ചരിത്രാതീത കാലത്തോളം പഴക്കമുള്ള ആരവല്ലി പർവതനിര ഖനനം, നഗരവൽക്കരണം തുടങ്ങിയ ഭീഷണികളാൽ ഗുരുതരമായ പാരിസ്ഥിതിക പ്രതിസന്ധി നേരിടുന്നു. വടക്കേ ഇന്ത്യയുടെ കാലാവസ്ഥ, ജലസുരക്ഷ എന്നിവയിൽ നിർണായക പങ്കുവഹിക്കുന്ന ഈ പർവതനിരയുടെ സംരക്ഷണം  ഭാവിയ്ക്ക് വേണ്ടിയാണ്. 

സെലൻറ്‍വാലിയും പാച്ചിമടയും കണ്ടു വളർന്ന മലയാളിക്ക് പാരിസ്ഥിതക പ്രാധാന്യത്തെ കുറിച്ച് വ്യക്തമായ ബോധ്യമുണ്ട്. അതേസമയം, പ്രതിഷേധങ്ങളോ പ്രതിരോധങ്ങളോ ഉയരാതെ ഇന്ത്യയിലെ പരിസ്ഥിതലോല മേഖലകളിൽ പലതും കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ വ്യാവസായിക ആവശ്യങ്ങൾക്കായി രൂപാന്തരപ്പെട്ടു. അതേ പാതയിലായിരുന്നു, മൂന്ന് സംസ്ഥാനങ്ങളിലായി 800 കിലോമീറ്ററേളം നീളത്തിൽ കിടന്ന ചരിത്രാതീത കാലത്തോളം പഴക്കമുള്ള ആരവല്ലി. പ്രദേശവാസികളുടെ പ്രതിഷേധങ്ങൾ നവമാധ്യമങ്ങൾ ഏറ്റെടുത്തതിലൂടെ ഉത്തരേന്ത്യൻ രാഷ്ട്രീയ സിംഹാസനങ്ങൾ അസ്വസ്ഥമായി. കോടതികൾക്ക് മറ്റൊരു ഉത്തരവിനുള്ള സാധ്യതകൾ പോലും ആ പ്രതിഷേധങ്ങൾ അടച്ച് കളഞ്ഞു. തത്കാലത്തേക്കെങ്കിലും ആരവല്ലിയിൽ ഡിറ്റണേറ്ററുകൾ പൊട്ടില്ലെന്ന് ഉറപ്പാക്കാൻ ആ പ്രതിഷേധങ്ങൾക്ക് കഴിഞ്ഞു.

ആരവല്ലി പർവതനിര

ഇന്ത്യയുടെ ഭൗമശാസ്ത്രപരമായ ഘടനയെ ആഴത്തിൽ സ്വാധീനിച്ച ഏറ്റവും പുരാതനമായ പർവതനിരകളിൽ ഒന്നാണ് ആരവല്ലി പർവതനിര. ഭൂമിയുടെ പ്രാകാംബ്രിയൻ കാലഘട്ടത്തിൽ, ഏകദേശം 250 കോടി വർഷങ്ങൾക്ക് മുമ്പ് രൂപംകൊണ്ടതായി ശാസ്ത്രജ്ഞർ കണക്കാക്കുന്ന ഈ പർവതനിര, ഹിമാലയത്തേക്കാൾ ഏറെ പഴക്കമുള്ളതാണ്. ഗുജറാത്തിലെ പാലൻപൂർ പ്രദേശത്ത് നിന്നും ആരംഭിച്ച് ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, ദില്ലി എന്നിവിടങ്ങളിലൂടെ ഏകദേശം 800 കിലോമീറ്ററോളം നീളത്തിൽ ആരവല്ലി വ്യാപിച്ചു കിടക്കുന്നു. രാജസ്ഥാനിലെ മൗണ്ട് അബുവിലുള്ള ഗുരു ശിഖർ ആണ് ഇതിലെ ഏറ്റവും ഉയർന്ന കൊടുമുടി, 1,722 മീറ്റർ (5,650 അടി).

