മെയ് 30 വരെ കോട്ടയം ജില്ലയിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇലവീഴാപൂഞ്ചിറയിലേയ്ക്കും ഇല്ലിക്കൽകല്ലിലേയ്ക്കുമുള്ള പ്രവേശനം നിരോധിച്ചത്.
കോട്ടയം: കോട്ടയത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു. ജില്ലയിൽ മഴ തുടരുന്നതിനാലും വരും ദിവസങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നതിനാലും വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല് എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട - വാഗമൺ റോഡിലെ രാത്രികാല യാത്രയും മേയ് 30 വരെ നിരോധിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവിറക്കി. വിനോദസഞ്ചാര കേന്ദ്രമായ തീക്കോയി പഞ്ചായത്തിലെ മാർമല അരുവിയിലേക്കുള്ള പ്രവേശനവും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.
അതിശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാൽ മെയ് 30 വരെ കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മേയ് 31 ന് ജില്ലയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ശക്തമായ മഴ തുടരുന്നതിനാലും ജലാശയങ്ങളിൽ ജലനിരപ്പുയരുന്നതിനാലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമായി തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


