Asianet News MalayalamAsianet News Malayalam

ഉപയോഗിക്കാത്തവരെ പുകച്ചു പുറത്തുചാടിക്കുന്നു; നെറ്റ്ഫ്ലിക്സ് കടുത്ത തീരുമാനത്തിന്

നിഷ്‌ക്രിയ അക്കൗണ്ടുകള്‍ മൊത്തം ഉപയോക്തൃ അടിത്തറയുടെ ഒരു ശതമാനത്തിന്‍റെ പകുതിയില്‍ താഴെയാണെന്ന് നെറ്റ്ഫ്ലിക്സ്  അഭിപ്രായപ്പെട്ടു. അതിനാല്‍ നിഷ്‌ക്രിയ ഉപയോക്താക്കളുടെ സബ്‌സ്‌ക്രിപ്ഷനുകള്‍ റദ്ദാക്കുന്നത് വലിയ വ്യത്യാസമുണ്ടാക്കില്ല. 

Netflix Planning To Cancel Inactive Subscriptions
Author
New Delhi, First Published May 24, 2020, 8:41 AM IST

മുംബൈ: തങ്ങളെ വേണ്ടാത്തവര്‍ക്ക് തങ്ങള്‍ക്കും വേണ്ട. പറയുന്നത്, ഇന്റര്‍നെറ്റ് സിനിമാ സ്ട്രീമിങ് കമ്പനിയായ നെറ്റ്ഫ്ലിക്സ്. ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടും ഒരു വര്‍ഷമോ അതില്‍ കൂടുതലോ ഉപയോഗിക്കാത്തവരുടെ സബ്‌സ്‌ക്രിപ്ഷനുകള്‍ നെറ്റ്ഫ്‌ലിക്‌സ് റദ്ദാക്കുന്നു. ഇത് ആദ്യം ഉപഭോക്താക്കളെ ഇ-മെയിലുകള്‍ അല്ലെങ്കില്‍ പുഷ് നോട്ടിഫിക്കേഷന്‍ വഴി അറിയിക്കും. എന്നിട്ടും ഉപയോക്താക്കള്‍ മറുപടി നല്‍കുന്നില്ലെങ്കില്‍, നെറ്റ്ഫ്ലിക്സ് ആ ഉപഭോക്താക്കളുടെ സബ്‌സ്‌ക്രിപ്ഷനുകള്‍ റദ്ദാക്കും. സേവനം ഉപയോഗിക്കാത്ത വരിക്കാര്‍ക്കായി പണം ലാഭിക്കുന്നതിനാണ് ഈ നീക്കമെന്നാണ് കമ്പനി പറയുന്നത്.

രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ നെറ്റ്ഫ്ലിക്സ് സിനിമയൊന്നും കാണാത്ത ഉപഭോക്താക്കളുടെ അംഗത്വവും റദ്ദാക്കപ്പെടും. എന്നാല്‍, ഉപയോക്താക്കള്‍ക്ക് നെറ്റ്ഫ്‌ലിക്‌സ് വീണ്ടും ഉപയോഗിക്കണമെന്നു തോന്നിയാല്‍ അവര്‍ക്ക് എളുപ്പത്തില്‍ വീണ്ടും സബ്സ്ക്രൈബ് ചെയ്യാനാവും. ഉപയോക്താക്കള്‍ അക്കൗണ്ട് റദ്ദാക്കി 10 മാസത്തിനുള്ളില്‍ വീണ്ടും ചേരുകയാണെങ്കില്‍, അവര്‍ക്ക് തുടര്‍ന്നും അവരുടെ പ്രൊഫൈലുകള്‍, കാഴ്ച മുന്‍ഗണനകള്‍, അക്കൗണ്ട് വിശദാംശങ്ങള്‍ എന്നിവയിലേക്ക് പ്രവേശനം ഉണ്ടായിരിക്കും.