Scroll to load tweet…

പാരിസ്ഥിതിക പ്രധാന്യം

ആരവല്ലി പർവതനിര ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ മേഖലകളുടെ കാലാവസ്ഥാ നിയന്ത്രണത്തിൽ നിർണായക പങ്ക് വഹിക്കുന്നു. താർ മരുഭൂമിയുടെ കിഴക്കോട്ടുള്ള വ്യാപനം തടയുന്ന പ്രകൃതിദത്ത മതിൽലാണ് ഈ പർവതനിര. അറബിക്കടലിൽ നിന്നുള്ള തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റുകളുടെ ഗതിയെ ഭാഗികമായി തടയുകയും വഴിതിരിച്ചുവിടുകയും ചെയ്യുന്നതിലൂടെ രാജസ്ഥാൻ, ഹരിയാന, ദില്ലി തുടങ്ങിയ പ്രദേശങ്ങളിൽ മഴ ലഭിക്കാൻ ആരവല്ലി സഹായകമാകുന്നു.ഈ പർവതനിര ഇല്ലായിരുന്നെങ്കിൽ, വടക്കേ ഇന്ത്യയുടെ വലിയൊരു ഭാഗം കൂടുതൽ വരണ്ടതും മരുഭൂമി സമാനവുമായി മാറും.

ജലസുരക്ഷയുടെ കാര്യത്തിലും ആരവല്ലിക്ക് അതുല്യമായ പ്രാധാന്യമുണ്ട്. ബാണാസ്, സാഹിബി, ലൂണി എന്നിവയുള്‍പ്പെടെയുള്ള നിരവധി നദികൾക്ക് ഉദ്ഭവസ്ഥാനമാണ് ആരവല്ലി. കൂടാതെ, മഴവെള്ളം മണ്ണിലൂടെ ഭൂഗർഭത്തിലേക്ക് ആഗിരണം ചെയ്യുകയും അതിലൂടെ ഭൂഗർഭ ജലനിരപ്പ് നിലനിര്‍ത്താനും ഇതുവഴി കൃഷിക്കും കുടിവെള്ളത്തിനും ആവശ്യമായ ശുദ്ധജല ലഭ്യതയ്ക്കും കാരണമാകുന്നു. ദില്ലി – എൻസിആർ മേഖലയിലെ ഭൂഗർഭജല ലഭ്യതയ്ക്ക് ആരവല്ലി വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

ആരവല്ലി പർവതനിര ജൈവവൈവിധ്യത്തിന്‍റെ കാര്യത്തിലും സമ്പന്നമാണ്. വരണ്ടതും പാതിവരണ്ടതുമായ വനപ്രദേശങ്ങളാണെങ്കിലും നിരവധി സസ്യജന്തുജാലങ്ങൾ ഇവിടെ നിലനിൽക്കുന്നു. ധൗക്, ഖെയർ, ബബൂൾ പോലുള്ള മരങ്ങൾ, ഔഷധഗുണമുള്ള സസ്യങ്ങൾ, വിവിധതരം പുല്ലുകൾ എന്നിവ ഈ പ്രദേശത്തിന്‍റെ പ്രത്യേകതയാണ്. ചെന്നായ, കാട്ടുപൂച്ച, കുറുക്കൻ, നീലഗിരി ആന്‍റിലോപ്പ്, പലതരം പക്ഷികൾ, സർപ്പങ്ങൾ എന്നിവയ്ക്ക് ആരവല്ലി പ്രധാന ആവാസകേന്ദ്രമാണ്. മനുഷ്യനും പ്രകൃതിയും സഹവർത്തിത്വത്തോടെ ജീവിച്ചിരുന്ന ഒരു പരമ്പരാഗത ജീവിതരീതിയുടെ സാക്ഷ്യമാണ് ഈ പർവതനിര.

