടിക്കണക്കിന് ഡോളറും ആവശ്യമായി വരാറുണ്ട്. എഐയുടെ സഹായത്തോടെ ഈ കാലയളവ് വർഷങ്ങളിൽ നിന്ന് മാസങ്ങളിലേക്കോ ആഴ്ചകളിലേക്കോ പോലും ചുരുക്കാൻ കഴിയുമെന്നാണ് ഹസാബിസിന്റെ പ്രതീക്ഷ. എന്നാൽ ഇത്തരം പ്രവചനങ്ങൾ ഇപ്പോഴും സാധ്യതകളെക്കുറിച്ചുള്ള വിലയിരുത്തലുകളാണ്. ഭൂരിഭാഗം രോഗങ്ങൾക്കും അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ചികിത്സ കണ്ടെത്തുമെന്നത് ഉറപ്പായ ശാസ്ത്രീയ പ്രവചനമല്ല. എഐയുടെ യഥാർഥ സ്വാധീനം പുതിയ ഗവേഷണങ്ങളും ക്ലിനിക്കൽ പരീക്ഷണങ്ങളും ചികിത്സാരീതികളുടെ സുരക്ഷയും ഫലപ്രാപ്‍തിയും ഉൾപ്പെടെയുള്ള നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കും.


