Asianet News MalayalamAsianet News Malayalam

രാത്രിയുടെ പൂക്കള്‍

  • സ്ത്രീകള്‍, രാത്രികള്‍ 
  • അലീഷ അബ്ദുല്ല എഴുതുന്നു: 

Aleesha Abdulla women Nights

രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ ഭയക്കുന്നൊരു നാട്ടില്‍ ഒരു സ്ത്രീ എങ്ങനെയാവും രാത്രി ജീവിതം അറിയുക? രാത്രിയുടെ മനോഹരിതയും നിലാനേരങ്ങളും വായിച്ചും സ്വപ്‌നം കണ്ടും മാത്രമറിയുന്നവരുടെ രാത്രിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ എന്തൊക്കെയാവും? രാത്രി എന്ന അനുഭവം എന്തായിരിക്കും? നിങ്ങള്‍ക്കും ആ സ്വപ്‌നവും അനുഭവവും പങ്കുവെക്കാം. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം അയക്കൂ. സബ്ജക്ട് ലൈനില്‍ സ്ത്രീകള്‍, രാത്രികള്‍ എന്നെഴുതാന്‍ മറക്കരുത്.

Aleesha Abdulla women Nights

രാത്രിയില്‍ വിരിയുന്ന പൂക്കളുണ്ട്. മുല്ല, പവിഴമുല്ല, നിശാഗന്ധി,പിച്ചി എന്നിങ്ങനെ നിശാപുഷ്പങ്ങള്‍. രാത്രിയില്‍ അതിങ്ങനെ വര്‍ണാഭമായി വിരിഞ്ഞു വരുമ്പോള്‍ ചുറ്റും സുഗന്ധം നിറയ്ക്കാറുണ്ട്. പരപരാഗികളായ നിശാപുഷ്പങ്ങള്‍ ചുറ്റും നിറയ്ക്കുന്ന ആ സുഗന്ധം നിങ്ങള്‍ ഒരിക്കലെങ്കിലും ആസ്വദിച്ചിട്ടുണ്ടോ....

ചില നിശാപുഷ്പങ്ങള്‍ ഇങ്ങനെയാണ്. ഒറ്റയ്ക്ക്. എന്നാല്‍ അവ വലിപ്പമുള്ളതും എണ്ണത്തില്‍ കുറവുമായിരിക്കും. രാത്രിയിലെ പെണ്ണിന്റെ ചിന്തകളെപ്പോലെ തന്നെ ഈ പൂക്കളും ഇങ്ങനെ ഒറ്റയ്ക്ക് വിരിയും. ജനാലയുടെ ഇടയിലൂടെ കടന്നു വരുന്ന ആ മാസ്മരിക ഗന്ധം ശ്വസിച്ചു തുടങ്ങിയാല്‍ പിന്നെ എങ്ങനെയാണ്  കിടന്നുറങ്ങുക. ചിലപ്പോള്‍ കവിത എഴുതാന്‍, കഥ എഴുതാന്‍, അല്ലെങ്കില്‍ നക്ഷത്രങ്ങളോട് കഥ പറഞ്ഞിരിക്കാന്‍ കൊതിക്കും. 

അന്നും രാത്രിയുടെ, ഇരുട്ടിന്റെ ഇരുണ്ട മുഖം എഴുതി കുറിക്കാനും, ജനാലയുടെ ഇടയിലൂടെ അവ നോക്കി നില്‍ക്കാനുമായിരുന്നു ആഗ്രഹം. പൂക്കള്‍ വിരിഞ്ഞു കൊഴിയുന്നപ്പോലെ ആഗ്രഹങ്ങളും വിരിഞ്ഞു കൊഴിഞ്ഞു കൊണ്ടേയിരുന്നു. ഇരുട്ടെന്നും പിശാചിനെപ്പോലെ പിന്തുടര്‍ന്നു.