Scroll to load tweet…

പാരിസ്ഥിതിക പ്രതിസന്ധി

എന്നാൽ, ഈ ചരിത്രാതീത പർവതനിര ഇന്ന് ഗുരുതരമായ പരിസ്ഥിതി പ്രതിസന്ധി നേരിടുകയാണ്. അതിലെ ഏറ്റവും വലിയ വെല്ലുവിളി അനിയന്ത്രിത ഖനന പ്രവർത്തനങ്ങളാണ്. 1975 മുതൽ 2019 വരെ 32% പച്ചപ്പാണ് ഇല്ലാതായത്. അതേസമയം 8% പർവത ഭാഗങ്ങൾ അപ്രത്യക്ഷമായി. 2022 -ലെ കണക്കുകൾ (TERI 2022), 25 ശതമാനം കുന്നുകളും അപ്രത്യക്ഷമായതായി പറയന്നു. രാജസ്ഥാന്‍റെ 68.3% പ്രദേശവും മരുഭൂമീകരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു(ISRO 2021). ഹരിയാനയിലും രാജസ്ഥാനിലും ഭൂഗർഭജല നിരപ്പ് പ്രതിവർഷം 1-1.5 മീറ്റലേക്ക് താഴുന്നു (CGWB 2023). സുപ്രീം കോടതിയുടെ നിരോധനം നിലനിൽക്കുമ്പോഴും ഖനനം നിർബാധം തുടർന്നുവെന്ന് 2023 -ലെ ഹരിയാന വനംവകുപ്പിന്‍റെ കണക്കുകൾ പറയുന്നു. ആരവല്ലിയുടെ 70% ഭൂമിയും തകർച്ച നേരിട്ടെന്നായിരുന്നു റിപ്പോർട്ട്.

ഭൂഗർഭ ജലസ്രോതസ്

മാർബിൾ, ഗ്രാനൈറ്റ്, ക്വാർട്സ് തുടങ്ങിയ ഖനിജങ്ങൾക്കായി നിയമാനുശുതമായും നിയമവിരുദ്ധമായും അതിക്രമിച്ചു നടക്കുന്ന ഖനനം, പർവതങ്ങളുടെ സ്വാഭാവിക ഘടനയെ തകർക്കുന്നു. പാറകൾ പൊട്ടിക്കുന്നതോടെ കുന്നുകൾ സമതലങ്ങളായി മാറുന്നു. ഇത് മണ്ണൊലിപ്പ് രൂക്ഷമാകുകയും ഭൂഗർഭജല സ്രോതസ്സുകൾ നശിക്കാൻ കാരണമാക്കുന്നു. നഗരവൽക്കരണ സമ്മർദ്ദവും റിയൽ എസ്റ്റേറ്റ് വികസനവും ആരവല്ലിക്ക് മറ്റൊരു വലിയ ഭീഷണിയാണ്. റോഡുകൾ, ഫാംഹൗസുകൾ, റിസോർട്ടുകൾ, വ്യവസായശാലകൾ എന്നിവ പർവതപ്രദേശങ്ങളിൽ വ്യാപകമായി ഉയരുന്നു. ഇതോടെ മഴവെള്ളം മണ്ണിലേക്ക് ഇറങ്ങാതെ ഒഴുകിപ്പോകുകയും, ഭൂഗർഭജലം സംരക്ഷിക്കുന്നത് കുറയുകയും ചെയ്യുന്നു. ഇത് ജലക്ഷാമവും ചൂടും വർദ്ധിക്കുന്നതിന് കാരണമാകുന്നു.

വനനശീകരണം

വനനശീകരണം മറ്റൊരു പ്രധാന പ്രശ്നമാണ്. നഗരവൽക്കരണവും വ്യവസായവികസനവും ജനസംഖ്യാ വർധനവും മൂലം, വലിയ തോതിൽ മരങ്ങൾ വെട്ടിമാറ്റപ്പെടുന്നു. ഇതിന്‍റെ ഫലമായി ജൈവവൈവിധ്യം കുറയുകയും വന്യജീവികളുടെ ആവാസവ്യവസ്ഥ തകരുന്നു. വനങ്ങൾ നശിക്കുമ്പോൾ കാർബൺ ഡൈഓക്സൈഡ് ആഗിരണം ചെയ്യാനുള്ള ശേഷി കുറയുകയും, കാലാവസ്ഥാ വ്യതിയാനം കൂടുതൽ രൂക്ഷമാകാൻ കാരണമാകുന്നു.

