കേരളമേടിലേക്കുള്ള സഫാരിയിൽ ശിരുവാണി അണക്കെട്ടും കേരള-തമിഴ്നാട് അതിർത്തിയും നേരിൽ കണ്ട് ആസ്വദിക്കാം.

മണ്ണാര്‍ക്കാട് താലൂക്കിലെ അട്ടപ്പാടി മേഖലയിൽ ഷോളയൂര്‍ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ നിത്യഹരിത വനമാണ് ശിരുവാണി. തമിഴ്‌നാട്ടിലെ വനങ്ങളുമായി ലയിക്കുന്ന വിശാലമായ വനപ്രദേശമാണിത്. പ്രകൃതി ഇവിടെ കാഴ്ചകളുടെ വസന്തം തന്നെ സഞ്ചാരികൾക്കായി ഒരുക്കി വെച്ചിട്ടുണ്ട്.

വ്യത്യസ്ത തരം പക്ഷികളാൽ സമ്പന്നമാണ് ശിരുവാണി വനം. അതിനാൽ പക്ഷിനിരീക്ഷകർക്ക് ഏറെ അനുയോജ്യമായ സ്പോട്ടാണിത്. ട്രെക്കിം​ഗ് ഇഷ്ടപ്പെടുന്നവർക്കും സാഹസിക സഞ്ചാരികൾക്കും ശിരുവാണി ഒരുപോലെ ആസ്വദിക്കാം. സഞ്ചാരികൾക്കായി ഇവിടെ ജംഗിൾ സഫാരിയും ട്രെക്കിംഗും ഒരുക്കിയിട്ടുണ്ട്. സിരുവാണിയുടെ ഭംഗി ആസ്വദിക്കാൻ ഏറ്റവും നല്ല മാർഗം കേരളമേടിലേക്കുള്ള സഫാരിയാണ്. മണ്ണാർക്കാട് ഇക്കോ ടൂറിസത്തിന് കീഴിലാണ് കേരളമേട് വരുന്നത്. ഇഞ്ചിക്കുന്ന് ചെക്ക് പോസ്റ്റിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. വഴിയിലുടനീളം പൂത്തുനിൽക്കുന്ന വിവിധയിനം പൂക്കളാണ് നിങ്ങളെ കുന്നിൻ മുകളിലേയ്ക്ക് സ്വാ​ഗതം ചെയ്യുക.

സ്വന്തം വാ​ഹനത്തിൽ സഫാരി നടത്താം എന്നതാണ് കേരളമേട് യാത്രയിലെ പ്രത്യേകത. ഏകദേശം 10 കിലോമീറ്റർ പിന്നിടുമ്പോൾ നിങ്ങൾ ശിരുവാണി അണക്കെട്ടിലെത്തും. അണക്കെട്ടിന് കുറുകെയുള്ള റോഡിന്റെ ഇരുവശത്തും രണ്ട് കവാടങ്ങൾ കാണാം. ഇവ കേരള, തമിഴ് വാസ്തുവിദ്യാ ശൈലികളുടെ മാതൃകയാണ്. തുടർന്ന് കേരള-തമിഴ്നാട് അതിർത്തിയായ കേരളമേടിലേക്കുള്ള പുൽമേടുകളിൽ എത്തിച്ചേരും. ഒരു മണിക്കൂർ ദൈർഘ്യമുള്ള ട്രെക്കിംഗിനൊടുവിൽ നിങ്ങൾക്ക് ചുറ്റുമുള്ള കുന്നുകളുടെ മനോഹരമായ കാഴ്ചകളും കോയമ്പത്തൂരിന്റെ വിദൂര ദൃശ്യങ്ങളും മതിവോളം ആസ്വദിക്കാം. രാവിലെ 9 മണി മുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെയാണ് സന്ദർശന സമയം.