140 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ലങ്കക്ക് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ കുശാല്‍ മെന്‍ഡിസിനെ(3) നഷ്ടമായി, മുസ്തഫിസുര്‍ റഹ്മാനാണ് ബംഗ്ലാദേശിന് പ്രതീക്ഷ നല്‍കിയത്.

അബുദാബി: ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് അനായാസ ജയം. ആദ്യം ബാറ്റ് ചെയ്ത് ബംഗ്ലാദേശ് ഉയര്‍ത്തിയ 140 റണ്‍സ് വിജയലക്ഷ്യം ശ്രീലങ്ക നാലു വിക്കറ്റ് നഷ്ടത്തില്‍ 33 പന്ത് ബാക്കി നിര്‍ത്തി ലങ്ക മറികടന്നു. 33 പന്തില്‍ 50 റണ്‍സെടുത്ത ഓപ്പണര്‍ പാതും നിസങ്കയാണ് ലങ്കയുടെ ജയം അനായാസമാക്കിയത്. കാമില്‍ മിഷാര 32 പന്തില്‍ 46 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ക്യാപ്റ്റൻ ചരിത് അസലങ്ക 4 പന്തില്‍ 10 റണ്‍സുമായി വിജയത്തില്‍ കൂട്ടായി. സ്കോര്‍ ബംഗ്ലാദേശ് 20 ഓവറില്‍ 139-5, ശ്രീലങ്ക 14.4 ഓവറില്‍ 140-4.

140 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ലങ്കക്ക് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ കുശാല്‍ മെന്‍ഡിസിനെ(3) നഷ്ടമായി, മുസ്തഫിസുര്‍ റഹ്മാനാണ് ബംഗ്ലാദേശിന് പ്രതീക്ഷ നല്‍കിയത്. എന്നാല്‍ പിന്നീട് കൈവിട്ട ക്യാച്ചുകളിലൂടെ അവസരങ്ങള്‍ നഷ്ടമാക്കിയ ബംഗ്ലാദേശിനെ പാതും നിസങ്ക പ്രഹരിച്ചു. രണ്ടാം വിക്കറ്റില്‍ തകര്‍ത്തടിച്ച നിസങ്ക-മിഷാര സഖ്യം 95 റണ്‍സടിച്ച് ലങ്കയെ വിജയത്തിന് അടുത്തെത്തിച്ചു. ലങ്കന്‍ സ്കോര്‍ 100 കടന്നതിന് പിന്നാലെ അര്‍ധസെഞ്ചുറി നേടിയ നിസങ്കയെ മെഹ്ദി ഹസൻ മടക്കിയെങ്കിലും വൈകിപ്പോയിരുന്നു. അടി തുടര്‍ന്ന മിഷാര ലങ്കയുടെ ജയം അനായാസമാക്കി ലക്ഷ്യം കണ്ടു. വിജയത്തിനരികെ കുശാല്‍ പെരേരയെയും(9), ദാസുന്‍ ഷനകയെയും(1) നഷ്ടമായെങ്കിലും ആശങ്കയില്ലാതെ അസലങ്ക ജയം അനായാസമാക്കി. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് ഹോങ്കോംഗിനെ ഏഴ് വിക്കറ്റിന് തോല്‍പിച്ചിരുന്നു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലദേശിന് സ്കോര്‍ ബോര്‍ഡില്‍ റണ്ണെത്തും മുമ്പെ രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും ഷമീം ഹൊസൈന്‍റെയും ജേക്കര്‍ അലിയുടെയും ക്യാപ്റ്റൻ ലിറ്റണ്‍ ദാസിന്‍റെയും ചെറുത്തുനില്‍പ്പാണ് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 139 റണ്‍സെടുത്തത്. 42 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ഷമീം ഹൊസൈനാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോറര്‍. ജേക്കര്‍ അലി പുറത്താവാതെ 41 റണ്‍സടിച്ചു. ശ്രീലങ്കക്ക് വേണ്ടി വാനിന്ദു ഹസരങ്ക രണ്ട് വിക്കറ്റെടുത്തു.

ബംഗ്ലാദേശിനെ ഞെട്ടിച്ചാണ് ശ്രീലങ്ക തുടങ്ങിയത്. ആദ്യ ഓവറിലെ അവസാന പന്തില്‍ സ്കോര്‍ ബോര്‍ഡില്‍ റണ്ണെത്തും മുമ്പെ തൻസിദ് ഹസന്‍ തമീമിനെ നുവാന്‍ തുഷാര ക്ലീന്‍ ബൗള്‍ഡാക്കി. സ്കോര്‍ ബോര്‍ഡ് തുറക്കും മുമ്പ് രണ്ടാം ഓവറില്‍ പര്‍വേസ് ഹൊസൈനും മടങ്ങി. ചമീരക്കായിരുന്നു വിക്കറ്റ്. ഇതോടെ 0-2എന്ന നിലയില്‍ തകര്‍ന്ന ബംഗ്ലാദേശിന് സ്കോര്‍ 11ല്‍ നില്‍ത്ത് തൗഹി ദ് ഹൃദോയിയെയും(8) നഷ്ടമായി. പവര്‍ പ്ലേക്ക് പിന്നാലെ മെഹ്ദി ഹസനെ(9) മടക്കി വാനിന്ദു ഹസരങ്ക ബംഗ്ലാദേശിനെ 38-4ലേക്ക് തള്ളിയിട്ട് കൂട്ട തകര്‍ച്ചയിലാക്കി. സ്കോര്‍ 50 കടന്നതിന് പിന്നാലെ ക്യാപ്റ്റന്‍ ലിറ്റണ്‍ ദാസും(26 പന്തില്‍ 28) ഹസരങ്കയുടെ സ്പിന്നിന് മുന്നില്‍ വീണു. പിരിയാത്ത ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും 61 പന്തില്‍ 86 റണ്‍സടിച്ചു. ശ്രീലങ്കക്കായി നാലോവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി നുവാന്‍ ചമീരയും നുവാന്‍ തുഷാരയും ഓരോ വിക്കറ്റെടുത്തപ്പോള്‍ ഹസരങ്ക രണ്ട് വിക്കറ്റെടുത്തു. നാലോവറില്‍ 42 റണ്‍സ് വഴങ്ങിയ പതിരാന നിരാശപ്പെടുത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക