പ്രഭാതം, സായാഹ്നം, രാത്രി എന്നിങ്ങനെ വ്യത്യസ്ത സമയങ്ങളിലെ സഫാരികൾക്ക് അനുയോജ്യമായ വന്യജീവി കേന്ദ്രങ്ങൾ ഇന്ത്യയിൽ നിരവധിയുണ്ട്. 

പ്രകൃതിയെയും വന്യമൃഗങ്ങളെയുമെല്ലാം അടുത്തറിയാനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് സഫാരികൾ. സാഹസികത ഇഷ്ടപ്പെടുന്നവരുടെ പ്രധാന വിനോദങ്ങളിലൊന്നും പ്രകൃതിയിലൂടെയുള്ള സഫാരികളാകും. ഇന്ത്യയിലെ നിരവധി ദേശീയോദ്യാനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും ജീപ്പിലും മറ്റ് വാഹനങ്ങളിലുമെല്ലാം സഫാരികൾ നടത്താറുണ്ട്.

വിശാലമായ കാടിന്റെ ചുറ്റുപാടിൽ ചുറ്റി സഞ്ചരിക്കുന്നതും കടുവകൾ, ആനകൾ, സിംഹങ്ങൾ, പുലികൾ തുടങ്ങിയ വന്യമൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കാണുന്നതും മറക്കാനാകാത്ത അനുഭവമാണ് സമ്മാനിക്കുക. ഇതിനായാണ് ജംഗിൾ സഫാരികൾ സംഘടിപ്പിക്കുന്നത്. എന്നാൽ, പലര്‍ക്കും പല സമയങ്ങളില്‍ സഫാരി നടത്താനാണ് താത്പ്പര്യം. ചിലര്‍ക്ക് പ്രഭാത സഫാരിയോടും ചിലര്‍ക്ക് സായാഹ്ന സഫാരിയോടുമാണ് പ്രിയമെങ്കിൽ മറ്റ് ചിലര്‍ക്കാകട്ടെ നൈറ്റ് സഫാരിയോടാണ് ഇഷ്ടം. ഇതിൽ ഏത് സഫാരിയാണ് നല്ലതെന്ന് നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ അതിനുള്ള ഉത്തരമാണ് ഇനി പറയാൻ പോകുന്നത്.

പ്രഭാത സഫാരിയുടെ ഗുണങ്ങൾ

ദിവസം തുടങ്ങുന്നത് പ്രകൃതിയുടെ ശാന്തതയിൽ നിന്ന് ആകണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയാണ്. ആളുകളുടെ തിരക്കോ ശബ്ദകോലാഹലങ്ങളോ ഇല്ലാതെ ശാന്തമായും സമാധാനമായും ജംഗിൾ സഫാരി നടത്താൻ ഏറ്റവും അനുയോജ്യമായ സമയം പ്രഭാതമാണ്. രാവിലെ വന്യമൃഗങ്ങളെ കൂടുതലായി കാണാൻ കഴിയും. പുലര്‍ച്ചെ ഏറ്റവും കൂടുതൽ സജീവമാകുന്ന മൃഗങ്ങളിലൊന്നാണ് കടുവ. അതിനാൽ തന്നെ കടുവയെ കാണണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രഭാത സഫാരിയാണ് മികച്ച ഓപ്ഷൻ. ഫോട്ടോഗ്രാഫർമാർക്കും രാവിലെ അനുയോജ്യമായ സമയമാണ്. വേനൽക്കാല മാസങ്ങളിലാണ് നിങ്ങൾ യാത്ര ചെയ്യുന്നതെങ്കിൽ ചൂട് ഒഴിവാക്കാനും മികച്ച കാഴ്ചകളും ഫ്രെയിമുകളും ആസ്വദിക്കാനും രാവിലെയുള്ള സമയമായിരിക്കും ഏറ്റവും നല്ലത്.