രാത്രി അന്യമായിരുന്നു. അതിനാല്‍, മനസ്സില്‍, പ്രിയപ്പെട്ട പൂക്കള്‍കൊണ്ടു ഞാനൊരു കൊച്ചു പൂന്തോട്ടം ഉണ്ടാക്കി. അവ എന്റെ മനസ്സില്‍ വളര്‍ന്നു പന്തലിച്ച് കൊഴിഞ്ഞുകൊണ്ടേയിരുന്നു. ഉള്ളിലെ പൂന്തോട്ടത്തില്‍ നിശാപുഷ്പങ്ങളെ പ്രതിഷ്ഠിക്കാന്‍ ഞാന്‍ അന്ന് ഭയന്നിരുന്നു. ഓരോ മാസവും പുതിയ പൂക്കള്‍ വാങ്ങുമ്പോള്‍ മനസ്സിലെ പൂക്കടക്കാരന്‍ പറഞ്ഞു, നീ നിശാപുഷ്പങ്ങളെ വാങ്ങൂ, അത് രാത്രിയുടെ ശൂന്യതയില്‍ വിരിയട്ടെ.

മനസ്സില്‍ മാത്രം വിരിഞ്ഞ ആ പൂക്കള്‍ എന്നോടൊപ്പം കൗമാരത്തിലൂടെ യാത്ര പോന്നു. 

ആ ശൂന്യതയ്ക്ക് വിരാമമായത് ഡിഗ്രിക്ക് ചേര്‍ന്നതിനു ശേഷമാണ്. ഈ കാലയളവില്‍ രാത്രിയാത്ര പതിവായി. മനസ്സിലെ പൂന്തോട്ടത്തില്‍ കൂടുതല്‍ നിശാപുഷ്പങ്ങള്‍ വിരിഞ്ഞു. സുഗന്ധം പൊഴിച്ച് അവ വിരിയുമ്പോള്‍ ഇടിച്ചുകുത്തിപ്പെയ്യുന്ന മഴ കാതില്‍ സംഗീതം നിറച്ചു. പലപ്പോഴും രാവെളിച്ചത്തിനോട് പട പൊരുതി ഞാന്‍ രാത്രിയില്‍ വീട്ടിലെത്തി. അതും ഒറ്റയ്ക്കുള്ള യാത്രകള്‍. ഞാന്‍ പട പൊരുതിയത് പൂന്തോട്ടത്തിനോടല്ല, മനസ്സിലെ പൂക്കടക്കാരനോടല്ല, മറിച്ച് ആ പൂമണങ്ങളില്‍ സ്വാസ്ഥ്യമായിരിക്കാന്‍ അനുവദിക്കാത്ത നാട്ടുകാരോടാണ്. 

വൈകി വന്നിറങ്ങി വീട്ടിലേയ്ക്ക് നടക്കുമ്പോള്‍ അശ്ളീല വാക്കുകളാല്‍ എന്നെ കടന്നാക്രമിച്ചവരെ എനിക്ക് നന്നായി അറിയാം. ആ രാത്രികളില്‍ വിരിഞ്ഞത് ദുര്‍ഗന്ധം പേറുന്ന കറുത്ത പൂക്കളായിരുന്നു. (അതേയ്....ഞാന്‍ വൈകി വന്ന സമയം എന്ന് പറയുമ്പോള്‍ അതൊരു ഒന്‍പത് മണിയാ, അല്ലാതെ 1 മണിയോ രണ്ടോ ഒന്നുമല്ല). നിശാപുഷ്ങ്ങളുടെ മനോഹരരാവിലൂടെ നടക്കുമ്പോള്‍ ചുറ്റും ദുര്‍ഗന്ധം വീശുന്ന ഈ രാക്കോഴികളോട് ഞാന്‍ എന്ത് പറയാന്‍. പ്രതികരിച്ചാലും ആ സദാചാര ഗുണ്ടകള്‍ ഒരിക്കലും ജീര്‍ണിച്ചു തീരില്ല എന്ന് അന്ന് ഞാന്‍ മനസിലാക്കി. ജീര്‍ണത വളമാക്കിയ തീരാത്ത ആ മനുഷ്യരുടെ മനസ്സില്‍ ഒരു പൂക്കളും വിരിയില്ല എന്ന് ഞാന്‍ വിശ്വസിച്ചു.

രാത്രി അന്യമായിരുന്നു. അതിനാല്‍, മനസ്സില്‍, പ്രിയപ്പെട്ട പൂക്കള്‍കൊണ്ടു ഞാനൊരു കൊച്ചു പൂന്തോട്ടം ഉണ്ടാക്കി.

ഇന്നും ഞാനത് വ്യക്തമായി ഓര്‍ക്കുന്നു, അന്ന് ബസ്സില്‍ ഒറ്റയ്ക്കാണ്. രാമപുരം അടുത്തപ്പോള്‍.

വലിയ മഴ!