Scroll to load tweet…

വായു മലിനീകരണം

ദില്ലി–എൻസിആർ മേഖലയിലെ വായുമലിനീകരണം വർധിക്കുന്നതിലും ആരവല്ലിയുടെ നാശം ഒരു പ്രധാന ഘടകമായി മാറിയിട്ടുണ്ട്. ഒരുകാലത്ത് ദില്ലിക്ക് പ്രകൃതിദത്തമായ ശുദ്ധവായു നൽകുന്ന “ജൈവ ശ്വാസകോശം” ആയിരുന്നു ആരവല്ലി. ഇന്ന്, കുന്നുകളും വനങ്ങളും ഇല്ലാതായതോടെ പൊടിക്കാറ്റുകളും മലിനവായുവും നഗരങ്ങളിലേക്ക് കടക്കുന്നു.

നിയമങ്ങൾ

1992-ൽ പുറപ്പെടുവിച്ച അറിയിപ്പിൽ ഗുഡ്ഗാവും ആൽവറിലുമുള്ള ചില പ്രവർത്തനങ്ങൾ നിയന്ത്രിക്കപ്പെട്ടു. 2002 മുതൽ ആരവല്ലി വനഭൂമിയിൽ നിയമവിധേയമല്ലാതെ ഖനനം നിരോധിച്ചു. സുപ്രീം കോടതി 2009 -ൽ ഹരിയാണയിലെ ഖനനം നിരോധിച്ചു. 2024-ൽ ആരവല്ലി പർവതനിരയിൽ പുതിയ ഖനന പാട്ടങ്ങൾ നിരോധിച്ചു. 2025 നവംബറിൽ, കോടതി ഒരു പുതിയ നിർവചനം അംഗീകരിച്ചു. പ്രാദേശിക ഭൂപ്രദേശത്ത് നിന്ന് 100 മീറ്ററോ അതിലധികമോ ഉയരമുള്ള ഭൂപ്രകൃതികൾ ആരവല്ലി പർവതനിരയായി കണക്കാക്കപ്പെടുന്നുവെന്നായിരുന്നു അത്. എന്നാൽ, ഈ നിർവചനത്തിനെതിരെ വിമർശനമുയർന്നു.

കാരണം, ഇത് താഴ്ന്ന പ്രദേശങ്ങളുടെ സംരക്ഷണം നിർവചനത്തിലില്ലെന്നത് തന്നെ. ഈ നിയമം മറയാക്കി ഖനന പ്രവർത്തനങ്ങൾ തുടരുമെന്നായിരുന്നു ആരേപണം. 2023 മാർച്ച് 23 ന് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് ആരവല്ലി ഗ്രീൻ വാൾ പദ്ധതിയ്ക്ക് തുടക്കമിട്ടു. ആദ്യം 5 കിലോമീറ്റർ ബഫർ ഏരിയ ഹരിതവൽക്കരിക്കുമെന്നായിരുന്നെങ്കിൽ 2025 ജൂണിൽ 1,400 കിലോമീറ്റർ നീളത്തിൽ 5 കിലോമീറ്റർ വീതിയുള്ള ഒരു പച്ചപ്പ് സൃഷ്ടിക്കുമെന്നായി കേന്ദ്ര സർക്കാർ. ഇത് മണ്ണൊലിപ്പ്, മരുഭൂമിയാകൽ, പൊടിക്കൊടുങ്കാറ്റുകൾ എന്നിവയെ പ്രതിരോധിക്കും. ഇതിനായി പതിനായിരക്കണക്കിന് കോടികളാണ് വകയിരുത്തിയിട്ടുള്ളത്.

