magazine
By ബാലന്‍ തളിയില്‍ | 04:17 PM September 28, 2017
ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

Highlights

  • ദേശാന്തരത്തില്‍ ബാലന്‍ തളിയില്‍

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്

നഗരത്തില്‍ മഴക്കാലമെത്തിയാല്‍ നഗരവാസികള്‍ക്ക് ഉത്സവകാലമാണ്. നേരവും സമയവും നോക്കാതെ ആണും പെണ്ണും മഴനനയാന്‍ തെരുവിലേക്കിറങ്ങും. മഴ പെയ്തുപെയ്ത് തടാകമായി കിടക്കുന്ന റോഡിലൂടെ വെള്ളം തെറ്റിച്ചുപായുന്ന വാഹനങ്ങള്‍ക്ക് പിറകിലായി തിരമാലകള്‍ ഉയരും. റോഡരികില്‍ മഴനനയാന്‍ വന്നുനില്‍ക്കുന്ന ആളുകളെ കുളിപ്പിച്ച് ആ തിരമാലകള്‍ ബസ്സുകള്‍ക്കു പിറകില്‍ മതിലുപോലെ ഉയര്‍ന്നു നില്‍ക്കും. വാഹനങ്ങള്‍ റോഡിലെ ഉയര്‍ന്ന തലത്തിലെത്തുമ്പോള്‍ തോറ്റുപോയ ഓട്ടക്കാരനെപ്പോലെ തിരമാലകള്‍ ശൗര്യം ചോര്‍ന്ന് തളര്‍ന്നു വീഴും.

ഇടമുറിയാതെ പെയ്യുന്ന മഴക്കാലം നഗരത്തെ മരവിപ്പില്‍ നിര്‍ത്തും. താഴ്ന്ന ഇടങ്ങളിലൊക്കെ വെള്ളം കേറി നഗരം നിശ്ചലമാവുന്നത് കണ്ട് ജനങ്ങള്‍ തങ്ങളുടെ ഫ്‌ളാറ്റുകളുടെ കിളിവാതിലുകളിലൂടെ താഴേക്ക് നോക്കി നെടുവീര്‍പ്പിടും. സബര്‍ബന്‍ ട്രെയിനുകളും ട്രാര്‍സ്‌പോര്‍ട്ട് ബസുകളും എത്തിയേടത്ത് ആളുകളെ ഇറക്കിവിട്ട് മഴനനഞ്ഞ് കിടക്കും. ദൂരെ എത്തേണ്ട യാത്രക്കാര്‍ പാതിമുങ്ങിയ തീവണ്ടികളില്‍ പുറത്തിറങ്ങാനാവാതെ നിശ്ശബ്ദരായി മഴയിലേക്ക് നോക്കി, നിന്നും ഇരുന്നും രണ്ടും മൂന്നും ദിവസങ്ങള്‍ കഴിച്ചുകൂട്ടും. വിവരമറിഞ്ഞെത്തുന്ന സാമൂഹ്യപ്രവര്‍ത്തകര്‍ നിസ്സഹായരായ ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് നല്‍കാന്‍ പാവ് ഭാജിയും ചായയുമായി നിരന്തരം വന്നുംപോയും കൊണ്ടിരിക്കും. നിര്‍ത്താതെ പെയ്യുന്ന മഴ ആരെയോ തോല്‍പ്പിക്കാനായി വാശിപിടിക്കും. മഴയ്ക്ക് ചെയ്തുതീര്‍ക്കാനുള്ളതെല്ലാം മഴ മടിയില്ലാതെ ചെയ്തുകൊണ്ടിരിക്കും.

