ഇന്ന് ലോകത്ത് തന്നെ സസ്യാഹാരം കഴിക്കുന്നവരുടെ എണ്ണം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ദില്ലി: വ്യത്യസ്ത സംസ്കാരങ്ങളിൽപ്പെട്ട ആളുകൾ താമസിക്കുന്ന, വ്യത്യസ്ത ജീവിതരീതികൾ പിന്തുടരുന്ന ജനവിഭാഗങ്ങളാണ് ഇന്ത്യയിലുള്ളത്. ഭക്ഷണ കാര്യത്തിലും ഈ വ്യത്യാസങ്ങൾ പ്രകടമാണ്. രാജ്യത്ത് നോൺ-വെജ് ഭക്ഷണപ്രിയർ ഏറെയുണ്ടെങ്കിലും എല്ലാവർക്കും നോൺ-വെജ് ഇഷ്ടപ്പെടണമെന്ന് നിർബന്ധമില്ല. ഇന്ന് ലോകത്ത് തന്നെ സസ്യാഹാരം കഴിക്കുന്നവരുടെ എണ്ണം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നത് ഇതിന് തെളിവാണ്.
നോൺ-വെജ് ഭക്ഷണ രീതികളുമായി താരതമ്യം ചെയ്യുമ്പോൾ സസ്യാഹാരത്തിൽ വൈവിധ്യം ലഭിക്കുന്നില്ലെന്ന് പറയുന്നവരുണ്ട്. എന്നാൽ, ഇന്ത്യയിൽ സസ്യാഹാരത്തിന് പേരുകേട്ട നിരവധി സ്ഥലങ്ങളുണ്ട്. ഈ സ്ഥലങ്ങൾ സസ്യാഹാരം ആഘോഷമാക്കുന്നയിടങ്ങളാണ്. നിങ്ങൾക്കും സസ്യാഹാരം കഴിക്കാൻ ഇഷ്ടമാണെങ്കിൽ ഇന്ത്യയിലെ ഈ സ്ഥലങ്ങളിൽ ലഭ്യമായ രുചികരമായ ഭക്ഷണം നിങ്ങളുടെ യാത്രയുടെ ആനന്ദം ഇരട്ടിയാക്കും. മികച്ച സസ്യാഹാരങ്ങൾ ലഭിക്കുന്ന ഇന്ത്യയിലെ 5 സ്ഥലങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.
1. വാരണാസി (ഉത്തർപ്രദേശ്)
വാരണാസിയിൽ എത്തുന്നവർക്ക് സസ്യാഹാരം കണ്ടെത്തുകയെന്നത് വളരെ എളുപ്പമാണ്. ഇവിടുത്തെ ഘട്ടുകളിലും തെരുവുകളിലുമെല്ലാം നിങ്ങൾക്ക് രുചികരമായ സസ്യാഹാരം ലഭിക്കും. ആലൂ പുരി, കച്ചോരി സബ്സി, ക്രീമി ലസ്സി, നിരവധി മധുരപലഹാരങ്ങൾ എന്നിവയാണ് ബനാറസിലെ സവിശേഷമായ ആഹാരങ്ങൾ.
2. ഉഡുപ്പി (കർണാടക)
ദക്ഷിണേന്ത്യൻ ഭക്ഷണത്തിന്റെ കാര്യത്തിൽ ഉഡുപ്പി വേറെ ലെവലാണ്. ദക്ഷിണേന്ത്യയിൽ സസ്യാഹാരം തേടുന്നവർക്ക് ഉഡുപ്പി അനുയോജ്യമായ ഒരു സ്പോട്ടാണ്. സസ്യാഹാരത്തിന് പേരുകേട്ട സ്ഥലമാണിത്. ഉഡുപ്പിയിലെ ഇഡ്ഡലി, ദോശ, സാമ്പാർ, വട, തേങ്ങാ ചട്ണി എന്നിവയുടെ രുചി ഒരിക്കൽ രുചിച്ചാൽ പിന്നീട് ഒരിക്കലും മറക്കില്ലെന്നാണ് പറയാറുള്ളത്.
3. ഹരിദ്വാർ, ഋഷികേശ് (ഉത്തരാഖണ്ഡ്)
ഹരിദ്വാറും ഋഷികേശും മതപരമായ സ്ഥലങ്ങളാണ്. ഇവിടെ സസ്യാഹാരം മാത്രമേ ലഭ്യമാകൂ. ഇവിടുത്തെ കടകളിൽ നിങ്ങൾക്ക് ആലൂ പുരി, ക്രിസ്പി കച്ചോരി, ചൂടുള്ള ജിലേബി എന്നിവയുടെ രുചി ആസ്വദിക്കാം. ഗംഗാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തെ ഭക്ഷണത്തിന് വലിയ പ്രാധാന്യമുണ്ട്.
അഹമ്മദാബാദ് (ഗുജറാത്ത്)
നേരിയ മസാലകളും മധുരവും നിറഞ്ഞതാണ് ഗുജറാത്തി സ്റ്റൈൽ ഭക്ഷണങ്ങൾ. ഗുജറാത്തിൽ ജൈനമതക്കാരുടെ എണ്ണം വളരെ കൂടുതലായതിനാൽ ഈ സ്ഥലം സസ്യാഹാരികൾക്ക് വളരെ പ്രധാനമാണ്. ഖണ്ഡ്വി, ഫഫ്ദ, ധോക്ല, തേപ്ല, ദാൽ-ഖിച്ഡി എന്നിവ അടങ്ങിയ ഗുജറാത്തി താലി ഒരിക്കലെങ്കിലും രുചിച്ച് നോക്കേണ്ട ഒന്ന് തന്നെയാണ്. അഹമ്മദാബാദിലെ എല്ലാ തെരുവുകളിലും മാർക്കറ്റുകളിലും നിങ്ങൾക്ക് രുചികരമായ സസ്യാഹാരം ലഭിക്കും.
ജയ്പൂർ (രാജസ്ഥാൻ)
ജയ്പൂരിലെ സസ്യാഹാരം ലോകപ്രശസ്തമാണ്. ഇവിടുത്തെ മില്ലറ്റ് ബ്രെഡ്, ദാൽ ബാത്തി ചുർമ്മ, ഗട്ടാ കി സബ്ജി എന്നിവയെല്ലാം രുചികരമാണ്. ഇതിനുപുറമെ, മിർച്ചി ബഡാ, ഘേവർ, മാൽപുവ എന്നിവ ജയ്പൂരിലെ പരമ്പരാഗത ഭക്ഷണങ്ങളാണ്. ജയ്പൂരിൽ ലഭിക്കുന്ന രാജസ്ഥാനി താലിയുടെ രുചി ആരെയും അതിശയിപ്പിക്കും.