കെ.എസ്.ആര്‍.ടിസിയില്‍ ഞാനും, വേറെ മൂന്നുപേരും, ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ഉള്ളത്. ഇടിച്ചുകുത്തിപ്പെയ്യുന്ന മഴയുടെ സംഗീതത്തില്‍ മനസ്സിലെ നിശാപുഷ്പങ്ങള്‍ ആടിയുലഞ്ഞു. വണ്ടി ഒട്ടും നീങ്ങുന്നില്ല. ചെറിയ ഇടി മുഴക്കമുണ്ട്. എതിര്‍ ദിശയില്‍ നിന്നും വന്ന ഒരു ലോറിയുടെ ടയര്‍ മണ്ണിന്റെ അടിയില്‍ പൂണ്ടിരിക്കുന്നു. ബസ്സിപ്പോഴൊന്നും എടുക്കില്ലെന്നു ഒരാള്‍ ഫോണില്‍ പറയുന്നത് കേട്ടു. 

സമയം 12 ആകാറായി.

എന്ത് ചെയ്യുമെന്നറിയില്ല. നാട്ടിലാണെങ്കില്‍ വെള്ളപൊക്കം. കാര്‍ ഇറക്കാന്‍ കഴിയുന്നില്ലെന്ന് മറു വശത്തുനിന്നും അച്ഛന്റെ ഫോണ്‍ കാള്‍. എന്റെ ഫോണിലാണെങ്കില്‍ 5 ശതമാനം ചാര്‍ജ് മാത്രമേ അവശേഷിക്കുന്നുള്ളൂ. എന്ത് ചെയ്യുമെന്നറിയില്ല. ബസിലുള്ള ഒരേയൊരു പെണ്‍ തരി ഞാന്‍ മാത്രമാണ്. മുന്‍ വശത്ത് ഒരുപാട് വണ്ടികള്‍ കിടക്കുന്നുണ്ടെങ്കിലും കോയമ്പത്തൂര്‍-പാലാ ബസ്സിന് പിന്നിലായി വണ്ടികളൊന്നുമില്ല. 

പല വണ്ടികളിലെയും ആളുകള്‍ വെളിയില്‍ ഇറങ്ങി നിന്ന് മഴ കൊള്ളുന്നുണ്ട്. എല്ലാം പുരുഷന്മാരാണ്. ബസ്സിലെ നിശ്ശബ്ദത  എന്നെ ഒരുപാട് ഭയപ്പെടുത്തി. ഓരോ ശതമാനവും ഫോണില്‍ കുറയുമ്പോള്‍ എന്തെന്നില്ലാത്ത കൈ വിറച്ചു. മനസ്സിലെ പൂന്തോട്ടത്തിലെ മൊട്ടുകള്‍ പതിയെ വാടി തുടങ്ങി. ചുറ്റും നോക്കി. ആരൊക്കെയോ ദൂരെ ലോറിയെ പഴയ സ്ഥിതിയിലെത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്.

'കൊച്ചേ, വണ്ടി എടുക്കാന്‍ വൈകും...'
 
പുറത്തു നിന്നൊരാള്‍ ദയനീയാവസ്ഥയിലിരിക്കുന്ന എന്റെ മുഖത്ത് നോക്കി ഇങ്ങനെ പറഞ്ഞപ്പോള്‍ ഞെഞ്ചിടിപ്പ് ഇരട്ടിയായി. സര്‍വ്വ ശക്തിയും മനസ്സില്‍ കോര്‍ത്തിണക്കി ധൈര്യം അഭിനയിച്ച് ഞാന്‍ ബസ്സില്‍ മുറുകെ പിടിച്ചു. അല്‍പ സമയം കഴിഞ്ഞപ്പോള്‍ ബസ് എടുത്തു. ഇടിയും മിന്നലും ദൂരെ നിന്ന് കേള്‍ക്കാം. പല പൂ മൊട്ടുകളും വഴിയില്‍ കൊഴിഞ്ഞു വീണു. പാലാ എത്തിയപ്പോള്‍ മനസിലുണ്ടായ ആ ആശ്വാസം വാക്കുകളില്‍ കുറിക്കാന്‍ എനിക്ക് കഴിയുന്നില്ല.