അപ്പോഴായിരിക്കും മഴയില്‍ നനഞ്ഞ് ചൂടുപറ്റാന്‍ ഇടംനോക്കിനോക്കി ഒരു തെരുവുനായ ഓടിവരിക

എന്നാല്‍ മഴയില്‍ പരിഭവം കേള്‍ക്കാനാളില്ലാതെ തോറ്റുപോകുന്ന ചിലരുണ്ട്. ഊണും ഉറക്കവും ജീവിതവും തെരുവിന് സമര്‍പ്പിച്ചു പോയ ജീവിതങ്ങള്‍. ഇടമുറിയാതെ പെയ്യുന്ന മഴയിലേക്ക് നോക്കി ഫ്‌ളൈ ഓവറുകള്‍ക്ക് കീഴിലോ പൈപ്പുകള്‍ക്കുള്ളിലോ കടവരാന്തയുടെ ഇത്തിരിയിടത്തിലോ കുന്തിച്ചിരുന്ന് അനന്തമായ ഭാവിയിലേക്ക് നോക്കി ദിവസങ്ങളോളം ഇരിക്കാന്‍ വിധിച്ചവര്‍.  അപ്പോഴായിരിക്കും മഴയില്‍ നനഞ്ഞ് ചൂടുപറ്റാന്‍ ഇടംനോക്കിനോക്കി ഒരു തെരുവുനായ ഓടിവരിക. കനിവുതോന്നി അടുത്തുവിളിച്ചാല്‍ ചിരപരിചിതനെപ്പോലെ അവന്‍ പരമസാധുവായി ചേര്‍ന്നുനില്ക്കും. പിന്നെ സ്വബോധമില്ലാത്ത ആ ചങ്ങാതി തന്റെ ശരീരം ഒറ്റ കുടച്ചിലാണ്. അഭയം നല്‍കിയവനെ അതേ ഞൊടിയില്‍ അവന്‍ നനച്ചുകളയും. തെരുവുപട്ടിയും മനുഷ്യനും ഒരേ നിലയില്‍ തണുത്തുവിറക്കുന്നത് മഴ കൗതുകത്തോടെ കാണും, കളിയാക്കും.

മഴമാറി വെയിലുകാഞ്ഞ് തെരുവുണങ്ങിയാല്‍ ഇക്കണ്ട ഉറക്കങ്ങളൊക്കെ രാവും പകലും അവന്‍ ഉറങ്ങിത്തീര്‍ക്കും.

പേരിനുമാത്രം പോന്ന ശമ്പളത്തില്‍ ജോലിചെയ്യുന്ന അനവധി ഹതഭാഗ്യര്‍ക്കും ഈ തെരുവുതന്നെയാണ് ഉറങ്ങാനും ഉറക്കത്തില്‍ നിശ്ചയമില്ലാത്ത അത്രയും സ്വപ്‌നങ്ങള്‍ കാണാനുമുള്ള ഇടം. ഭേദപ്പെട്ട ജീവിതം നയിച്ച് തങ്ങള്‍ക്കു മുന്നിലൂടെ വഴിനടന്നു പോകുന്ന, വീടും ജോലിയും സകലമാന സൗകര്യങ്ങളുമുള്ള വലിയ മനുഷ്യരെ തെരുവുജീവികള്‍ 'സാബ്' എന്നുമാത്രം വിളിച്ചു ശീലിച്ചു. അവരുടെ നന്‍മകളെ തൊഴുതുകൊണ്ട് സ്വീകരിച്ചു. ചിലരുടെ ആട്ടും തുപ്പും നിസ്സഹായതയോടെ സഹിച്ചുപോന്നു.