ഇന്ത്യയിൽ പ്രഭാത സഫാരിക്ക് ഏറ്റവും മികച്ച വന്യജീവി കേന്ദ്രങ്ങൾ

  • രൺതംബോർ നാഷണൽ പാർക്ക്, രാജസ്ഥാൻ
  • ബാന്ധവ്ഗഡ് നാഷണൽ പാർക്ക്, മധ്യപ്രദേശ്
  • കന്ഹ നാഷണൽ പാർക്ക്, മധ്യപ്രദേശ്

സായാഹ്ന സഫാരിയുടെ ഗുണങ്ങൾ

കാലാവസ്ഥ കണക്കിലെടുക്കുന്നവര്‍ക്ക് സായാഹ്ന സഫാരിയാണ് നല്ലത്. കാരണം, ഉച്ചകഴിഞ്ഞുള്ള സഫാരി ആരംഭിക്കുമ്പോൾ താപനില ചെറിയ രീതിയിൽ ഉയർന്നതായിരിക്കാമെങ്കിലും സൂര്യാസ്തമയത്തോട് അടുക്കുമ്പോൾ ചൂട് കുറയുകയും തണുപ്പ് അനുഭവപ്പെടുകയും ചെയ്യും. ഈ സമയം നിരവധി മൃഗങ്ങൾ അവയുടെ ആവാസ സ്ഥാനങ്ങളിലേയ്ക്ക് മടങ്ങുകയും മറ്റ് ചില മൃഗങ്ങൾ വെള്ളം തേടി കാട്ടിലേക്ക് ഇറങ്ങുകയും ചെയ്യും. അതിനാൽ അത്തരം കാഴ്ചകൾ കാണാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. സൂര്യാസ്തമയം അടുക്കുന്തോറും നിരവധി പക്ഷികളെ കാണാൻ കഴിയുമെന്നതിനാൽ പക്ഷി നിരീക്ഷകർക്ക് ഉച്ചകഴിഞ്ഞുള്ള സഫാരികളാണ് ഏറ്റവും നല്ലത്.

ഇന്ത്യയിൽ സായാഹ്ന സഫാരിക്ക് ഏറ്റവും മികച്ച വന്യജീവി കേന്ദ്രങ്ങൾ

  • ജിം കോർബറ്റ് നാഷണൽ പാർക്ക്, ഉത്തരാഖണ്ഡ്
  • തഡോബ അന്ധാരി ടൈഗർ റിസർവ്, മഹാരാഷ്ട്ര
  • പെഞ്ച് നാഷണൽ പാർക്ക്, മധ്യപ്രദേശ്

നൈറ്റ് സഫാരിയുടെ ഗുണങ്ങൾ

മറ്റ് രണ്ട് സഫാരികളെയും അപേക്ഷിച്ച് രാത്രികാല സഫാരികൾ പ്രത്യേക അനുഭവമാണ് സമ്മാനിക്കുക. നിങ്ങൾക്ക് ഏറ്റവും ശാന്തമായ സമയത്ത് കാടിന്റെ ഭംഗി അനുഭവിച്ചറിയാൻ കഴിയും. താരതമ്യേന പകൽ സമയത്ത് കാണാൻ പ്രയാസമുള്ള പുള്ളിപ്പുലികളെ രാത്രിയിൽ കാണാൻ കഴിഞ്ഞേക്കും. മൂങ്ങകൾ, വെട്ടുകിളികൾ തുടങ്ങിയ പക്ഷികളെയും കാണാൻ പറ്റിയ സമയമാണിത്. എന്നിരുന്നാലും, നിങ്ങൾ ഒരു നൈറ്റ് സഫാരി ആസൂത്രണം ചെയ്യുന്നതിനുമുമ്പ് നിങ്ങൾ പോകാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഇതിന് അനുവാദമുണ്ടോ എന്ന കാര്യം പരിശോധിക്കുന്നത് നല്ലതാണ്.

ഇന്ത്യയിൽ നൈറ്റ് സഫാരിക്ക് ഏറ്റവും അനുയോജ്യമായ വന്യജീവി കേന്ദ്രങ്ങൾ

  • രൺതംബോർ നാഷണൽ പാർക്ക്, രാജസ്ഥാൻ
  • തഡോബ അന്ധാരി ടൈഗർ റിസർവ്, മഹാരാഷ്ട്ര
  • സത്പുര നാഷണൽ പാർക്ക്, മധ്യപ്രദേശ്