ഭാവിക്ക് വേണ്ടി

ആരവല്ലി പർവതനിര ജലസംഭരണം, കാർബൺ ശോഷണം എന്നിവ വഴി ആഗോളതാപനത്തിനെതിരെ പോരാടുന്നു. ഇത് വടക്കേ ഇന്ത്യയിലെ ജലവിതരണത്തിനും ജൈവവൈവിധ്യത്തിനും വളരെ പ്രധാനപ്പെട്ടതാണ്. ഖനനം നിയന്ത്രിക്കുന്നതിനും പുനഃസംവിധാനം നടത്തുന്നതിനുമുള്ള നയങ്ങൾ പ്രാദേശിക സമൂഹങ്ങളുടെ ജീവിതത്തെ ബാധിക്കുന്നു. ഇതുകൊണ്ട് തന്നെ, ആരവല്ലി പരമ്പരകളുടെ സംരക്ഷണം ഇന്ത്യയുടെ പാരിസ്ഥിതിക സുസ്ഥിരതയ്ക്കും ജൈവവൈവിധ്യത്തിനും നിർണായകമാണ്.

മൂന്ന് സംസ്ഥാനങ്ങളുടെ പരിസ്ഥിതിയെ നേരിട്ട് ബാധിക്കുന്ന ഗുരുതരമായ പ്രതിസന്ധിയാണ് ആരവല്ലിയുടെ നാശം ഉയർത്തുന്നത്. ആരവല്ലി പർവതനിരയുടെ സംരക്ഷണം ഇന്ത്യയുടെ പരിസ്ഥിതി സുരക്ഷയ്ക്കുള്ള അനിവാര്യതയായി മാറുന്നതും അതുകൊണ്ടാണ്. ശക്തമായ നിയമസംരക്ഷണം, സുപ്രീംകോടതി നിർദ്ദേശങ്ങളുടെ കർശനമായ നടപ്പാക്കൽ, നിയമവിരുദ്ധ ഖനനത്തിനെതിരായ ശക്തമായ നടപടികൾ എന്നിവ അത്യാവശ്യമായി മാറുന്നു. വനം പുനരുദ്ധാരണം, നാട്ടുവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കൽ, ജലസംരക്ഷണ പദ്ധതികൾ,

ജനപങ്കാളിത്തത്തോടെ നടത്തുന്ന പരിസ്ഥിതി ബോധവൽക്കരണം എന്നിവ ദീർഘകാല പരിഹാരങ്ങളായി മാറിയെങ്കിൽ മാത്രമേ ഭാവി തലമുറയോടുള്ള ബാധ്യത പൂർത്തിയാകൂ. ആരവല്ലി പർവതനിരയുടെ സംരക്ഷിക്കണം ഒരു പ്രദേശത്തിന്‍റെ മാത്രം പ്രശ്നമല്ലെന്നും അത് ഇന്ത്യയുടെ ഭാവി തലമുറകളുടെ നിലനിൽപ്പുമായി ബന്ധപ്പെട്ട ഒരു ദേശീയ ബാധ്യതയാണെന്നും നാം തിരിച്ചറിയേണ്ടതുണ്ട്. പ്രകൃതിയുമായി സൗഹൃദപരമായ വികസനമാണ് യഥാർത്ഥ പുരോഗതിയെന്ന് തിരിച്ചറിഞ്ഞാൽ മാത്രമേ, ആരവല്ലിയെ പോലെയുള്ള പ്രകൃതിദത്ത സമ്പത്തുകൾ നമ്മുക്ക് സംരക്ഷിക്കാൻ കഴിയൂ. ആരവല്ലി നിലനിൽക്കുമ്പോൾ, ഉത്തരേന്ത്യയുടെ കാലാവസ്ഥയും ജലസുരക്ഷയും മനുഷ്യജീവിതവും സുരക്ഷിതമായിരിക്കും.