ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ന് ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ഓസ്ട്രേലിയ ജയിച്ചാൽ കിരീടം നിലനിർത്തുന്ന ആദ്യ ടീമാകും, ദക്ഷിണാഫ്രിക്ക ജയിച്ചാൽ 27 വർഷത്തിനു ശേഷം ആദ്യ ഐസിസി കിരീടം നേടും.
ലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇന്ന് ലോര്‍ഡ്സില്‍ തുടക്കമാകുകയാണ്. നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയയും ചാമ്പ്യൻഷിപ്പ് സൈക്കിളില്‍ പോയന്‍റ് പട്ടികയില്‍ ഇന്ത്യയെയും ഓസ്ട്രേലിയയെയും മറികടന്ന് ഒന്നാമതെത്തിയ ദക്ഷിണാഫ്രിക്കയുമാണ് കലാശപ്പോരില്‍ ഏറ്റുമുട്ടുന്നത്.
ഓസീസ് ജയിച്ചാല്‍ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നിലനിര്‍ത്തുന്ന ആദ്യ ടീമാകും. മറിച്ച് ദക്ഷിണാഫ്രിക്ക ജയിച്ചാല്‍ 27 വര്‍ഷത്തിനുശേഷം ആദ്യ ഐസിസി കീരിടത്തില്‍ ദക്ഷിണാഫ്രിക്ക മുത്തമിടും. മഴ സാധ്യത കണക്കിലെടുത്ത് മത്സരത്തിന് ഒരു ദിവസം റിസര്‍വ് ദിനമുണ്ട്. മഴയോ പ്രതികൂല കാലാവസ്ഥയോ താരണം അഞ്ച് ദിവസത്തിനുള്ളില്‍ നിശ്ചിത ഓവറുകള്‍ പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ ആറാം ദിവസം മത്സരം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും.
എന്നാല്‍ ഇത് മത്സരത്തിന് ഫലം കണ്ടെത്താനായിരിക്കില്ല. നഷ്ടപ്പെട്ട ഓവറുകള്‍ തീര്‍ക്കുന്നതിന് വേണ്ടി മാത്രമായിരിക്കും റിസര്‍വ് ദിനം. 2021ലെ ആദ്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടിയപ്പോള്‍ മഴ പലതവണ വില്ലനായിരുന്നു. അന്ന് റിസര്‍വ് ദിനമായ ആറാം ദിനമാണ് മത്സരം പൂര്‍ത്തിയാക്കിയത്. ഇന്ത്യയെ വീഴ്ത്തി ന്യൂസിലന്‍ഡ് ജേതാക്കളായി. 2023ലെ ഫൈനലില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ റിസര്‍വ് ദിനം ഉപയോഗിക്കേണ്ടിവന്നിരുന്നില്ല.
സമനിലയായാല്‍ ആര് ജേതാക്കളാകും
മത്സരം സമനിലയാകുകയോ പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിക്കുകയോ ചെയ്താല്‍ ആരാകും ജേതാക്കളാകുക എന്ന ചോദ്യം ആരാധകര്‍ക്കുണ്ടാകും. നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയയോ പോയന്‍റ് പട്ടികയില്‍ ഒന്നാമതെത്തി ദക്ഷിണാഫ്രിക്കയോ എന്നതാണ് ചോദ്യം. എന്നാല്‍ ഫൈനല്‍ സമനിലയായല്‍ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.
ഓസ്ട്രേലിയ പ്ലേയിങ് ഇലവൻ: ഉസ്മാൻ ഖവാജ, മാർനസ് ലാബുഷെൻ, കാമറൂൺ ഗ്രീൻ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, ബ്യൂ വെബ്‌സ്റ്റർ, അലക്സ് ക്യാരി, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, ജോഷ് ഹേസൽവുഡ്.
ദക്ഷിണാഫ്രിക്കൻ പ്ലെയിങ് ഇലവൻ: ടെംബ ബാവുമ (ക്യാപ്റ്റൻ), ഏയ്ഡൻ മാർക്രം, റിയാൻ റിക്കിൾട്ടൺ, വിയാൻ മുൾഡർ, ട്രിസ്റ്റൻ സ്റ്റബ്‌സ്, ഡേവിഡ് ബെഡിംഗ്ഹാം, കൈൽ വെറിൻ, മാർക്കോ യാൻസെൻ, കേശവ് മഹാരാജ്, കഗിസോ റബാഡ, ലുങ്കി എൻഗിഡി.