വണ്ടിയില്‍ കുത്തിനിറച്ച ഈ 'ഭീകരരില്‍' എന്തൊക്കെ കുറ്റങ്ങളാവും ചാര്‍ത്തപ്പെടുകയെന്നു നാളെ അറിയാം

മഴ നിലച്ച്, തെരുവുകള്‍ ഉണങ്ങി, പഴയജീവിതത്തിലേക്ക് മടങ്ങി, നിരനിരയായുറങ്ങുന്ന ഒരു പാതിരാവിലാണ് വാഹനങ്ങള്‍  വന്നുനില്‍ക്കുന്ന ഒച്ചയും ഒപ്പം തെറിവിളിയിലും ലാത്തിയടിയില്‍ പുളഞ്ഞും ഉറക്കം ഞെട്ടുന്നത്. എന്നും അന്തിയുറങ്ങാനുള്ള കാര്‍ഡ്‌ബോര്‍ഡും കാലിച്ചാക്കും മാറ്റിവെക്കാന്‍  അനുവദിക്കാതെ പോലീസുകാര്‍ തൂക്കിയെടുത്ത് വണ്ടിക്കുള്ളിലേക്ക് എറിയുന്നത്. അപ്പോഴാണ് അതൊരു മാസാവസാനത്തെ  ശനിയാഴ്ചയാണല്ലോ എന്നും പോലീസുകാര്‍ക്ക് കണക്കില്‍ കാണിക്കാന്‍ കുറേ 'കുറ്റവാളികളെ' പിടിച്ചു കൊണ്ടുപോകേണ്ട ദിവസമാണല്ലോ എന്നും ഓര്‍മ്മവരിക. ലഹരിയുടെയും പട്ടിണിയുടെയും തളര്‍ച്ചയില്‍ മയങ്ങുന്ന എനിക്ക് അക്കാലത്ത് എവിടെ വീണാലും അവിടം വിഷ്ണുലോകമായിരുന്നു.

വണ്ടിയില്‍ കുത്തിനിറച്ച ഈ 'ഭീകരരില്‍' എന്തൊക്കെ കുറ്റങ്ങളാവും ചാര്‍ത്തപ്പെടുകയെന്നു നാളെ അറിയാം. കളവ്, ചരസ് വില്‍പ്പന, കള്ളവാറ്റ്, മട്ക്ക, തല്ലുകേസ്, കൊലപാതകം അങ്ങനെ എന്തുമാകാം. പോലീസുകാര്‍ക്ക് 'ഹഫ്ത' കൊടുത്ത് കേസുകളില്‍ നിന്നും തലയൂരുന്ന എത്രയോ കുറ്റവാളികളുടെ കഥകള്‍ പറയാനുണ്ടാകും ഓരോ തെരുവിനും. ദാദാമാരെ രക്ഷപ്പെടുത്തെണ്ടത് പൊലീസുകാരന്റെ കടമയാണ്. ഇല്ലെങ്കില്‍ അവനു നാളെ എതങ്കിലും അഴുക്കുചാലിലോ നടുറോട്ടിലോ കിടന്ന് പിടയേണ്ടിവരും. എഴുതപ്പെട്ട നിയമം പോലെയാണത്. പാലിക്കപ്പെടും! വിധിക്കപ്പെടും! അതിനാല്‍ ദാദാക്കന്മാരുടെ  കുറ്റങ്ങളൊക്കെ ഇക്കാണുന്ന പലര്‍ക്കും ചാര്‍ത്തിക്കൊടുത്തെ പറ്റൂ.

പ്രിയരേ, എഴുപതുകളിലെ ബോംബയെ പരിചയമുള്ളവര്‍ ഇതൊന്നും കെട്ടുകഥയാണെന്ന് പറയില്ല. 'ആടുജീവിത'ത്തില്‍ ബന്യാമിന്‍ സൂചിപ്പിച്ചപോലെ അനുഭവമില്ലാത്തവര്‍ക്കു അങ്ങിനെ തോന്നുമെങ്കിലും.