വഴിയില്‍ വെച്ച് വാടിയ ആ മുല്ലപ്പൂ മൊട്ടുകള്‍ എന്നെ വീണ്ടും വീണ്ടും രാത്രി യാത്രയ്ക്ക് പ്രേരിപ്പിച്ചുക്കൊണ്ടേയിരുന്നു. ഡിഗ്രിക്ക് ശേഷം ഉന്നത പഠനത്തിനായി മറു നാട്ടില്‍ എത്തിയപ്പോള്‍ കാലവും, കാലാവസ്ഥയും മാറി. കാലാവസ്ഥയ്ക്ക് അനുസരിച്ച് മനസിലെ പൂന്തോട്ടം പതിയെ പാകപ്പെട്ടു. ആ നാട്ടിലെ മണ്ണില്‍ കേരളത്തിലെ പല പൂക്കളും വിരിഞ്ഞില്ല. എങ്കില്‍ മറ്റു പല നിശാപുഷ്ങ്ങളും അവിടെ വിരിഞ്ഞു തുടങ്ങി. പെണ്‍കുട്ടികള്‍ എന്ന ലേബലില്‍ അറിയപ്പെടുന്ന ഞങ്ങള്‍ക്ക് ആ ക്യാമ്പസ്സില്‍ ഒന്‍പതു മണിവരെ കറങ്ങി തിരിഞ്ഞു നടക്കാമായിരുന്നു. മലകള്‍ക്കിടയിലൂടെയുള്ള മന്ദമാരുതന്‍ ഞങ്ങളെ തലോടി പറന്നകലുമ്പോള്‍ സെക്യൂരിറ്റി മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നത് എന്തെന്നില്ലാത്ത സങ്കടം പരത്തി. പൂന്തോട്ടത്തിലെ പൂക്കള്‍ ഒന്‍പതു മണിക്ക് കൊഴിഞ്ഞു തുടങ്ങി. ഉണങ്ങി വീഴുന്ന പൂക്കളെ നോക്കി സുഹൃത്തുക്കള്‍ പറഞ്ഞു.....'ഇതെന്ത് ന്യായം....ആണ്‍കുട്ടികള്‍ക്ക് രാത്രിയോളം കറങ്ങി നടക്കാം...നമുക്ക് ഒന്നും പറ്റൂല......പ്രതികരിക്കണം'. 

ഒന്നുമുണ്ടായില്ല. ആ പ്രതികരണം അവിടെ ഒതുങ്ങി.

മനസ്സിലിപ്പോഴും പൂക്കളുണ്ട്. പൂമണമുള്ള രാവുകളുണ്ട്. നാടു മാറുമ്പോള്‍, കാലം മാറുമ്പോള്‍, കാലാവസ്ഥ മാറുമ്പോള്‍ രാത്രികള്‍ പൂമണങ്ങളാല്‍ നിറയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. 

ഷംന കോളക്കോടന്‍​: രാത്രി എങ്ങനെ പെണ്ണിന്റെ ശത്രുവായി?

മഞ്ജു വര്‍ഗീസ്കൊത്തിപ്പറിക്കുന്ന കണ്ണുകളുടെ രാത്രി

ജില്‍ന ജന്നത്ത് കെ.വി: പാതിരാവില്‍ ഒരു സ്ത്രീ!

ആമി അലവി: എന്റെ പെണ്ണുങ്ങളേ, ചില  രാവോര്‍മ്മകള്‍ നമുക്കും വേണ്ടേ?

അര്‍ഷിക സുരേഷ്: ഒറ്റയ്‌ക്കൊരു രാത്രി!

സന്ധ്യ എല്‍ ശശിധരന്‍: സേഫ്റ്റി പിന്‍ എന്ന ആയുധം!

ആനി പാലിയത്ത്: അല്ല പെണ്ണുങ്ങളേ, നിങ്ങളെന്തിനാണ് രാത്രികളെ ഭയക്കുന്നത്?

ദീപ പ്രവീണ്‍: സ്ത്രീകള്‍ രാത്രികളെ ഭയക്കുന്നത് ഇക്കാരണങ്ങളാലാണ്!

രാധികാ മേനോന്‍: 'എനിക്ക് അടുത്ത ജന്‍മത്തില്‍ ആണ്‍കുട്ടിയാവണം'

ശരണ്യ മുകുന്ദന്‍: പകലിനെക്കാള്‍ ഇന്നെനിക്ക് ഇഷ്ടം രാത്രികളെ!

ദീപ്തി പ്രശാന്ത്: ബാംഗ്ലൂരിലെ പെണ്‍രാവുകള്‍!
 

Follow Us:
Download App:
  • android
  • ios