നിഷ്‌ക്രിയ അക്കൗണ്ടുകള്‍ മൊത്തം ഉപയോക്തൃ അടിത്തറയുടെ ഒരു ശതമാനത്തിന്‍റെ പകുതിയില്‍ താഴെയാണെന്ന് നെറ്റ്ഫ്ലിക്സ്  അഭിപ്രായപ്പെട്ടു. അതിനാല്‍ നിഷ്‌ക്രിയ ഉപയോക്താക്കളുടെ സബ്‌സ്‌ക്രിപ്ഷനുകള്‍ റദ്ദാക്കുന്നത് വലിയ വ്യത്യാസമുണ്ടാക്കില്ല. ആഗോള ലോക്ക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ 2020 ന്‍റെ ആദ്യ പാദത്തില്‍ നെറ്റ്ഫ്‌ലിക്‌സ് 15.8 ദശലക്ഷം പെയ്ഡ് വരിക്കാരെ കണ്ടെത്തിയിരുന്നു. കൊറോണ കാലയളവില്‍ 7 മില്യണ്‍ പെയ്ഡ് വരിക്കാരുടെ വര്‍ദ്ധനവ് നെറ്റ്ഫ്‌ലിക്‌സ് ഉണ്ടാക്കിയിട്ടുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പറയുന്നു. 

നെറ്റ്ഫ്‌ലിക്‌സ് സബ്സ്ക്രൈബ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് ഇന്ത്യയില്‍ നിലവിലുള്ള നെറ്റ്ഫ്ലിക്സ് പ്ലാനുകള്‍ ഉപയോഗിച്ച് സൗജന്യ ട്രയല്‍ ലഭിക്കും: മൊബൈല്‍ പ്ലാന്‍ മാത്രം ഉപയോഗിക്കുന്നവര്‍ക്ക് വേണ്ടി പ്ലാന്‍ 199 രൂപയില്‍ ആരംഭിക്കുന്നു. മൊബൈല്‍ ഫോണുകളിലും ടാബ്‌ലെറ്റുകളിലും മാത്രം നെറ്റ്ഫ്‌ലിക്‌സ് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് ഈ പ്ലാന്‍ യൂസര്‍ഫ്രണ്ട്‌ലി ആണ്. 

ഒരു പ്രീമിയം പ്ലാന്‍ ഉപയോക്താവിന് സമാനമായ വൈവിധ്യമാര്‍ന്ന ഉള്ളടക്കം അവര്‍ക്ക് ലഭിക്കും. എന്നിരുന്നാലും, മൊബൈല്‍ പ്ലാന്‍ ഉപയോക്താക്കള്‍ക്ക് എച്ച്ഡിയിലേക്ക് സ്ട്രീം ചെയ്യാന്‍ കഴിയില്ല. നെറ്റ്ഫ്ലിക്സ് 499 രൂപയുടെ അടിസ്ഥാന പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. അടിസ്ഥാന പ്ലാന്‍ ഉപയോക്താക്കള്‍ക്ക് ടിവി സ്‌ക്രീനുകളിലും ലാപ്‌ടോപ്പുകളിലും പരിധിയില്ലാത്ത ടിവി പ്രോഗ്രാമുകളും സിനിമകളും കാണാന്‍ കഴിയും. 

ഈ രണ്ട് പ്ലാനുകളും ഒരു സ്‌ക്രീന്‍ കാണുന്നതിന് പരിമിതപ്പെടുത്തിയിരിക്കുന്നു. അടിസ്ഥാന പ്ലാനില്‍ എച്ച്ഡി സ്ട്രീമിംഗ് ഇല്ല. എച്ച്ഡിയില്‍ സ്ട്രീം ചെയ്യാനുള്ള ഓപ്ഷനും ഒരേസമയം 2 സ്‌ക്രീനുകളുടെ പരിധിയുമുള്ള 649 രൂപയാണ് സ്റ്റാന്‍ഡേര്‍ഡ് നെറ്റ്ഫ്ലിക്സ് പ്ലാന്‍. നെറ്റ്ഫ്ലിക്സ് ഏറ്റവും ചെലവേറിയ പ്ലാന്‍, പ്രീമിയം പ്ലാന്‍ 799 രൂപയാണ്. 4 സ്‌ക്രീനുകള്‍ ഒരേസമയം പങ്കിടാനും ഉപയോക്താക്കള്‍ക്ക് എച്ച്ഡി അല്ലെങ്കില്‍ അള്‍ട്രാ എച്ച്ഡിയില്‍ സ്ട്രീം ചെയ്യാനും കഴിയും. ഉപയോക്താക്കള്‍ക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് ഏത് പ്ലാനിലേക്കും അപ്‌ഗ്രേഡുചെയ്യാനോ തരംതാഴ്ത്താനോ കഴിയും.

Follow Us:
Download App:
  • android
  • ios