പരിചയിച്ചുപോയ ഒരു ലോകത്തിനു പകരം വെക്കാന്‍ മറ്റൊന്നിനു എളുപ്പം കഴിയില്ലെന്ന ഒരു പാവം മനസ്സിന്റെ ധാരണയാവാം, മുംബൈ എന്ന വാക്ക് ഇന്നും നാവിനു വഴങ്ങാറില്ല. അതിനാല്‍ എനിക്കിപ്പോഴും ആ നഗരം പഴയ ബോംബെ തന്നെ. അനുഭവങ്ങളുടെ മഹാപ്രവാഹത്തില്‍ കുളിച്ചു നില്‍ക്കാന്‍ തോന്നുമ്പോള്‍, കരയണമെന്ന് തോന്നുമ്പോള്‍ മനസ്സിന് ഇറങ്ങിപ്പോകാനുള്ള ഒറ്റവഴിയാണത്. ഗതിമുട്ടിയപ്പോള്‍ അന്നവും അഭയവും നല്‍കിയ അമ്മവീടാണത്. അതിനാലാവണം ബോംബെയില്‍ എന്ത് അതിക്രമങ്ങള്‍ നടക്കുമ്പോഴും മനസ്സില്‍ മുറിവ് വീഴുന്നത്. പകരം വെക്കാനില്ലാത്ത ഒരാത്മബന്ധത്താല്‍ നോവുതോന്നുന്നത്. 

എഴുപതുകളിലെ ബോംബയെ പരിചയമുള്ളവര്‍ ഇതൊന്നും കെട്ടുകഥയാണെന്ന് പറയില്ല.

ഓരോ ഗല്ലികളും ഓരോ ദാദകള്‍ക്കുള്ളതാണ്. അവിടെ ആരുജീവിക്കണം ആരുവാഴണം എന്ന് തീരുമാനിക്കുന്നത് അവരാണ്. നിയമം എന്നാല്‍ എഴുതപ്പെടാതെ പോയ ഒരു പ്രതീക്ഷയും.

ബസ്സുകളില്‍ കുത്തിനിറച്ച ഞങ്ങളെ രായ്ക്കുരാമാനം പോലീസുകാര്‍ ഡോംഗ്രി പോലീസ് സ്റ്റേഷനിലെത്തിച്ചു.  അതിന്റെ പരിധിയില്‍ വരുന്ന തെരുവുകളില്‍ നിന്നൊക്കെ പിടിച്ചുകൊണ്ടുവന്ന ആയിരക്കണക്കായ അനാഥരെക്കൊണ്ട് പരിസരം നിറഞ്ഞിരുന്നു. പേരും വയസ്സും മേല്‍വിലാസവും വാങ്ങുമ്പോള്‍ വേവലാതിയായി. അകലെയൊരു നാട്ടില്‍ ഈ പാതിരാത്രിയില്‍ ഒരു മകന്‍ എങ്ങനെ കഴിയുന്നു എന്നറിയാതെ ഉറങ്ങുന്ന ഒരമ്മയേയും വീടിനെയും ഓര്‍ത്തുപൊയി.

ഡോംഗ്രിയിലെ ലോക്കപ്പ് ബോംബെയിലെ പേരുകേട്ട ദാദമാരെ കൊണ്ടു നിറഞ്ഞിരുന്നു. സൗകര്യത്തിനു ഇരിക്കാനും  ഉറങ്ങാനും ഉള്ള ഇടങ്ങളൊക്കെ അവര്‍ കയ്യടക്കിയിരുന്നു. ബഹളവും ലഹരിയും തെറിവിളിയും കൊണ്ടു പേടിതോന്നിപ്പിക്കുന്നുണ്ടായിരുന്നു. ആ രാത്രിയിലാണ് കരീം ലാലയുടെ അനുയായിയെ പുലരുവോളം മസാജ് ചെയ്തുകൊടുത്തു ഉറങ്ങാതെ കിടക്കേണ്ടിവന്നതും.

കോടതി അവധിയുള്ള ഞായറാഴ്ച കഴിഞ്ഞു പിറ്റേന്ന് എല്ലാവരും കുര്‍ള കോടതിയിലേക്ക്. പിഴയടക്കാന്‍ 100 രൂപയുണ്ടങ്കില്‍ പുറത്തിറങ്ങാം. ഇല്ലെങ്കില്‍ 14 ദിവസം ജയില്‍. നാട്ടിലെ കൂട്ടുകാരന്‍ അയച്ചു തന്ന ഒരു ഇന്‍ലണ്ട് മാത്രമുണ്ട് കീശയില്‍. നേരെ അര്‍തര്‍ റോഡ് ജയിലേക്ക്. അവിടെ 14 ദിവസം. ആ  ദിവസങ്ങളിലെ ഭയവും വേവലാതിയും രേഖപ്പെടുത്താന്‍ എനിക്കിപ്പോള്‍ മനക്കരുത്തില്ല. 

ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ പോലീസുകന്റെ വക നടയടിയുണ്ട്. ചിലരെ കഴുത്തിന് പിടിച്ചു തള്ളും. ചിലരെ പുറംകാലുകൊണ്ട് തൊഴിക്കും. എന്നാലും അത് സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു ചിത്രശലഭത്തിന്റെ പറന്നുപോകലാണ്.

പീര്‍ഖാന്‍ തെരുവിലെത്തിയപ്പൊള്‍ എങ്ങു പോകണം എന്നൊരു പിടിയും കിട്ടിയില്ല. മനസിലെ ഭാരമൊന്നിറക്കി വെക്കണം. വിശ്വാസിയല്ല, എന്നാലും ആത്മീയമായ ഒരിടം അനിവാര്യമാണ്. മാട്ടുംഗ 'കൊച്ചു ഗുരുവായൂരില്‍' ചെന്നാല്‍ കീര്‍ത്തനങ്ങള്‍ കേട്ടിരിക്കാം. ബൈക്കുളയില്‍ നിന്നും അവിടെയെത്താന്‍ വണ്ടിക്കൂലി വേണം. അതില്ല.  52 രൂപ കീശയില്‍ ഇട്ട് ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ചുറ്റിക്കണ്ട ഒരാള്‍ക്കു മാട്ടുംഗ ഒരു ദൂരമേ അല്ല. കുശാഗ്രബുധികളായ ടിക്കറ്റ് എക്‌സാമിനറുടെ കണ്ണുവെട്ടിക്കാനുള്ള വിരുതുമതി.

ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ പോലീസുകന്റെ വക നടയടിയുണ്ട്.

മാട്ടുംഗറോഡില്‍ ഇറങ്ങി ജൈനക്ഷേത്രത്തിനു മുന്നിലെത്തിയപ്പോള്‍ പതിവില്ലാത്ത നിര, ആള്‍ക്കൂട്ടം. കസവിലും പട്ടിലും മുല്ലമാലയിലും ചന്ദനക്കുറിയിലും നിറഞ്ഞ് ആണും പെണ്ണും. നോക്കിയപ്പോള്‍ എല്ലാവരും മലയാളികള്‍. പെട്ടന്ന് ഒരു ഉള്‍വിളിയുണ്ടായി. 'ഇന്ന് ഓണമാണ്' 

എന്നാലും സംശയം. ചവിട്ടുവണ്ടിയില്‍ ഇഡലിയും വടയും വില്ക്കുന്ന ഒരു തമിഴ് പയ്യനാണ് പറഞ്ഞത്, 'ആമാമാ ഇന്നേക്ക് താന്‍ ഓണം' എന്ന്.

ക്ഷേത്രത്തിലേക്ക് കയറാതെ തിരികെ റയില്‍വെ സ്റ്റേഷനിലേക്ക് വരുമ്പോള്‍ സ്വന്തം ശരീരത്തിലേക്ക് നോക്കി. സങ്കടം വന്നു. 

എന്നിട്ടും, ഓണമാണല്ലോ എന്ന അറിവില്‍ മനസ് ആഹ്ലാദിച്ചു കൊണ്ടിരുന്നു...

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...
 

Show Full Article


Recommended


bottom right ad